ഓശാന ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് അമ്മ സാധാരണ കൊഴുക്കട്ട ഉണ്ടാക്കാൻ തുടങ്ങുക . ആദ്യം തന്നെ കുഴച്ച അരിപ്പൊടിയെടുത്ത് ഒരു കുരിശുരൂപം അമ്മ ഉണ്ടാക്കും . തുടർന്നാണ് അമ്മയും ചേച്ചിമാരുംചേർന്ന്പലവിധത്തിലുള്ള കൊഴുക്കട്ടകൾ ഉണ്ടാക്കുക . പക്ഷേ ഉണ്ടാക്കികഴിഞ്ഞാലൊന്നും ഞങ്ങൾക്ക് കഴിക്കാൻ തരില്ല . വൈകിട്ട് ഏകദേശം ഒരു ഏഴര ആകുമ്പോൾ കുഞ്ഞേട്ടൻ കടയിലേക്ക് പോകും . എന്നിട്ട് അപ്പച്ചൻ വീട്ടിലേക്ക് വരും . വന്നു കഴിഞ്ഞാൽ ഒരു സ്റ്റീൽ കപ്പ് നിറയെ ചൂടുള്ള കഞ്ഞി വെള്ളം കുടിക്കും . തുടർന്ന് അപ്പച്ചന്റെ കുരിശു വരയാണ് .ഒരു ദേവാലയം പോലെ നിശബ്ദമാകും ആ സമയം വീട് . ആരും ചിരിക്കാനും വർത്തമാനം പറയാനും പാടില്ല. "രൂപമിരിക്കണ അകത്തിന്റെ "മുമ്പിലാണ് അപ്പച്ചൻ ഇരിക്കുക .അതിൻറെ പുറകെ നടേലകത്ത് അമ്മയും ഞങ്ങൾ മക്കളെല്ലാവരും പായിൽ പ്രാർത്ഥനയ്ക്ക് തയ്യാറായി ഇരിക്കും. എല്ലാദിവസവും ഇതാണ് പതിവ്. ഓശാന ശനിയാഴ്ചയുടെ പ്രാർത്ഥനയ്ക്ക് ഒരു പ്രത്യേകതയുണ്ട്. പ്രാർത്ഥനയ്ക്ക് ശേഷം "ഓശാന ഈശന് സതതം" എന്ന പാട്ട് എല്ലാവരും ചേർന്ന് പാടും . ഒരു ഓവൽ ഷേപ്പിൽ ഉള്ള സ്റ്റീൽ കിണ്ണംവീട്ടിൽ ഉണ്ടായിരുന്നു . അമ്മ ഉണ്ടാക്കിയ കൊഴുക്കട്ടകൾ എല്ലാം അതിൽ നിറയെ വെച്ച് പ്രാർത്ഥനയ്ക്ക് മുമ്പേ രൂപങ്ങൾക്ക് താഴെ ഒരു സ്റ്റൂളിൽ വച്ചിരിക്കും. കുടുംബ പ്രാർത്ഥനയ്ക്ക് ശേഷം അപ്പച്ചന്റെ കയ്യിലേക്ക് അമ്മ അത് കൊടുക്കും . അപ്പച്ചൻ ഓരോരുത്തരെ പേര് വിളിച്ച് ഓരോന്ന് കയ്യിൽ തരും .എത്ര ഹൃദ്യമായാണ് അമ്മ മക്കളെ ആശയടക്കം പഠിപ്പിച്ചത്. ഗാർഹിക സഭയിലെ പുരോഹിതൻ - നാഥൻ - അപ്പച്ചൻ ആണെന്ന പാഠം പകർന്നു തന്നത്. .പെസഹാ വ്യാഴാഴ്ച പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം വീട്ടിൽ വന്ന് പ്രഭാത ഭക്ഷണം കഴിഞ്ഞാൽ അമ്മ രൂപമിരിക്കണ അകം ലളിതമായി അലങ്കരിക്കും. തിരുസഭയിലെ ഒട്ടുമിക്ക വിശുദ്ധരുടെ രൂപങ്ങളും ആ മുറിയിൽ ഉണ്ട്. ചെറുപ്പത്തിൽ അതിൽ ചിലരുടെയൊക്കെ പേരുപോലും എനിക്കറിയില്ലായിരുന്നു. കുരിശു വരയ്ക്കുശേഷം ഓരോ തമ്പാച്ചനും നിലത്തിരുന്ന് ഉമ്മ കൊടുക്കുന്ന ശീലം ഉണ്ട് .അങ്ങനെ മീൻ പിടിച്ചിരിക്കണ തമ്പാച്ചാ, പാമ്പിനെ കൊല്ലണ തമ്പാച്ചാ ഉമ്മ ! എന്നൊക്കെയാണ് പറയാറുള്ളത്. ആ മുറിയുടെ മേലാപ്പിൽ സ്വർഗ്ഗത്തെ അനുസ്മരിപ്പിക്കുന്ന ഒരു മേക്കട്ടി ഉണ്ടായിരുന്നു. അതിൽ വെള്ളി സ്വർണ്ണ നിറങ്ങളിലുള്ള ഗിൽറ്റ് പേപ്പറുകൾ കൊണ്ട് ഉണ്ടാക്കിയ മനോഹരമായ കുമ്പിളുകൾ. ... ...നക്ഷത്രങ്ങൾ... ബാല്യത്തിൽ ഇതാണ് സ്വർഗം എന്ന് കരുതിയതു കൊണ്ടായിരിക്കാം പത്താം വയസ്സിൽ അമ്മ മരിച്ചതിനുശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു രാത്രി സ്വപ്നത്തിൽ അമ്മ ഞങ്ങളെ കാണാൻ വന്നതും തിരികെ പോയതും ഈ മേക്ക ട്ടിയിലൂടെ ആണ്. ബൊഗൈൻവില്ല, മഞ്ഞ കോളാമ്പി, ലില്ലിപ്പൂ, പാരിജാതം, നമ്പ്യാർവട്ടം ... വീട്ടിലെ പൂക്കൾ എല്ലാം സ്ഫക ഗ്ലാസിൽ വെള്ളത്തിൽ മനോഹരമായി വച്ചിരിക്കും . അന്നേദിവസം സവിശേഷമായി കടയിൽ നിന്നും അമ്മ മെഴുകുതിരിയോടൊപ്പം ഒരു പെട്ടി ചന്ദനത്തിരി കൂടെ കൊണ്ടുവരും. തണുപ്പും ഇരുട്ടും നിറഞ്ഞ ആ 'രൂപിരിക്കണകത്ത്' എന്നെയും ഏറ്റവും ഇളയ ജ്യേഷ്ഠനെയും പ്രാർത്ഥിക്കാനായി ഇരുത്തും. തൊട്ടപ്പുറത്ത് അടുക്കളയിൽ അമ്മയും ചേച്ചിമാരും പാചക ജോലികളിൽ ഏർപ്പെടും. ഞങ്ങൾക്ക് രണ്ടുപേർക്കും പ്രാർത്ഥിക്കാൻ അറിയില്ലെങ്കിലും ഇരുട്ടും തണുപ്പുമുള്ള ആമുറിയിലെ ചന്ദനത്തിരിയുടെ സുഗന്ധവും മെഴുകുതിരിയുടെ നനുത്ത വെട്ടവും മനസ്സിൽ ഇന്നും പച്ചകെടാതെ നിൽക്കുന്നു. അന്നും പിറ്റേന്നും ഉച്ചത്തിൽ ചിരിക്കാനോ കളിക്കാനോ പാടില്ല. കാരണം ഈശോ നമുക്ക് വേണ്ടി മരിക്കാൻ പോവുകയാണ്.
പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോഴും പെസഹാ വ്യാഴാഴ്ച വരുമ്പോൾ മനസ്സ് ആ 'രൂപിരിക്കണകത്തേ'ക്ക് പോവുകയാണ്. ആ ദിനത്തിന്‍റെ നിശബ്ദതയ്ക്ക് ഒത്തിരി ആഴങ്ങൾ ഉണ്ടെന്ന് ഇപ്പോൾ മനസ്സിലാകുന്നു. കാലുകഴുകലിന്‍റെ, ദിവ്യകാരുണ്യത്തിന്‍റെ, രക്തം വിയർക്കുന്നതിന്‍റെ, പിടിക്കപ്പെടലിന്‍റെ, പരിഹാസത്തിന്‍റെ, അധികാര ദുർവിനിയോഗത്തിന്‍റെ, ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടി കൈകഴുകിയതിന്‍റെ, തള്ളിപ്പറയലിന്‍റെ, ഒറ്റിക്കൊടുക്കലിന്‍റെ, അങ്ങനെ അങ്ങനെ ... സംഭവബഹുലമായ ആഴങ്ങൾ. ഞങ്ങളുടെ ബാല മനസ്സുകളിൽ ദൈവസ്നേഹത്തിന്‍റെ നിർമല ചിത്രങ്ങൾ വരച്ച അമ്മേ നന്ദി!!!
-മിനി തട്ടില്‍
ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക.
പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക.
Comments
Post a Comment