വിധി




സ്രഷ്ടാവായതുകൊണ്ട് ദൈവത്തിനു വിധിക്കാനുള്ള അധികാരമുണ്ട്‌.  സര്‍വ്വജ്ഞനായതുകൊണ്ട് വിധിക്കാനുള്ള അറിവുണ്ട്.  സര്‍വ്വശക്തനായതുകൊണ്ട്‌ വിധി നടപ്പാക്കാനുള്ള കഴിവുമുണ്ട്.  അധികാരവും അറിവും കഴിവുമില്ലാത്ത നാം വിധിക്കരുത്.  വിധിയെക്കുറിച്ചു നാം പൊതുവേ മനസ്സിലാക്കുന്നതു ഇങ്ങനെയാണ്.  ദൈവം എങ്ങിനെയാണു വിധിക്കുന്നത്?  ‘പിതാവ് ആരെയും വിധിക്കുന്നില്ല;  വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്‍പ്പിച്ചിരിക്കുന്നു.’ (യോഹ.5/22)  പിതാവായാലും പുത്രനായാലും വിധിക്കുന്നത് ദൈവം തന്നെ.  വിധിക്കാനുള്ള അധികാരം പുത്രന് കൊടുക്കാനുള്ള കാരണം അടുത്തൊരു വചനത്തില്‍ പറയുന്നു:  ‘മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു.’ (യോഹ.5/27)  സ്രഷ്ടാവായതുകൊണ്ടുള്ള അധികാരമല്ല മനുഷ്യനായതുകൊണ്ടുള്ള അധികാരം.  മനുഷ്യനായതു കൊണ്ടു ലഭിക്കുന്ന വിധിക്കാനുള്ള അധികാരം.  വിധിയെക്കുറിച്ചുള്ള നമ്മുടെ ധാരണ മാറ്റാതെ നമുക്കതു മനസ്സിലാക്കുക എളുപ്പമല്ല.  വിധി നടക്കുന്നത് ക്രിസ്തുവുമായുള്ള താരതമ്യത്തിലാണ്.  അന്നു പിതാവും പറയും ‘ഇതാ! മനുഷ്യന്‍.’  ‘നിങ്ങളില്‍ ആര്‍ക്കു എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും?’(യോഹ. 8/46) എന്നു വെല്ലുവിളിച്ചവന്‍ ആണ് മുന്നില്‍ നില്‍ക്കുന്നത്.  പാപികളായ മനുഷ്യരുടെ മുന്നിലാണ് അവന്‍ നില്‍ക്കുന്നത്.  എല്ലാ മനുഷ്യരും പാപികളാണെന്നു വചനം സാക്ഷ്യപ്പെടുത്തുന്നു. (റോമ.3/9 – 20 നോക്കുക)  പീഡകളാണ്,  പരീക്ഷകളാണ് ഞങ്ങളുടെ പാപകാരണമായത് എന്നു ഒഴിവുകഴിവു പറയാനേ മനുഷ്യര്‍ക്കു കഴിയൂ.  ഇവിടെയാണ്‌ ക്രിസ്തു മനുഷ്യനായതുകൊണ്ടുള്ള അധികാരം വ്യക്തമാകുന്നത്.  ‘അവന്‍ പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തതു കൊണ്ടു’(ഹെബ്രാ.2/18)  അവന്‍ ഇവിടെ മറുപടിയാകുന്നു.  ‘ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍.’(ഹെബ്രാ. 4/15)  ഒരു മനുഷ്യനും ഇതിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ല.  അവന്‍ ആയിരിക്കുന്നിടത്ത്‌ ആയിരിക്കുവാനുള്ള യോഗ്യതയില്ല എന്നല്ല സാദ്ധ്യമേ അല്ല എന്നു തിരിച്ചറിയുന്ന സമയം.  ഈ വിധിയെ മറികടക്കാന്‍ ക്രിസ്തുവില്‍ ആയിരിക്കുന്നവനേ സാധിക്കൂ.  ‘ഇപ്പോള്‍ യേശുക്രിസ്തുവിനോട്‌ ഐക്യപ്പെട്ടിരിക്കുന്നവര്‍ക്ക് ശിക്ഷാവിധിയില്ല.’(റോമ.8/1) ‘പുതിയ മനുഷ്യനെ’ അതായതു ക്രിസ്തുമനുഷ്യനെ ധരിക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നതിനു (എഫേ.4/24, കൊളോ.3/10) കാരണമിതാണ്.  ക്രിസ്തുമനുഷ്യനെ ധരിച്ചിരിക്കുന്നവന്‍  ക്രിസ്തു സദൃശ്യനായി കാണപ്പെടുകയും വിധിയെ അതിജീവിക്കുകയും ചെയ്യും.  എന്നു മാത്രമല്ല അവര്‍ ലോകത്തെ വിധിക്കുന്നവരാവുകയും ചെയ്യും.  ‘വിശുദ്ധര്‍ ലോകത്തെ വിധിക്കുമെന്നു നിങ്ങള്‍ക്കു അറിവില്ലേ?’ (1കോറി.6/2)  അവര്‍ ക്രിസ്തുവിനോട് ചേര്‍ന്ന് നിന്നു ലോകത്തെ വിധിക്കും.  പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തിട്ടും പാപത്തില്‍ വീഴാത്ത ക്രിസ്തു പാപത്തിന്റെ ശമ്പളമായ ശിക്ഷവിധിയെ ന്യായീകരിക്കുന്നു.  വിശുദ്ധര്‍ മറ്റൊരു വിധത്തിലാണ് വിധിക്കുന്നത്.  അവര്‍ പാപത്തില്‍ വീഴാത്തവരല്ല.  പാപത്തില്‍ വീണിട്ടും ദൈവത്തിന്റെ കരുണയാല്‍ രക്ഷിക്കപ്പെട്ടവരാണ്.  ആ കരുണ അവരിലെത്തിയതു  യേശുക്രിസ്തുവിലൂടെയാണ്. ‘യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്.  എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.’ (യോഹ.14/6) യേശുക്രിസ്തുവിനെ സ്വീകരിക്കുകയും അവന്റെ നാമത്തില്‍ വിശ്വസിക്കുകയും ചെയ്തതിലൂടെയാണ്‌ അവര്‍ രക്ഷിക്കപ്പെട്ടതും ദൈവമക്കളാകാന്‍ കഴിവു നേടിയതും.  ആത്യന്തികമായി,  പാപമല്ല ശിക്ഷവിധിക്കു കാരണമാകുന്നത് എന്നിവിടെ തെളിയിക്കപ്പെടുന്നു. ‘ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു’ (യോഹ. 3/19) ‘യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.’(യോഹ. 8/12)  യേശുവിനെ നിഷേധിച്ചതാണ് ശിക്ഷവിധിയ്ക്ക് കാരണമാകുന്നതെന്ന് വിശുദ്ധര്‍  സാക്ഷ്യപ്പെടുത്തുന്നു.  ‘മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല.’(അപ്പ. പ്രവ. 3/12) ‘പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല.’ (1യോഹ.2/23) ‘പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു.  എന്നാല്‍ പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെമേല്‍ ഉണ്ട്.’ (യോഹ.3/36). 

(2018 ല്‍ ജീവജ്വാല  മാസികയില്‍ പ്രസിദ്ധീകരിച്ചത്)

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക

Comments