പൊരുൾ വിരിയും വചനം
യാത്രയ്ക്കിടയിലാണ് ഞാൻ ആ നിത്യാരാധന ചാപ്പലിൽ എത്തിയതു്. പള്ളിയുടെ തറ നിരപ്പിനു താഴെയായിരുന്നു അത്. അടുക്കലടുക്കലായി ദിശാ സൂചകങ്ങൾ ഉണ്ടായിരുന്നതിനാൽ ആരോടും വഴി ചോദിക്കാതെ തന്നെ എനിക്കു പോകാനായി. താഴേക്കു നടയിറങ്ങി ചെന്നത് ഒരു ഇരുണ്ട ഇടനാഴിയുടെ മുന്നിലേക്കാണ്. ടോർച്ചു തെളിക്കുന്നതിനായി മൊബൈൽ കയ്യിലെടുത്തു കൊണ്ട് ഞാൻ മുന്നോട്ടു നീങ്ങി. ഇടനാഴിയിലേക്കു കാലെടുത്തു വയ്ക്കുകയും അവിടെ ലൈറ്റു തെളിയുകയും ഒരുമിച്ചായിരുന്നു. അതുകൊണ്ടു ബുദ്ധിമുട്ടില്ലാതെ ചാപ്പലിൽ കയറി. എഴുന്നെള്ളിച്ചു വച്ചിരിക്കുന്ന ദിവ്യകാരുണ്യത്തിനു മുന്നിൽ ശാന്തമായി ഇരിക്കുമ്പോൾ എൻ്റെ മനസ്സിലേക്ക് ഈ ചിന്ത കടന്നു വന്നു. ഞാൻ ചാപ്പലിലേക്കു വരുകയല്ലായിരുന്നെങ്കിൽ - ഇടനാഴിയിലേക്ക് തിരിഞ്ഞിരുന്നില്ലെങ്കിൽ അവിടെ അങ്ങിനെയൊരു ലൈറ്റുണ്ടെന്നു ഞാനറിയുകയേ ഇല്ലായിരുന്നു.
ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.(റോമാ 8:28) എന്ന വചനത്തിൻ്റെ പൊരുൾ വിരിഞ്ഞു വരുമ്പോലെ. ദൈവത്തെ സ്നേഹിക്കുകയോ അവിടുത്തെ പദ്ധതിയെക്കുറിച്ച് അറിയുകയോ ചെയ്യാത്തവർക്ക് ആ നന്മ ആവശ്യമില്ല; ലഭ്യവുമല്ല. അവരതൊട്ട് അറിയുകയുമില്ല.
മറ്റൊരു ചിന്ത ഇതിനെ പിൻതുടർന്നു. എൻ്റെ ഒരു സ്നേഹിതനോട് സ്വസ്ഥമായി ഇരുന്നൊന്നു സംസാരിക്കാൻ ഇടം തേടി ഞാൻ നാളെ ഇതേ വഴി വന്ന് ഈ ഇടനാഴിയിലേക്കു തിരിഞ്ഞാൽ അപ്പോഴും ഈ ലൈറ്റു കത്തും. അങ്ങിനെ ലൈറ്റു കത്തിയതുകൊണ്ട് ഈ ചാപ്പലിൻ്റെ അധികാരികൾ ഇവിടിരുന്നു സൊള്ളാൻ ഞങ്ങളെ അനുവദിച്ചിരിക്കുന്നു എന്നർത്ഥമില്ല. അവിടെ ചുമരിൽ എഴുതി വച്ചിരിക്കുന്ന നിർദ്ദേശം ഞങ്ങൾ പാലിക്കണം: 'ഇവിടെ സംസാരം ദൈവത്തോടു മാത്രം.' കുഴപ്പമൊന്നുമുണ്ടായില്ല അല്ലെങ്കിൽ നന്മയുണ്ടായി എന്നതുകൊണ്ടു മാത്രം ഒന്ന് അനുവദനീയമാണ് എന്നു കരുതാനാവില്ല. പോലീസു പിടിച്ചില്ല, ധാരാളം പണം കിട്ടി എന്നതുകൊണ്ട് മോഷണം ദൈവം അനുവദിച്ചതാണ് എന്നു കരുതരുതല്ലോ.
'പാപം ചെയ്തിട്ട് എനിക്ക് എന്തു സംഭവിച്ചു എന്നും പറയരുത്; കര്‍ത്തൃകോപം സാവധാനമേ വരൂ.' (പ്രഭാഷകന്‍ 5:4)
ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക. മറ്റുള്ളവരും അറിയട്ടെ.
പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക
Comments
Post a Comment