പ്രാര്‍ത്ഥനയിലെ പലവിചാരങ്ങള്‍

 പ്രാര്‍ത്ഥനയിലെ പലവിചാരങ്ങള്‍

                       Photo by Sixteen Miles Out on Unsplash

പ്രാർത്ഥിക്കാനിരിക്കുമ്പോളാവും അതു വരെ ഇല്ലാത്ത പല വിചാരങ്ങൾ എല്ലാം കൂടി മനസ്സിലേയ്ക്കോടിയെത്തുക. ഞാനും നിങ്ങളും നമ്മളെപ്പോലെയുള്ള സാധാരണക്കാരും നിരന്തരം അനുഭവിക്കുന്ന വിഷമസ്ഥിതിയാണിത്. എന്തു കൊണ്ടിങ്ങനെ?  പ്രാർത്ഥിക്കാനിരിക്കുന്ന നമ്മുടെ എന്തെങ്കിലും കുഴപ്പം കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നതു്?  അതോ ചെകുത്താന്‍റെ കളിയാണോ? എങ്ങിനെ ഇതിനെ അതിജീവിക്കാം?
വെളുപ്പിനേ ഒരു മൂന്നു മണിക്കോ മറ്റോ ഉണർന്ന് ശാന്തമായിരുന്നിട്ടുണ്ടോ? ഇല്ലെങ്കിൽ അതൊന്നാസ്വദിക്കേണ്ടതു തന്നെ. നിങ്ങൾ ഒരു നഗരപ്രദേശത്തല്ല എങ്കിൽ സാധാരണ ഗതിയിൽ കിട്ടാവുന്നതിൻ്റെ പരമാവധി ഏകാന്തതയും നിശബ്ദതയും അനുഭവിക്കാനാവും അപ്പോൾ.  രാപ്പാടികൾ അരങ്ങൊഴിഞ്ഞു.  പുലരിയുടെ ഭൂപാളം ആരംഭിച്ചിട്ടില്ല. കണ്ണടച്ച് നിശ്ചലമായി ഒന്നിരുന്നേ.  ഇതു വരെ നിങ്ങൾ കേട്ടിട്ടില്ലാത്ത ചിലതു നിങ്ങൾ കേൾക്കാൻ തുടങ്ങും.  ഉദാഹരണമായി അങ്ങകലെ എങ്ങോ ഉള്ള പാതയിലൂടെ പോകുന്ന തീവണ്ടിയുടെ സ്വരം. അതും അതൊരു ചരക്കുവണ്ടിയോ യാത്രാവണ്ടിയോ എന്നു പോലും തിരിച്ചറിയാനാവും വിധം വ്യക്തമായി.
എന്തേ ഈ വഴി തീവണ്ടികളൊന്നും മുമ്പു പോയിരുന്നില്ലേ? എന്തേ ഇതിനു മുമ്പെങ്ങും ഈ സ്വരം കേട്ടിട്ടില്ല?  തീവണ്ടി പോകാഞ്ഞിട്ടല്ല. മറ്റനേകം
ശബ്ദകോലാഹലങ്ങൾക്കിടയിൽ നിങ്ങൾ അതു ശ്രദ്ധിച്ചിട്ടില്ല. ഇപ്പോൾ, അവയെല്ലാം ഒഴിവായപ്പോൾ ഇതും ഇതുപോലുള്ളവയും കേൾക്കുന്നു എന്നു മാത്രം.
അപ്പോൾ നാം പ്രാർത്ഥിക്കാനിരിക്കുമ്പോൾ  പല വിചാരങ്ങൾ കയറി വരുന്നത് അവ അപ്പോൾ ഉണ്ടായതു കൊണ്ടല്ല.  അവയൊക്കെ പണ്ടേ ക്യൂവിൽ ഉണ്ടായിരുന്നു. മുമ്പിൽ ഉണ്ടായിരുന്ന ശക്തന്മാർ മൂലം നാം അറിഞ്ഞില്ലെന്നേയുള്ളു. അങ്ങിനെയെങ്കിൽ നാം പ്രാർത്ഥിക്കാനിരിക്കുമ്പോൾ ശക്തന്മാരായ വ്യഗ്രതകൾ ഒന്നൊതുങ്ങി,  കുറച്ചു കൂടി ശരിയായി പറഞ്ഞാൽ ഒന്നൊതുക്കി. അപ്പോൾ താരതമ്യേന പുറകിൽ നിന്ന അശക്തർ മുന്നിലായി.  അതാണു ശരിയെങ്കിൽ നമുക്ക് സന്തോഷിക്കാൻ, അഭിമാനിക്കാൻ വകയുണ്ട്. നാം സാമാന്യം നന്നായി പ്രാർത്ഥിക്കാനൊരുങ്ങി.  ഇനി ഈ ദുർബ്ബലരെക്കൂടി കൈകാര്യം ചെയ്താൽ മതി. ശക്തന്മാരെ ജയിച്ച നമുക്കതു തീർച്ചയായും സാധിക്കും, ദൈവസഹായത്താൽ .  അതിനുള്ള ചില പ്രയോഗിക പരിപാടികളിലേക്കു നമുക്കൊന്നു നോക്കാം.
ഈ പല വിചാരങ്ങളെ ഒന്നു പരിശോധിച്ച്  തരംതിരിച്ചാലേ വേണ്ട വിധം നമുക്ക് അതിനെ നേരിടാനൊക്കൂ. അതിനു ചില ഉദാഹരണങ്ങൾ തരാനാണ് ഇവിടെ ശ്രമിക്കുന്നത്.  പ്രാർത്ഥിക്കാനിരിക്കുമ്പോൾ ടി വി യിൽ ഇപ്പോൾ ഒരു സീരിയൽ ഉണ്ടല്ലൊ. അതു കണ്ടാലോ അല്ലെങ്കിൽ കൂട്ടുകാർ ചീട്ടുകളി തുടങ്ങിയിരിക്കുമല്ലോ അല്ലെങ്കിൽ ഇന്നു ഫേസ് ബുക്കു നോക്കിയില്ലല്ലോ എന്നീ തരത്തിലുള്ള ചിന്തകളാണ് വരുന്നതെങ്കിൽ ഉറപ്പിക്കാം നാം പ്രാർത്ഥിക്കാനൊരുങ്ങിയിരുന്നു എന്ന അഭിമാനം വ്യർത്ഥമാണ്.  ദൃഢനിശ്ചയം ചെയ്തു ഇത്തരം പ്രലോഭനങ്ങളെ ഒഴിവാക്കാൻ പരിശീലിച്ചേ പറ്റൂ. ഇതിന് ചില നാളുകളിലേ അശ്രാന്ത പരിശ്രമം വേണ്ടി വന്നേക്കാം. കാരണം മുൻനിരക്കാരെത്തന്നെയാണ് നാം നേരിടുന്നത്. 
ഇനി ചില പിൻനിരക്കാരെ നോക്കാം.  പ്രാർത്ഥിക്കാനിരിക്കുമ്പോൾ അയ്യോ! ഗ്യാസ് ഓഫ് ചെയ്തായിരുന്നോ? എന്ന ചിന്ത. ഗേറ്റടച്ചില്ലല്ലൊ എന്ന ഓർമ്മ.  മകനെ/മകളെ ഫോൺ ചെയ്തില്ലല്ലോ ,  ഗ്യാസ് ബുക്കു ചെയ്തില്ലല്ലോ,  കരണ്ടു ബിൽ അടച്ചില്ലല്ലോ തുടങ്ങിയവ.  പ്രാർത്ഥിക്കാനിരിക്കുമ്പോൾ തന്നെ അടുത്ത് ഒരു പേനയും  പേപ്പറും കരുതിയിരുന്നാൽ ഇത്തരം അത്യാവശ്യ കാര്യങ്ങൾ കുറച്ചു വയ്ക്കാം, അത്യാവശ്യമെന്നു കരുതുന്നവ മാത്രം. എന്നിട്ട് അവ വിട്ടു കളഞ്ഞ് പ്രാർത്ഥനയിലേക്കു തിരിയാം.   പ്രാർത്ഥനയ്ക്കു ശേഷം പേപ്പറെടുത്ത് അവ ഒന്നൊന്നായി ചെയ്യുകയുമാകാമല്ലോ.  എന്നാൽ സ്റ്റൗ ഓഫ് ചെയ്തായിരുന്നോ എന്ന തരത്തിലുള്ളവ കുറിച്ചു വച്ചാൽ ചിലപ്പോൾ ആ കടലാസുൾപ്പെടെ കത്തിപ്പോയേക്കാം. അത്തരത്തിലുളളവ ഉടനേ നിർവ്വഹിച്ചേക്കുകയാണ് ബുദ്ധി.  ഒന്നു ശ്രദ്ധിക്കണേ. സ്റ്റൗ ഓഫ് ചെയ്യാൻ പോകും വഴി പുതയ്ക്കാതെ കിടക്കുന്ന കുഞ്ഞിനെ പുതപ്പിച്ച്, ലൈറ്റ് ഓഫ് ചെയ്തു, ബാത്റൂമിൻ്റെ വാതിലടച്ച്, ... ....  അങ്ങിനെയങ്ങു പോകരുതെന്നു മാത്രം.  ഒപ്പം ദൈവമേ,  ഇതോർമ്മിപ്പിച്ചതിനു നന്ദി എന്നു പ്രാർത്ഥിക്കുകയുമാകാം.  പേപ്പറിൽ കുറിക്കുമ്പോളും ഇതു ചെയ്യാവുന്നതേയുള്ളു.  ഇതാ, നമ്മൾ പ്രാർത്ഥിച്ചു തുടങ്ങിയിരിക്കുന്നു.  ഒപ്പം, അല്ലെങ്കിൽ മറന്നു പോയേക്കുമായിരുന്ന കാര്യങ്ങളുടെ ഒരു  to do ലിസ്റ്റും കയ്യിലായി. ദൈവത്തിനു നന്ദി. 
ചില പ്രാർത്ഥന ഉഴപ്പുകളുടെ പിന്നിൽ സാത്താന്‍റെ കറുത്ത കൈകളും ഉണ്ടായേക്കാം. തിരിച്ചറിയുക അത്ര എളുപ്പമായേക്കില്ല.  സംശയം തോന്നിയാൽ സംരക്ഷണ പ്രാർത്ഥന ചൊല്ലുക തന്നെ.  തിന്മയിൽ/ ദുഷ്ടനിൽ നിന്നു രക്ഷിക്കണേ എന്നു കർത്തൃ പ്രാർത്ഥനയിൽ തന്നെ ഉണ്ടല്ലോ.

എല്ലാവർക്കും നല്ല പ്രാർത്ഥനാ ദിനങ്ങൾ ആശംസിക്കുന്നു,  പ്രാർത്ഥിക്കുന്നു. 

 ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!! മറ്റുള്ളവരും അറിയട്ടെ.

Comments