യഥാർത്ഥ ക്രിസ്തുമസ്

 യഥാർത്ഥ ക്രിസ്തുമസ്


ദൈവം മനുഷ്യരുടെ ഇടയിലേക്കിറങ്ങി വന്നു. നമുക്കതാണ് ക്രിസ്തുമസ്.  പുൽതൊട്ടിയിൽ കിടക്കുന്ന ദൈവപുത്രനെ കണ്ടെത്തലായിരുന്നു ഇടയർക്ക് ക്രിസ്തുമസ്.  
ദൂരദേശത്തു നിന്നെത്തിയ പൂജ രാജാക്കന്മാർക്ക് അവരുടെ അന്വേഷണത്തിൻ്റെ സാഫല്യമായിരുന്നു ക്രിസ്തുമസ്. 
മേരിയും ജോസഫും അല്ലാതെ ആദ്യക്രിസ്തുമസ് ഈ രണ്ടു കൂട്ടർക്കു മാത്രമായിരുന്നു.  
ക്രിസ്തുവിൻ്റെ ജനനം അറിഞ്ഞ എല്ലാവർക്കും ക്രിസ്തുമസ് ഉണ്ടായിരുന്നില്ല. 'ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും.'(മത്തായി 2 : 3) അവർക്ക് ക്രിസ്തുമസും അതിൻ്റെ സമാധാനവുമല്ല അസ്വസ്ഥതയും പരിഭ്രാന്തിയുമാണ് ആ അറിവു പകർന്നു നൽകിയത്.
ദൈവം മനുഷ്യനായത് മനുഷ്യരെ ദൈവങ്ങൾ(ദൈവമക്കൾ) ആക്കാൻ.  എന്നിട്ടു മനുഷ്യരെല്ലാം ദൈവമക്കളായോ?  'തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ (ക്രിസ്തു) കഴിവു നല്‍കി.' (യോഹന്നാന്‍ 1 : 12)  
ആ കഴിവു പരിശുദ്ധാത്മാവാണ്. കഴിവു ലഭിച്ചവരെല്ലാം ആയിത്തീരുന്നുണ്ടോ?  തെങ്ങിനെ മുളപ്പിക്കാൻ തേങ്ങയ്ക്കു കഴിവുണ്ട്. എന്നാൽ എല്ലാ തേങ്ങയും തെങ്ങാകുന്നുണ്ടോ? 
'ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്‍റെ പുത്രന്‍മാരാണ്.'(റോമാ 8 : 14)  പരിശുദ്ധാത്മാവ് ജീവിത നിയമമാകുമ്പോഴാണ് നാം ദൈവമക്കളാകുന്നത്.  അപ്പോളാണ് ക്രിസ്തുമസ് നമ്മിൽ യഥാർത്ഥ്യമാകുന്നത്.

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക. മറ്റുള്ളവരും അറിയട്ടെ.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക

Comments