പുതിയതും പഴയതും


 

വീട്ടിലുള്ള പുതിയതും പഴയതുമായ നിക്ഷേപങ്ങൾ  പുറത്തെടുക്കുന്ന  ഗൃഹസ്ഥനെ  മത്തായി 13/52 ൽ പരാമർശിക്കുന്നുണ്ട്.  അയാൾ അവയെ എന്തു ചെയ്യുമെന്നത് നമ്മുടെ ഊഹത്തിനു വിട്ടിരിക്കുകയാണവിടെ.  അതുകൊണ്ട് നമുക്കതൊന്നു പരിഗണിക്കാം.

പുതിയവ വാങ്ങിയത്, സ്വീകരിച്ചത് അവ നല്ലതും ആവശ്യമുള്ളതും ആയതു കൊണ്ടാവുമല്ലോ.  അതു കൊണ്ട് അവ ഇപ്പോൾ വീണ്ടും പരിശോധിക്കേണ്ടതില്ല.  എന്നാൽ പഴയവയുടെ കാര്യം അങ്ങിനെയല്ല.  പുതിയ സാഹചര്യവുമായി  ബന്ധപ്പെടുത്തി ഗ്രാഹ്യത്യാജ്യ ബുദ്ധിയോടെ അവയേ തരം തിരിക്കേണ്ടതുണ്ട്.  കണ്ണെത്തും ദൂരത്ത് മില്ലുകൾ ഉള്ളപ്പോൾ, തകരാറൊന്നും ഇല്ലാത്തതെങ്കിലും, ഉരലും ഉലക്കയും ആവശ്യമുണ്ടോ?  പുതിയ പാത്രത്തിനും ചേരുന്ന മൂടി പഴയതായി എന്നതിനാൽ മാത്രം കളയണമോ?  പഴകി കേടായവയും ഉപയോഗശൂന്യമായവയും ഇനിയും സ്ഥലം മെനക്കെടുത്തണമോ?  ഏതാണ്ടിങ്ങനെയൊക്കെയാവും വീട്ടുകാരന്റെ ചിന്ത.

ഇനി നമുക്കു യേശു എന്താണു പറഞ്ഞതെന്നു നോക്കാം.

'അവന്‍ തുടര്‍ന്നു: സ്വര്‍ഗരാജ്യത്തിന്‍റെ ശിഷ്യനായിത്തീര്‍ന്ന ഓരോ നിയമജ്ഞനും, തന്റെ നിക്ഷേപത്തില്‍നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനു തുല്യന്‍.'(മത്തായി 13 : 52)

നിയമജ്ഞനെയാണ് വീട്ടുടമസ്ഥനു തുല്യനാക്കിയിരിക്കുന്നതു്. നിയമജ്ഞൻ പേരു സുചിപ്പിക്കുന്നതു പോലെ (പഴയ) നിയമപണ്ഡിതനാണ്;  പഴയതേറെ സ്റ്റോക്കുള്ളവൻ.  എന്നാൽ, സ്വർഗ്ഗ (ദൈവ) രാജ്യത്തിലേക്കു വന്നവൻ; അതായത് പുതിയ നിയമത്തിന്റെ ശ്രേഷ്ഠത തിരിച്ചറിഞ്ഞവൻ.  പഴയതും പുതിയതും പുറത്തെടുത്ത വീട്ടുകാരനെപ്പോലെ വിവേകത്തോടെ ഒരു തിരഞ്ഞെടുപ്പ് അയാൾ നടത്തേണ്ടിയിരിക്കുന്നു.  നമ്മേ സംബന്ധിച്ചിടത്തോളം, പുതിയ നിയമവും പഴയ നിയമവും വായിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള കർത്താവിന്റെ നിർദ്ദേശമായിത്തീരുന്നു ഇത്.

 ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

കൂടുതല്‍ പേര്‍ അറിയട്ടെ.

Comments