ദൈവദാനം വിലയ്ക്കു വാങ്ങുന്നവരും വില്ക്കുന്നവരും.

 ദൈവദാനം വിലയ്ക്കു വാങ്ങുന്നവരും വില്ക്കുന്നവരും


പീലിപ്പോസ് സുവിശേഷം അറിയിച്ച് യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനപ്പെടുത്തിയവർക്ക് പരിശുദ്ധാത്മാവിനെ ലഭിക്കേണ്ടതിന് പത്രോസും യോഹന്നാനും അവരുടേ മേൽ കൈകൾ വച്ച് പ്രാർത്ഥിച്ചു.  അവർക്കു പരിശുദ്ധാത്മാവിനെ ലഭിക്കുന്നതു കണ്ടു നിന്ന മുൻ മാന്ത്രികനായ ശിമയോൻ പരിശുദ്ധാത്മാവിനെ നൽകാനുള്ള ഈ സിദ്ധി തനിക്കും തരിക എന്ന് ആവശ്യപ്പെട്ടു കൊണ്ട് പത്രോസിനു നേരേ പണക്കിഴി നീട്ടി.
പത്രോസ് പറഞ്ഞു: നിന്‍റെ വെള്ളിത്തുട്ടുകള്‍ നിന്നോടുകൂടെ നശിക്കട്ടെ! എന്തെന്നാല്‍, ദൈവത്തിന്‍റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ വ്യാമോഹിച്ചു.
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 8 : 20)
ദൈവദാനം വിലയ്ക്കു വാങ്ങാൻ ശ്രമിക്കുന്നതു് എത്ര വലിയ തെറ്റാണെന്നു ദൈവവചനം ചൂണ്ടിക്കാണിക്കുന്ന ഒരു സംഭവമാണിത്.  മുമ്പ് ദൈവത്തോടു കള്ളം പറഞ്ഞ അനനിയാസിനും സഫീറയ്ക്കും സംഭവിച്ചതു പത്രോസ് ഓർമ്മിച്ചതു കൊണ്ടായിരിക്കണം പെട്ടെന്ന് ഇതുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനാല്‍, നിന്‍റെ ഈ ദുഷ്ടതയെക്കുറിച്ചു നീ അനുതപിക്കുകയും കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഒരു പക്ഷേ, നിന്‍റെ ഈ ദുഷ്ടവിചാരത്തിനു മാപ്പു ലഭിക്കും. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 8 : 22)
കൈ വയ്പ് വഴി പരിശുദ്ധാത്മാവിനെ നല്കാനുള്ള അഭിഷേകമാണ് ശിമയോൻ വിലക്ക് വാങ്ങാൻ ശ്രമിച്ചത് എന്നതിനാൽ ഇതു പരിശുദ്ധാത്മാവിനെതിരെയുള്ള പാപമാണെന്നു പത്രോസ് തിരിച്ചറിഞ്ഞിരിക്കണം.  അതു കൊണ്ടാവണം മാപ്പു ലഭിക്കും എന്നു പറയാതെ ഒരു പക്ഷേ, മാപ്പു ലഭിക്കും എന്നു പറഞ്ഞത്.  നാം അനുഗ്രഹങ്ങൾ വിലയ്ക്കു വാങ്ങാൻ ശ്രമിക്കുമ്പോൾ അതു പരിശുദ്ധാത്മാവിനെതിരേയുള്ള പാപമായേക്കില്ല. എന്നാൽ കര്‍ത്താവിനു കൈക്കൂലി കൊടുക്കരുത്; അവിടുന്ന് സ്വീകരിക്കുകയില്ല. (പ്രഭാഷകന്‍ 35 : 14)  എന്നു മാത്രമല്ല, പരിശുദ്ധൻ, പരിശുദ്ധൻ എന്നു മാലാഖമാരാൽ നിരന്തരം പ്രകീർത്തിക്കപ്പെടുന്നവനെ നാം കൈക്കൂലിക്കാരനായി കണക്കാക്കി എന്ന കുഴപ്പവുമുണ്ട്.
എന്നാൽ ഇതുപോലെയല്ല ദൈവാനുഗ്രഹങ്ങൾ വിൽക്കുന്നവർ,  അവർ ദൈവാനുഗ്രഹങ്ങൾ കൈകാര്യം ചെയ്യാൻ നിയുക്തരെങ്കിൽ പ്രത്യേകിച്ചും. കൈക്കൂലി നൽകുന്നവൻ നീതീകരിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ട്. എന്നാൽ, കൈക്കൂലി വാങ്ങുന്നതു നീതികരിക്കപ്പെടുന്ന സന്ദർഭങ്ങൾ വിരളം. അതുപോലെ തന്നെ അനുഗ്രഹങ്ങൾ വിൽക്കപ്പെടുമ്പോഴും. ജെറുസലേം ദേവാലയത്തിൽ യേശു പുറത്താക്കിയതു കച്ചവടക്കാരെയായിരുന്നു. അല്ലാതെ വാങ്ങാൻ വന്നവരെയല്ലായിരുന്നല്ലോ. (യോഹ.2/14-16 നോക്കുക)

അനുഗ്രഹങ്ങൾക്കു വില വാങ്ങുക മാത്രമല്ല,  പണം തന്നില്ലെങ്കിൽ അനുഗ്രഹങ്ങൾ തടയപ്പെടും എന്നു പറയുന്നതിൽ ഭീഷണി കൂടി അടങ്ങിയിരിക്കുന്നു. ഇതിനെയൊക്കെ നല്ല ലക്ഷ്യം ചൂണ്ടിക്കാട്ടി ന്യായീകരിക്കാൻ ശ്രമിക്കുന്നവർ ഓർമ്മിക്കുക. വഴിയും സത്യവും ജീവനും ഞാനാണ്(യോഹന്നാന്‍ 14 : 6) എന്നു പറഞ്ഞ യേശുവിൽ ലക്ഷ്യവും മാർഗ്ഗവും ഉരുകി ഒന്നായിരിക്കുന്നു. ലക്ഷ്യത്തിനു ചേരാത്ത മാർഗ്ഗവും മാർഗ്ഗത്തിനു ചേരാത്ത ലക്ഷ്യവും സാദ്ധ്യമല്ലെന്നു സാരം. നിയുക്തർ ഇങ്ങനെ തങ്ങളുടെ നിയോഗത്തെ ദുരുപയോഗം ചെയ്യുമ്പോൾ അവരെ നിയോഗിച്ച പരിശുദ്ധാത്മാവിനെതിരെ തെറ്റു ചെയ്യുന്നു. ആദ്യത്തെ പാപ്പ പറഞ്ഞതേ അവരോടു പറയാനുള്ളു:
അതിനാല്‍, നിന്‍റെ ഈ ദുഷ്ടതയെക്കുറിച്ചു നീ അനുതപിക്കുകയും കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഒരു പക്ഷേ, നിന്‍റെ ഈ ദുഷ്ടവിചാരത്തിനു മാപ്പു ലഭിക്കും.

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക. മറ്റുള്ളവരും അറിയട്ടെ.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക

Comments