അനുസരിപ്പിക്കാൻ എളുപ്പവഴി
'നീ ഒരു വാക്കുച്ചരിച്ചാൽ മാത്രം മതി, എൻ്റെ ഭൃത്യൻ സുഖം പ്രാപിക്കും' എന്നു പറഞ്ഞ് ഭൃത്യൻ്റെ സൗഖ്യം നേടിയെടുത്ത ശതാധിപൻ്റെ വിശ്വാസമാണ് ഈ ഞായറാഴ്ചത്തെ സുവിശേഷ വായനയിൽ (മത്താ. 8/5-13) ഉയർത്തിക്കാട്ടുന്നത്. ഈ വിശ്വാസത്തെക്കുറിച്ചാണ് ഇസ്രായേലിൽ ഒരുവനിൽ പോലും ഇതുപോലൊന്ന് കണ്ടിട്ടില്ലായെന്ന് യേശു തമ്പുരാൻ പ്രഖ്യാപിക്കുന്നത്. അവൻ്റെ വസ്ത്രത്തിൻ്റെ വിളുമ്പിലെങ്ങാനും ഒന്നു തൊട്ടാൽ മതി, അവനു മനസ്സുണ്ടെങ്കിൽ മതി എന്നൊക്കെ വിശ്വസിച്ചു സൗഖ്യം നേടിയ അനേകരെ സുവിശേഷങ്ങളിൽ നാം കണ്ടുമുട്ടുന്നുണ്ട്. അവരെക്കാളുപരി ഈ ശതാധിപൻ്റെ വിശ്വാസത്തിൻ്റെ മഹത്വമെന്ത്? യേശു അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് എങ്ങിനെയെന്നു മാത്രമല്ല, അതിലൂടെ യേശു ആരെന്നും ഒരു നല്ലയളവോളം കണ്ടെത്താനിടയാകും വരെ എത്തി നില്ക്കുന്ന വിശ്വാസമാണത്. അതു തിരിച്ചറിയണമെങ്കിൽ അയാളുടെ മറുപടി മുഴുവനും വിശദമായി പരിശോധിക്കണം. 'ഞാനും അധികാരത്തിനു കീഴ്പ്പെട്ടവനാണ്. എന്‍റെ കീഴിലും പടയാളികളുണ്ട്. ഒരുവനോടു പോകുക എന്നു പറയുമ്പോള്‍ അവന്‍ പോകുന്നു. അപരനോടു വരുക എന്നുപറയുമ്പോള്‍ അവന്‍ വരുന്നു. എന്‍റെ ദാസനോട് ഇതു ചെയ്യുക എന്നുപറയുമ്പോള്‍ അവന്‍ അതു ചെയ്യുന്നു. (മത്തായി 8 : 9) ഇതാണ് അയാളുടെ വിശ്വാസത്തിൻ്റെ വ്യത്യസ്തത വ്യക്തമാക്കുന്ന ഭാഗം. താൻ അധികാരത്തിനു വിധേയപ്പെട്ടു നില്ക്കുന്നതു കൊണ്ട് തനിക്കു കിഴുള്ളവർ തനിക്കും വിധേയരായി നില്കുന്നു. യേശു അത്ഭുതം പ്രവർത്തിക്കുന്നതെങ്ങിനെയെന്ന് അയാൾ കണ്ടെത്തിയിരിക്കുന്നു. പിതാവിനെ പൂർണ്ണമായി അനുസരിക്കുന്ന പുത്രൻ ഒരു വാക്കു പറഞ്ഞാൽ മതി ഏതു ശക്തിയും വിധേയപ്പെട്ടു കൊള്ളും. ഞാൻ വന്നിരിക്കുന്നത് എൻ്റെ ഇഷ്ടം നിറവേറ്റാ നല്ല, എന്നെ അയച്ചവൻ്റെ ഇഷ്ടം നിറവേറ്റാനാണ്. പിതാവു പറയുന്നതല്ലാതെ മറ്റൊന്നും പുത്രനു പറയാനാവില്ല. പിതാവ് ചെയ്തു കാണിക്കുന്നതല്ലാതെ മറ്റൊന്നും പുത്രനു ചെയ്യാനാവില്ല. എന്നെ അയച്ചവൻ്റെ ഇഷ്ടം നിറവേറ്റുകയും അവൻ്റെ ജോലി പൂർത്തിയാക്കുകയുമാണ് എൻ്റെ ഭക്ഷണവും പാനീയവും എന്നൊക്കെ എത്രയോ തവണ യേശു പറഞ്ഞെങ്കിലും അവിടുത്തെ ശിഷ്യർക്കു പോലും എത്രത്തോളം അതു മനസ്സിലായി? ഇവിടെയാണു ശതാധിപൻ്റെ കണ്ടെത്തലിൻ്റെയും അതിനു കാരണമായ വിശ്വാസത്തിൻ്റെയും മഹത്വം വെളിവാകുന്നത്. യേശുവിൻ്റെ ഇത്തരം പ്രവർത്തനങ്ങളുടെ പൊരുളും അയാൾ ഗ്രഹിച്ചു. പിതാവിൻ്റെ എല്ലാ ഹിതത്തിനും ആമേൻ ആയ പ്രീയ പുത്രൻ, പിതാവുമായി താദാത്മ്യപ്പെട്ട പുത്രൻ. അതാണ് യേശു എന്ന് അയാൾ തിരിച്ചറിഞ്ഞു. 'ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍.'(യോഹ.17:3) നിത്യ ജീവനെ എത്തിപ്പിടിക്കുന്ന വിശ്വാസമായിരുന്നു ശതാധിപൻ്റേത്.മഴയെ വിലക്കാനും കാറ്റിനെയും കടലിനെയും ശാസിച്ചൊതുക്കാനും മരിച്ചവരെ ഉയിർപ്പിക്കാനും മാത്രമല്ല സകലതിനെയും സകലരെയും വിധേയരാക്കാനും നമുക്കു നല്ല താല്പര്യമുണ്ട്. നമ്മുടെ പ്രശ്നം ദൈവമുൾപ്പെടെ ആർക്കും വിധേയപ്പെടാൻ നാം ഇഷ്ടപ്പെടുന്നില്ല എന്നിടത്താണ്. പത്തു പതിനഞ്ചു വർഷങ്ങൾക്കു മുമ്പാണ്. സീറോ മലബാർ സഭയിലെ ആരാധനാക്രമ വിവാദത്തെ കുറിച്ചു സംസാരിക്കുന്നതിനിടയിൽ ഒരു വൈദികൻ എന്നോട് ഒരു പരിഹാരം നിർദ്ദേശിച്ചു. "കുർബാനയർപ്പിക്കുന്ന വൈദീകന് ഇഷ്ടമുള്ളിടത്തേക്കു തിരിഞ്ഞു നില്ക്കാൻ അനുവദിച്ചാൽ തീരാനുള്ള പ്രശ്നമല്ലേയുള്ളു ഇതിൽ." ഞാൻ പറഞ്ഞു: "നല്ല പ്രായോഗികമായ നിർദ്ദേശം. അപ്പോൾ അച്ചൻ്റെ കുർബാനയിൽ സംബന്ധിക്കുന്ന ഞങ്ങൾക്ക് ഓരോരുത്തർക്കും ഇഷ്ടമുള്ളിടത്തേക്കു തിരിഞ്ഞു നില്ക്കാമായിരിക്കുമല്ലോ, അല്ലേ?" നമ്മുടെയൊക്കെ കുടുംബങ്ങളിൽ മക്കൾ അനുസരണയില്ലാത്തവരാണ് എന്നു പരാതിപ്പെടുന്ന മാതാപിതാക്കൾ മുതൽ സമൂഹത്തിൽ മറ്റുള്ളവരുടെ അനുസരണം പ്രതീക്ഷിക്കുന്ന അധികാരശ്രേണിയിലുള്ള എല്ലാവരും ഒന്നു ആത്മശോധന ചെയ്തിരുന്നെങ്കിൽ - ഞാൻ എൻ്റെ അധികാരികൾക്ക് എത്രത്തോളം വിധേയരാണ് എന്ന്. അതെ, ആ ശതാധിപൻ കണ്ടെത്തിയ രഹസ്യം ഒന്നു തിരിച്ചറിഞ്ഞിരുന്നെങ്കിൽ!
ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക. മറ്റുള്ളവരും അറിയട്ടെ.
പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക
Comments
Post a Comment