ദി പാഷൻ ഓഫ് ക്രൈസ്റ്റ്

മിനി തട്ടില്‍ പങ്കു വയ്ക്കുന്ന വിശുദ്ധ വാര ചിന്തകള്‍.

ദി പാഷൻ ഓഫ് ക്രൈസ്റ്റ്

‘ഫ്രാൻസിസ് തന്‍റെ കൈകളിലും കാലുകളിലും നിശബ്ദം ഉറ്റുനോക്കിക്കൊണ്ട് ധ്യാനത്തിൽ ലയിച്ചിരുന്നു. ഒരു നീണ്ട മൗനത്തിനുശേഷം നെടുവീർപ്പിട്ടു കൊണ്ട് എന്നോട് പറഞ്ഞു "ബ്രദർ ലിയോ, ക്രിസ്തുവിന്‍റെ പീഢാസഹനത്തെ പറ്റി ചിന്തിക്കുമ്പോൾ എന്‍റെ ഉള്ളം കാലും ഉള്ളം കയ്യും തുളയ്ക്കപ്പെടുന്നതിനുവേണ്ടി വേദനിക്കുന്നു. പക്ഷേ, ആണികൾ എവിടെ?  രക്തമെവിടെ?  കുരിശ് എവിടെ?

ഒരിക്കൽ ഒരു ദുഃഖവെള്ളിയാഴ്ച ദിവസം സാൻ റൂഫിനോയുടെ അങ്കണത്തിലേക്ക് പോയത് ഞാൻ ഓർക്കുന്നു. ഈസ്റ്റർ സീസണിൽ പീഡാനുഭവം അവതരിപ്പിച്ചിരുന്ന സഞ്ചാരികളായ അഭിനേതാക്കൾ അസീസിയിൽ വന്നിരുന്നു. ക്രിസ്തുവിനെ ചിത്രീകരിച്ച ആ മനുഷ്യൻ കുരിശ് ചുമന്നപ്പോൾ ശ്വാസം കിട്ടാതെ കിതച്ചു. അവർ അയാളെ കുരിശിൽ തറക്കുന്നതായി നടിച്ചു. രക്തം ഒഴുകുന്നത് അനുകരിക്കുന്നതിനുവേണ്ടി അയാളുടെ കൈകാലുകളിൽ ചുവന്ന പെയിൻറ്റ് ഒഴിച്ചു....  അയാളുടെ ഹൃദയം നുറുങ്ങുന്ന ആ നിലവിളി "ഏൽ! ഏൽ! ലമ സബക്താന്നി!!” കേട്ടപ്പോൾ എന്‍റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി. സ്ത്രീ പുരുഷൻമാർ ആർത്തലച്ചു കരഞ്ഞു. നാടകാവതരണം അവസാനിച്ചു. അതിനുശേഷം ആ നടൻ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അയാൾക്കുവേണ്ടി എന്‍റെ അമ്മ അത്താഴം ഒരുക്കിയിരുന്നു. അയാൾ ചിരിക്കാനും തമാശ പറയാനും തുടങ്ങി. ചായം കഴുകി കളയാൻ വേണ്ടി ഇളം ചൂടുവെള്ളം അയാൾക്കു നൽകി. ഞാൻ തീരെ ചെറുതായിരുന്നു എനിക്കൊന്നും മനസ്സിലായില്ല.

"നിങ്ങളല്ലേ കുരിശിൽ തറയ്ക്കപ്പെട്ട് മരിച്ചത്?  ഞാൻ അയാളോട് ചോദിച്ചു .

"അല്ല. അല്ല, എന്‍റെ കുഞ്ഞേ അതെല്ലാം ഒരു പ്രദർശനം ആയിരുന്നു. മനസ്സിലായോ?  കളി - കുരിശിൽ തറക്കപ്പെടുന്നതായി ഞാൻ അഭിനയിക്കുക മാത്രമാണ് ചെയ്തത്."

ദേഷ്യം കൊണ്ട് ഞാൻ ചുമന്നു  "മറ്റൊരു വാക്കിൽ പറഞ്ഞാൽ നിങ്ങൾ ഒരു നുണയനാണ്"

ഞാൻ അയാൾക്ക് നേരെ ആക്രോശിച്ചു.

" എന്‍റെ കുഞ്ഞേ, സമാധാനമായിരിക്കു! നീ തീരെ ചെറുപ്പം ആണ്. നിനക്ക് അത് മനസ്സിലാവില്ല."

എന്‍റെ അമ്മ എന്നെ എടുത്തുകൊണ്ടുപോയി.’

ഗ്രീക്ക്സാഹിത്യകാരനായ കസന്‍ ദ സക്കിസിന്‍റെ പ്രസിദ്ധമായ "സെൻറ് ഫ്രാൻസിസ്" നോവലിന്‍റെ ഒരു ഭാഗം പരിഭാഷപ്പെടുത്തിയതാണിത്. നമ്മുടെ ചില ഭക്തിപ്രകടനങ്ങൾ കാണുമ്പോൾ ഈ സംഭവം എനിക്ക് ഓർമ്മ വരാറുണ്ട്. ദുഃഖവെള്ളി അടുത്തു വരികയാണല്ലോ. ക്രിസ്തുവിൻന്‍റെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ച് സ്വകാര്യമായും പരസ്യമായും നാം കുരിശിന്‍റെ വഴി പ്രാർത്ഥന ഭക്തിപൂർവ്വം ചൊല്ലി കൊണ്ടിരിക്കുകയാണ്. ഓരോ സ്ഥലവും കഴിയുമ്പോൾ നാം മാതാവിനോട് ഇങ്ങനെ പ്രാർത്ഥിക്കുന്നു: "പരിശുദ്ധ ദൈവമാതാവേ; ക്രൂശിതനായ കർത്താവിന്‍റെ തിരുമുറിവുകൾ എന്‍റെ ഹൃദയത്തിൽ പതിപ്പിച്ചു ഉറപ്പിക്കണമേ!”

എന്താണ് ഈശോമിശിഹായുടെ തിരുമുറിവുകൾ?  Holy wounds?

ശാരീരികവും മാനസികവുമായി അവിടുന്ന് നമുക്ക് വേണ്ടി മുറിവേറ്റു. പഞ്ചക്ഷതങ്ങൾ ഉൾപ്പെടുന്ന ശാരീരിക മുറിവുകൾ കുറച്ചൊക്കെ നമുക്കറിയാം. പിന്നെ മാനസിക മുറിവുകൾ?

ദൈവമായിരുന്നിട്ടും ഒരു കള്ളനെപ്പോലെ അവിടുന്ന് പിടിക്കപ്പെട്ടു. പരിഹസിക്കപ്പെട്ടു. 12 ശിഷ്യന്മാരും ഉപേക്ഷിച്ച് ഓടിക്കളഞ്ഞു. ശിഷ്യപ്രമുഖൻതന്നെ തള്ളിപ്പറഞ്ഞു. മറ്റൊരു ശിഷ്യൻ സമ്പത്തിനുവേണ്ടി ഒറ്റിക്കൊടുത്തു. അങ്ങനെ, അങ്ങനെ...... ക്രിസ്തുവിന്‍റെ തിരുമുറിവുകൾ എണ്ണമറ്റതും അവർണനീയവുമാണ്. ഇതിൽ ഏതെങ്കിലും ഒരെണ്ണം നമ്മുടെ ഹൃദയത്തിൽ പതിപ്പിക്കുന്നതിന് വേണ്ടി മാതാവ് നമുക്ക് സമ്മാനിച്ചാൽ... .....? നാം കുതറിയോടുമോ?  അതോ ഏറ്റുവാങ്ങുമോ?

അധരം കൊണ്ടല്ല ഹൃദയംകൊണ്ട് നമുക്ക് ഈശോയെ സ്നേഹിക്കാം. അവന്‍റെ അവർണനീയമായ പീഡകളുടെ ഒരു മാത്രയെങ്കിലും കിട്ടിയാൽ ഹൃദയംകൊണ്ട് ഏറ്റുവാങ്ങാം. ആത്മാവിൽ ആനന്ദിക്കാം. പണ്ട് കുഞ്ഞിലെ അമ്മ പറയാറുണ്ട്, ‘തമ്പാച്ചന് വയ്ക്കുന്ന പൂ മണത്തു നോക്കരുത്’ എന്ന്. അതെ മറ്റാരോടും പങ്കുവെക്കാതെ നമ്മുടെ വേദനകൾ ഈശോയ്ക്ക് കാഴ്ചവെച്ച് നമുക്ക് അവിടുത്തെ ആരാധിക്കാം. സീസണൽ ദൈവഭക്തിയിൽ നിന്നകന്ന് സ്‌ഥായിയായ ദൈവസ്നേഹാനുഭവത്തിൽ നമുക്ക് ജീവിക്കാൻ പരിശ്രമിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

-മിനി തട്ടിൽ 

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക.

പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക. 

Comments