തണുപ്പോ ചൂടോ ഇല്ലാത്തവന്‍

 

തണുപ്പോ ചൂടോ ഇല്ലാത്തവൻ


‘ഡൊമീഷ്യന്‍ ചക്രവര്‍ത്തി റോമാസാമ്രാജ്യത്തിന്റെ  അധിപനായിരുന്ന കാലത്ത് (എ.ഡി.81-96) അതിരൂക്ഷമായൊരു മതമര്‍ദ്ദനമുണ്ടായി.  സാമ്രാജ്യത്തില്‍പ്പെട്ട എല്ലാവരും ഞങ്ങളുടെ കര്‍ത്താവും ഞങ്ങളുടെ ദൈവവും എന്ന് വിളിച്ചു തന്നെ ആരാധിക്കണം എന്നൊരു കല്പന ചക്രവര്‍ത്തി പുറപ്പെടുവിച്ചു.  ഏഷ്യാമൈനറിലെ ക്രൈസ്തവ സമൂഹങ്ങളായിരുന്നു പ്രധാനമായും അതിനു വിസമ്മതിച്ചത്.  അക്കാരണത്താല്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്ന അവസരത്തില്‍ അവിടത്തെ ഏഴു സഭകളെ ക്രൈസ്തവജീവിതത്തിന്റെ അര്‍ത്ഥവും പ്രസക്തിയും ലക്ഷ്യവും അനുസ്മരിപ്പിക്കുന്നതിനും അവര്‍ക്കു ആത്മധൈര്യം പകരുന്നതിനും വേണ്ടി  രചിക്കപ്പെട്ട ഗ്രന്ഥമാണ് യോഹന്നാനു ലഭിച്ച വെളിപാട്.’

POC ബൈബിളില്‍ വെളിപാടു പുസ്തകത്തിന്റെ ആമുഖത്തില്‍ നിന്നാണ് മേല്‍ കൊടുത്തിരിക്കുന്ന ഉദ്ധരണി.  അക്കാലത്ത് വറചട്ടിയില്‍ വറത്തിട്ടും മരിക്കാഞ്ഞ യോഹന്നാന്‍ പാതിവെന്ത ശരീരവുമായി ചുണ്ണാമ്പു പാറമടയില്‍ പണിയെടുക്കാന്‍ നിയോഗിക്കപ്പെട്ട അവസ്ഥയില്‍ എഴുതിയതാണീ ഗ്രന്ഥമെന്നു കൂടി ഓര്‍മ്മിക്കുക.

ഈ ഏഴു സഭകളില്‍ ഒന്നായ ലവോദീക്യയിലെ സഭയ്ക്ക് ഉള്ള എഴുത്തില്‍ ഇപ്രകാരം കാണുന്നു.  ‘നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും.’(വെളിപാട് 3 : 15-16)  ആരാണീ മന്ദോഷ്ണന്‍?  അതറിയാന്‍ ഈ പ്രസ്താവനയുടെ പശ്ചാത്തലം അറിയണം.  അക്കാലത്തെ ക്രൈസ്തവരില്‍ തന്നെ ചക്രവര്‍ത്തിയുടെ ഈ കല്പനയോടുള്ള പ്രതികരണം വ്യത്യസ്തമായിരുന്നു. ഒരു കൂട്ടര്‍ കൂടുതലൊന്നും ചിന്തിക്കാതെ, ചക്രവര്‍ത്തിയുടെ ഹിതം ശിരസ്സാ വഹിച്ചു.  അനുസരിച്ചില്ലെങ്കില്‍ തലപോകുന്ന കാര്യമാണേ.  മറ്റൊരു കൂട്ടര്‍ യേശുവല്ലാതെ ഞങ്ങള്‍ക്ക് വേറൊരു കര്‍ത്താവും ദൈവവുമില്ലെന്നു ഉറപ്പിച്ചു രക്തസാക്ഷിത്വം വരിച്ചു.  ഈ ലോകത്തും  വരാനിരിക്കുന്ന ലോകത്തും നന്മ കാംക്ഷിച്ച ചിലര്‍ കക്ഷത്തിലിരിക്കുന്നത് പോകാതെ ഉത്തരത്തിലിരിക്കുന്നത്‌ എടുക്കാന്‍ ശ്രമിച്ചു.  അവര്‍ പ്രതിമയെ വണങ്ങുമ്പോള്‍ ഉള്ളില്‍ പറഞ്ഞു: ഞങ്ങളുടെ ദൈവവും കര്‍ത്താവും നീ മാത്രമാണെന്ന്  യേശുവേ, അങ്ങറിയുന്നുവല്ലോ.  ഇവരെയാണ് തണുപ്പോ ചൂടോ ഇല്ലാത്ത മന്ദോഷ്ണര്‍ എന്ന് വിളിച്ചിരിക്കുന്നത്.  ഇക്കാലത്തു ഇക്കൂട്ടരുടെ എണ്ണം കൂടുന്നോ എന്നു സംശയം.  ഈ അടുത്ത കാലത്ത് സമാനമായ ഒരു സാഹചര്യത്തെക്കുറിച്ചു സംസാരിക്കുന്നതിനിടയില്‍ വിശ്വാസികളെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നതിനു നിയുക്തനായ ഒരാള്‍ ഇങ്ങനെ പറയുന്നത് കേട്ടു.  ‘ഒരു മാനസീക രോഗി നിങ്ങളുടെ കഴുത്തില്‍ കത്തിവച്ചിട്ടു, തെങ്ങും തലയ്ക്കലേക്ക്  വിരല്‍ ചൂണ്ടി അവിടെ കാണുന്നത് ചക്കയാണെന്നു പറഞ്ഞാല്‍ സമ്മതിച്ചേക്കുന്നതല്ലേ ബുദ്ധി?  അത് തേങ്ങയാണെന്നു നമുക്കറിയാമല്ലോ.’  ഇവിടെ ഉദാഹരിച്ചിരിക്കുന്ന തേങ്ങയും ചക്കയും യേശുവും അന്യദൈവവുമാണെന്നു കൂടി അറിയുക, മാനസീക രോഗി ഒരു തീവ്രവാദിയും. 

ഇവിടെ, യേശുവിനെ തള്ളിപ്പറയാന്‍ കൂട്ടാക്കാഞ്ഞതിനാല്‍ കഴുത്തറക്കപ്പെട്ടവരും,  തണുത്തുറഞ്ഞ വെള്ളത്തില്‍ നിന്ന് കരയ്ക്ക്‌ ഒരുക്കിവച്ചിരിക്കുന്ന ചൂടുവെള്ളത്തിലേക്ക് കയറി വന്നു ജീവന്‍ രക്ഷിക്കാത്തവരും കുഴിയില്‍ ഇറക്കി കഴുത്തോളം മണ്ണിട്ട്‌ മൂടിയിട്ടു തല തല്ലി പൊട്ടിക്കപ്പെട്ടു  മരണമടഞ്ഞവരും മണ്ടന്മാരാകുന്നു.(?)  2 മക്കബായര്‍ 6/18-31 വരെ വര്‍ണ്ണിക്കുന്ന എലെയാസറിന്റെ രക്തസാക്ഷിത്വം ഒന്ന് വായിക്കുന്നതു നന്ന്.  അദ്ദേഹത്തിന്‍റെ ചില വാക്കുകള്‍ മാത്രം ഇവിടെ ഉദ്ധരിക്കാം.  ‘അവന്‍ തുടര്‍ന്നു: നമ്മുടെ ഈ പ്രായത്തിന് ഈ അഭിനയം ചേര്‍ന്നതല്ല. എലെയാസര്‍ തൊണ്ണൂറാം വയസ്സില്‍ മതം മാറിയെന്നു ചെറുപ്പക്കാര്‍ വിചാരിക്കും. ഒരു ചെറിയ നിമിഷംകൂടി ജീവിക്കാന്‍വേണ്ടി എന്റെ ഈ അഭിനയംമൂലം ഞാന്‍ അവരെ വഴിതെറ്റിക്കുകയും എന്റെ വാര്‍ധക്യത്തെ പങ്കിലവും അവമാനിതവും ആക്കുകയുംചെയ്യും. തത്കാലത്തേക്ക് മനുഷ്യശിക്ഷയില്‍നിന്ന് എനിക്ക് ഒഴിവാകാമെങ്കിലും, സര്‍വശക്തന്റെ കരങ്ങളില്‍നിന്ന്, ജീവിച്ചാലും മരിച്ചാലും രക്ഷപെടാന്‍ കഴിയുകയില്ല. അതിനാല്‍, പൗരുഷത്തോടെ ഞാന്‍ എന്റെ ജീവന്‍ അര്‍പ്പിക്കുകയാണ്; അതുവഴി ഞാന്‍ എന്റെ വാര്‍ധക്യത്തിനു യോഗ്യനെന്നു തെളിയും.’ (24-27)

ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്. (1 കോറിന്തോസ്‌ 15 : 19)

നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു ദുഷ്ടനില്‍നിന്നു വരുന്നു. (മത്തായി 5 : 37)

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക. 

Comments