ഈ യുദ്ധം ആരുടേത്?

 ഈ യുദ്ധം ആരുടേത്?



ശത്രുവിനെ സ്നേഹിക്കാൻ കല്പിച്ച ക്രിസ്തുവിൻ്റെ അനുയായികൾക്ക് ശത്രുക്കളുണ്ടാവാൻ പാടില്ലാത്തതാണ്.  സ്നേഹിക്കുന്നതോടെ ശത്രു സ്നേഹിതനാകുമല്ലോ. എന്നാൽ ക്രിസ്ത്യാനി നിരന്തരം പടവെട്ടിക്കൊണ്ടിരിക്കയാണു താനും.  ആർക്കെതിരെയാണ് ഈ യുദ്ധം?
'നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്‍റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്‍മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.' (എഫേസോസ്‌ 6:12)
മാംസവും രക്തവുമെന്നാൽ സജീവനായ മനുഷ്യൻ എന്നാണർത്ഥമാക്കുന്നത്. അല്പം കൂടി വിശാലമായ അർത്ഥത്തിലെടുത്താൽ ഭൗതീക യാഥാർത്ഥ്യങ്ങൾക്കെതിരെയല്ല  ക്രിസ്ത്യാനിയുടെ യുദ്ധം. അതൊരാത്മീയ സമരമാണ്.  അതു കൊണ്ടാണ്  'സാത്താന്‍റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്‍റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.'
(എഫേസോസ്‌ 6:11) എന്നു പറഞ്ഞിരിക്കുന്നത്.  ആ ആയുധങ്ങൾ ഏവയെന്ന് എഫേസോസ്‌ 6:14-17 ൽ വിശദമാക്കുന്നുണ്ടു താനും.  പ്രശ്നമതല്ല.  ഈ യുദ്ധത്തെ  പലപ്പോഴും ദൈവവും  സാത്താനും തമ്മിലുള്ള യുദ്ധമായി നമ്മൾ തെറ്റിദ്ധരിക്കുന്നു. നാം ദൈവത്തിൻ്റെ പക്ഷം ചേർന്ന് യുദ്ധം ചെയ്യുന്നുവെന്നും.  ദൈവവും സാത്താനും തമ്മിലുള്ള യുദ്ധം എന്ന ആശയം തന്നെ അസംബന്ധമാണ്.  യുദ്ധം താരതമ്യപ്പെടുത്താവുന്ന ശക്തികൾ തമ്മിലാണ്. ഇവിടെ ദൈവം സൃഷ്ടാവും സാത്താൻ വെറും സൃഷ്ടിയും.  അവർ തമ്മിൽ യുദ്ധം എന്നു നാം പറയുമ്പോൾ വാസ്തവത്തിൽ സാത്താൻ മഹത്വീകരിക്കപ്പെടുകയാണ്. അതു കൊണ്ട് അവൻ ആ ആശയത്തെ പ്രോത്സാഹിപ്പിക്കുകയേയുള്ളു. അങ്ങിനെ പറയുകയാണെങ്കിൽ പാപം ചെയ്യുമ്പോഴെല്ലാം ഞാൻ ദൈവത്തിനെതിരെ യുദ്ധം ചെയ്യുകയാണ് എന്നു പറയേണ്ടിവരും.  എന്നാൽ യാഥാർത്ഥ്യമെന്താണ്? മനുഷ്യനായാലും സാത്താനായാലും ദൈവത്തെ ധിക്കരിക്കുമ്പോൾ അതിൻ്റെ പരിണിത ഫലമായി ദൈവത്തിൽ നിന്നുള്ള വേർപാടിലൂടെ സ്വനാശത്തെ ക്ഷണിച്ചു വരുത്തുന്നു. സ്വന്തം സൃഷ്ടിയുടെ നാശം ദൈവസ്നേഹത്തിനു ചേരുന്നതല്ല എന്ന തലത്തിൽ മാത്രമാണ് അതു ദൈവത്തെ ബാധിക്കുന്നത്. എന്നാൽ, അതിനുള്ള സ്വാതന്ത്രൃം ദൈവം കൊടുത്തിരിക്കയാൽ ദൈവം അതു തടയുകയുമില്ല.  അപ്പോൾ തെറ്റു ചെയ്യുന്ന മനുഷ്യനും സാത്താനും ഒരേ ശൈലിയിലാണെന്നു വരുന്നു.  പിന്നെ, പടവെട്ടുന്നതിന് എന്തു പ്രസക്തി?
 പരിശോധിക്കാം.  തെറ്റു ചെയ്തു അതിൻ്റെ പരിണിത ഫലം അനുഭവിക്കുന്ന സാത്താൻ (അസൂയയാൽ) മനുഷൃനെയും അതേകുഴിയിൽ വീഴാൻ പ്രേരിപ്പിക്കുന്നു, മദ്യപാനി മദ്യം കഴിക്കാത്തവനെ അങ്ങോട്ടു വീഴിക്കാൻ നോക്കും പോലെ.  മനുഷ്യൻ ആ പ്രേരണയ്ക്കു വഴങ്ങിയപ്പോൾ ആദിപാപം ജനിച്ചു.   മുൻമദ്യപാനിയെ വീണ്ടും വീഴിക്കാൻ താരതമ്യേന എളുപ്പമാണെന്നതു പോലെ,  ഒരിക്കൽ പാപത്തിനടിമപ്പെട്ട മനുഷ്യരാശിയെ പാപത്തിലേക്കു വലിച്ചിഴയ്ക്കാൻ സാത്താനു എളുപ്പമാകുന്നു. മനുഷ്യൻ അതിനെ എതിർത്തു നില്ക്കാൻ ശ്രമിച്ചാൽ സംഘർഷം ഉടലെടുക്കും.   ഇക്കാര്യത്തെയാണ്  ഈ തിരുവചനം ചൂണ്ടിക്കാണിച്ചു തരുന്നത്.  'യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും. അതേസമയം, ദുഷ്ടരും കപടനാട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധഃപതിക്കും.' (2 തിമോ. 3:12-13)  'ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല.' (റോമാ 8:1) എന്ന വചനം കൂടി ചേർത്തു വായിക്കുമ്പോൾ കൂടുതൽ അർത്ഥ പുഷ്ടി ലഭിക്കും..  പാപമോചിതരായി ആ അവസ്ഥയിൽ പിടിച്ചു നില്ക്കാൻ ശ്രമിക്കുന്നവരും സാത്താനും തമ്മിലാണ് പടയുണ്ടാകുന്നത്.  ഈ യുദ്ധത്തിൽ, ആവശ്യപ്പെടുന്ന മനുഷ്യർക്ക് ദൈവത്തിൻ്റെ ആയുധങ്ങൾ ലഭ്യമാണ് എന്നാണ് ആദ്യഭാഗത്തു നാം കണ്ട തിരുവചനം ചൂണ്ടിക്കാണിക്കുന്നത്.  എന്നാൽ മനുഷ്യൻ്റെ സ്വാതന്ത്ര്യത്തിന്മേൽ ദൈവം കൈവയ്ക്കില്ല എന്നുകൂടി ഓർമ്മിക്കുക.

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക. മറ്റുള്ളവരും അറിയട്ടെ.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക

Comments