രക്ഷാകരമായ മാതൃത്വം


 രക്ഷാകരമായ മാതൃത്വം


പ്രോ ലൈഫ് വേദികളിൽ പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന ഒരു വചനമാണ്
'എങ്കിലും, സ്ത്രീ വിനയത്തോടെ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും ഉറച്ചു നില്ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍  രക്ഷിക്കപ്പെടും.' (1 തിമോത്തേയോസ്‌ 2:15) കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. അതു നല്ലതു തന്നെ. എന്നാൽ ആ വചനം നൽകുന്ന സന്ദേശം അതാണെന്നോ കൂടുതൽ പ്രസവിക്കുന്നതനുസരിച്ച് രക്ഷിക്കപ്പെടാനുള്ള സാദ്ധ്യത വർദ്ധിക്കുന്നുവെന്നോ കണക്കാക്കാമോ?  നമുക്കൊന്നു പരിശോധിക്കാം.
മേലുദ്ധരിച്ചിരിക്കുന്ന വചനത്തിനു തൊട്ടുമുമ്പുള്ള രണ്ടു വചനങ്ങൾ കൂടി വായിച്ചാൽ പൗലോസ് ശ്ലീഹാ ഏദൻ തോട്ടത്തിൽ ആദ്യ സ്ത്രീ വഞ്ചിക്കപ്പെട്ട രംഗം ഉൽപത്തി പുസ്തകത്തിൽ വിവരിക്കന്നതാണ് പശ്ചാത്തലം എന്നു മനസ്സിലാക്കാം.  അങ്ങിനെയെങ്കിൽ അവിടെ ആദ്യ സ്ത്രീയ്ക്കു കിട്ടിയ രക്ഷാ വാഗ്ദാനമായിരിക്കണം ഈ വചനത്തിൽ പരാമർശിക്കുന്നത്. 
'നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും. നീ അവന്‍റെ കുതികാലില്‍ പരിക്കേല്‍പിക്കും.' (ഉല്‍പത്തി 3:15) വാസ്തവത്തിൽ ഇതു സർപ്പത്തോടു ദൈവം പറഞ്ഞതാണ്. ആദ്യ സ്ത്രീയും നമ്മളും അതിൽ ഒളിഞ്ഞിരിക്കുന്ന രക്ഷക വാഗ്ദാനം തിരിച്ചറിഞ്ഞു.  തൻ്റെ മകനിലൂടെ സർപ്പത്തെ പരാജയപ്പെടുത്തി  രക്ഷ കൈവശമാക്കാമെന്ന് അവൾ പ്രതീക്ഷിച്ചു. ആദ്യത്തെ സന്തതി ആണാണെന്നു കണ്ടപ്പോൾ അവനെ എനിക്കു കിട്ടി എന്നു പറഞ്ഞു കൊണ്ട് അവൾ അവനു കായേൻ എന്നു പേരിട്ടു.  അവൻ പക്ഷേ, രക്ഷകനായിരുന്നില്ല;  ആദ്യത്തെ കൊലപാതകിയായിരുന്നു.  ഈ തെറ്റുപറ്റിയത് ഹവ്വയ്ക്കു മാത്രമല്ല. വാഗ്ദാനത്തിൻ്റെ സന്തതിയ്ക്കു പകരം വേലക്കാരിയിൽ മകനെ ജനിപ്പിച്ച അബ്രാഹാമിനും ആ സൂത്രം ഉപദേശിച്ചു കൊടുത്ത സാറയ്ക്കും ആളുമാറിപ്പോയി.  യേശുവിൻ്റെ ജനനത്തിനു മുമ്പ് എത്രയോ പേർ ക്രിസ്തുവാണെന്നവകാശപ്പെട്ട് രംഗത്തുവന്നു, എത്രയോ പേർ അവരെ വിശ്വസിച്ചു. യേശുവിനു ശേഷവും എത്രയോ പേർ വന്നു. എന്തിനേറെ പറയണം, നമ്മുടെ കൊച്ചു കേരളത്തിൽ പോലും ക്രിസ്തു വീണ്ടും ജനിക്കുന്നെന്നു വിശ്വസിച്ച് ഉള്ളതു വിറ്റു പെറുക്കി ആളുകൾ പോയിരിക്കുന്നു.  ഇതേ തെറ്റ്  1 തിമോത്തിയോസ് 2:15 മനസ്സിലാക്കുമ്പോൾ നമുക്കും പറ്റരുത്. അവളുടെ മാതൃത്വത്തിലൂടെ രക്ഷിക്കപ്പെടുമെന്ന് ഹവ്വ തെറ്റിദ്ധരിച്ചു.  എന്നാൽ രക്ഷാകരമായ മാതൃത്വം പ.മറിയത്തിൻ്റേതായിരുന്നു - യേശുവിനെ ലോകത്തിനു നൽകിയ മാതൃത്വം. ആ മാതൃത്വം പ. മറിയത്തിനു ലഭിച്ചു പോയില്ലേ? ഇനി മറ്റുള്ളവർ എന്തുചെയ്യും? ഉത്തരം യേശു തന്നെ പറഞ്ഞിട്ടുണ്ട്.  'അവന്‍ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്‍റെ അമ്മയും സഹോദരരും.' (ലൂക്കാ 8:21) ദൈവവചനാനുസാരം പ്രവർത്തിച്ച് ക്രിസ്തുവിനെ ലോകത്തിനു നൽകിയാൽ രക്ഷാകരമായ മാതൃത്വം നേടാം; അപ്രകാരം ചെയ്തു ക്രിസ്തുവിനെപ്പോലെയായാൽ അവിടുത്തെ സഹോദരരും.  ദൈവരാജ്യത്തെപ്രതി കന്യാത്വം നേരുന്നവർക്കും രക്ഷാകരമായ മാതൃത്വം നേടാനുള്ള സാദ്ധ്യത ഇവിടെയാണ്.  എന്നാൽ, മറ്റൊരുവനിലും രക്ഷയില്ല, പിതാവിലേക്കുള്ള ഏക വഴി യേശുവാണ് എന്നൊക്കെ ഒരു വിട്ടുവീഴ്ചയുമില്ലാതെ വിശ്വസിക്കുന്നവർ പോലും  കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തുന്നതിലൂടെ സ്ത്രീക്കു രക്ഷ പ്രാപിക്കാമെന്നു ഈ വചനത്തെ വ്യാഖ്യാനിച്ച് എത്തിക്കാറുണ്ട് - പ. മറിയത്തിൻ്റെ മാതൃത്വത്തിൻ്റെ മഹനീയത അംഗീകരിക്കാനുള്ള വൈമുഖ്യം മൂലം. കാര്യമറിയാതെ പലരും അതു ഏറ്റുപറയാറുമുണ്ട്.

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക

Comments