മുന്നേ അറിയുന്നവർ

 മുന്നേ അറിയുന്നവർ
 
ദനഹയിലെ പൊതു വെളിപാടിനു മുമ്പേ
രക്ഷകനെ വെളിപ്പെട്ടു കിട്ടിയ രണ്ടു പേരെ ഈ ഞായറാഴ്ചത്തെ സുവിശേഷ വായന(ലൂക്ക 2/22-28)യിൽ നാം കണ്ടുമുട്ടുന്നു - ശിമയോനും അന്നയും.  രക്ഷകനെ കണ്ടിട്ടു മരിച്ചാലും വേണ്ടില്ലായിരുന്നു എന്ന വിധത്തിൽ ഉൽക്കടമായി കാത്തിരുന്നയാളായിരുന്നു ശിമയോൻ.  രക്ഷകനെ കാണാതെ മരിക്കില്ല എന്ന വാഗ്ദാനവും പ്രാപിച്ചിരുന്നു, അയാൾ. ശിശുവിനെ കണ്ടപ്പോൾ അതു രക്ഷകനാണെന്ന് അയാൾ തിരിച്ചറിഞ്ഞു.  കർത്താവിൻ്റെ പാദത്തിങ്കലിരുന്ന് അവിടുത്തെ ശ്രദ്ധയോടെ ശ്രവിച്ച ബഥാനിയയിലെ മറിയത്തെ പോലെ, നല്ല ഭാഗം തിരഞ്ഞെടുത്തവളായിരുന്നു അന്ന. അവൾക്കും കിട്ടി വെളിപ്പെടുത്തൽ. ഇവരെ കൂടാതെ ആട്ടിടയർക്കും കിഴക്കു നിന്നെത്തിയ ജ്ഞാനികൾക്കും ആ ഭാഗ്യം ലഭിച്ചിരുന്നു.  ഉള്ള അറിവു മുഴുവൻ ഉപയോഗിച്ച് ദൈവത്തെ തേടിയവരായിരുന്നു ജ്ഞാനികൾ.  അവരുടെ അറിവും സിദ്ധികളും ദൈവ മുമ്പിൽ അടിയറ വയ്ക്കാൻ തയ്യാറായപ്പോൾ അവർ ശിശുവിനെ കണ്ടെത്തി, സ്വബുദ്ധിയിൽ ആശ്രയിച്ചതു മൂലം, മന:പൂർവ്വമല്ലെങ്കിലും, ഒരു വൻ ദുരന്തം അവർ ക്ഷണിച്ചു വരുത്തിയെങ്കിലും.  നിയമമറിയായ്കയാൽ ശപിക്കപ്പെട്ടവരായി അറിവുള്ളവർ അവരെ കണക്കാക്കിയിരുന്നെങ്കിലും, നിഷ്കളങ്കമാനസരായിരുന്ന ആട്ടിടയരെ  തേടി സുവിശേഷം എത്തി.  ഒന്നല്ല, രണ്ടു പ്രധാന പുരോഹിതരും  അനേകം മറ്റു പുരോഹിതരും നിയമജ്ഞ (Doctors of Law) രും വള്ളി പുള്ളി വിടാതെ നിയമാനുഷ്ഠാനം നടത്തിയിരുന്ന ഫരിസേയരും ഉണ്ടായിരുന്നപ്പോഴാണ് ഇതു സംഭവിച്ചതെന്നോർക്കുക.  അല്ലെങ്കിലും സ്വർഗ്ഗത്തിൻ്റെ സ്വഭാവം അങ്ങിനെയായിരുന്നു എന്നല്ല അങ്ങിനെയാണ് എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.  ലൂർദ്ദിൽ മാതാവു പ്രത്യക്ഷപ്പെട്ട ബർണ്ണദീത്താ എന്ന പതിനാലുകാരി വിചാരണയിൽ നേരിടേണ്ടി വന്ന ഒരു ചോദ്യം ഇതായിരുന്നല്ലൊ: മെത്രാനും മറ്റുള്ളവരും ഇവിടെയുള്ളപ്പോൾ പ. മറിയം നിനക്കു പ്രത്യക്ഷപ്പെടാനുള്ള കാരണമെന്ത്?
ദൈവമായ കര്‍ത്താവ് തന്‍റെ ദാസരായ പ്രവാചകന്‍മാര്‍ക്കു തന്‍റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഒന്നും ചെയ്യുന്നില്ല.
(ആമോസ്‌ 3 : 7)   ദൈവത്തിൻ്റെ പ്രവൃത്തികൾ മുൻകൂട്ടി അറിയാനും അതിനായി ഒരുങ്ങാനും നാമെന്തായിരിക്കണം, എങ്ങിനെയായിരിക്കണം എന്നു ഈ നാലു കൂട്ടരിൽ നിന്നു നമുക്കു പഠിക്കാം.

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക. മറ്റുള്ളവരും അറിയട്ടെ.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക

Comments