പാറമേൽ പണിയപ്പെട്ട സഭ

 പാറമേൽ പണിയപ്പെട്ട സഭ


വി. മത്തായി അറിയിച്ച സുവിശേഷം പതിനാറാമദ്ധ്യായം13 മുതൽ 20 വരെ വചനങ്ങളിലായി ഒരു സംഭവം വിവരിക്കുന്നുണ്ട്. ഇതര സമാന്തര സുവിശേഷകരും സംക്ഷിപ്തമായി ഇതു പറയുന്നുണ്ട്. ഇതാണു സംഭവം. പ്രത്യേകിച്ച് ഒരു പശ്ചാത്തലവുമില്ലാതെ യേശു പൊടുന്നനെ തന്നെക്കുറിച്ച് ആളുകൾ എന്താണു പറയുന്നതെന്ന്  ശിഷ്യരോട് ചോദിക്കയാണ്. പൊതുജനാഭിപ്രായം അറിയാൻ ശ്രമിക്കയാണ് യേശു എന്നു നമുക്ക് ആദ്യ വായനയിൽ തോന്നിയേക്കാം. എന്നാൽ താൻ ആരാണെന്നും എവിടെ നിന്നു വരുന്നുവെന്നും അറിയാവുന്ന യേശു ജനത്തിന്റെ അഭിപ്രായത്തിന് അത്ര വില കല്പിച്ചിരുന്നില്ലെന്നും പരസ്യമായി തന്നെ അങ്ങിനെ ഒരു നിലപാട് എടുത്തിരുന്നു എന്നും ഓർക്കുമ്പോൾ നമ്മുടെ ചിന്താഗതി മാറും.  തുടർന്ന് തന്റെ ശിഷ്യർ തന്നെക്കുറിച്ച് എന്തു പറയുന്നു എന്നന്വേഷിക്കുന്നതു കാണുമ്പോൾ അവരെങ്കിലും തന്നെ മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയാനുള്ള ആകാംക്ഷയാണ് യേശുവിനെ നയിക്കുന്നതെന്നു നാം കണ്ടെത്തും.  പതിവുപോലെ എടുത്തു ചാട്ടക്കാരനായ പത്രോസ് തന്നെ അതിനു മറുപടിയും പറയുന്നു:  'നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.' പുർണ്ണതയുള്ള ഒരുത്തരം.  ഈ ഉത്തരത്തോടുള്ള യേശുവിന്റെ പ്രതികരണം  കാണുമ്പോളാണ്  നമ്മുടെ കണ്ടെത്തൽ തെറ്റിപ്പോയി എന്നു നാം തിരിച്ചറിയുന്നത്. 'യേശു അവനോട്‌ അരുളിച്ചെയ്‌തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ്‌ നിനക്ക്‌ ഇതു വെളിപ്പെടുത്തിത്തന്നത്‌. ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.(മത്തായി 16 : 17-18) തുടർന്ന് ചില അധികാരങ്ങളും കല്പിച്ചു കൊടുക്കുന്നുണ്ട്. ശിമയോൻ പറഞ്ഞത് അയാളുടെ അഭിപ്രായമോ അപ്പസ്തോലരുടെ പൊതു അഭിപ്രായമോ അല്ല എന്നാണ് യേശു പറയുന്നത്. എന്നാൽ ശിമയോൻ ഭാഗ്യവാനാണ്.  എന്തുകൊണ്ട്സ്വർഗ്ഗസ്ഥനായ പിതാവിന്റെ വെളിപാട് അയാൾക്ക് സ്വീകരിക്കാനായി.  അതു മാത്രമേ ഉള്ളോതുടർന്ന് യേശു പറയുന്നത് ഒരു ബന്ധവുമില്ലാത്ത മറ്റൊരു കാര്യമാണ്.   കണ്ണുകളടച്ച്ആ രംഗമൊന്ന് മനസ്സിൽ കണ്ടാൽ നമുക്ക് വേഗത്തിൽ മനസ്സിലാകും ആരെ അടിസ്ഥാനമാക്കി വേണം സഭയേ സ്ഥാപിക്കാനെന്ന് പിതാവ് യേശുവിന് കൊടുക്കുന്ന അടയാളമാണതെന്ന്. അതല്ലേ ശിമയോന്റെ യഥാർത്ഥ ഭാഗ്യംഒരു നിയമന ഉത്തരവിന്റെ  മുഴുവൻ ഔദ്യോഗീകതയും ഔപചാരികതയും യേശുവിന്റെ ഭാഷയിൽ വ്യക്തമാണു താനും.  കേപ്പ എന്ന പാറമേൽ സഭയേ സ്ഥാപിക്കുക എന്നതു പിതാവിന്റെ ഹിതമായിരുന്നു.  ആ ഹിതപ്രകാരമുള്ള യേശുവിന്റെ നിയമനവുമായിരുന്നു.

എന്നാൽ സുവിശേഷത്തിനു വെളിയിൽ  പുതിയ നിയമത്തിൽ പന്ത്രണ്ട് അപ്പസ്തോലരാകുന്ന അടിസ്ഥാനങ്ങളുടെ മേൽ പണിയപ്പെട്ട സഭയേക്കുറിച്ച് സൂചനയുണ്ട്.  അപ്പോൾ സഭയുടെ അടിസ്ഥാനം പത്രോസോ അതോ പന്ത്രണ്ടപ്പസ്തോലരോഉത്തരം തേടുമ്പോൾ നാം ഇതു കൂടി അറിഞ്ഞിരിക്കണം.

ബൈബിൾ വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.  അതിൽ പ്രധാനപ്പെട്ട ഒന്നാണ് പുതിയ നിയമത്തിന്റെ വെളിച്ചത്തിൽ  പഴയ നിയമം വായിക്കുകയും മനസ്സിലാക്കുകയും വേണം എന്നത്. അതു പോലെ തന്നെ പുതിയ നിയമത്തിൽ തന്നെ സുവിശേഷങ്ങൾക്ക് ഇതര ഗ്രന്ഥങ്ങൾക്കു മേലുള്ള പ്രാമാണ്യവും.  അതായതു് സുവിശേഷങ്ങൾ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോട് ഇണങ്ങും വിധം വേണം മറ്റു ഗ്രന്ഥങ്ങളിലെ ആശയങ്ങൾ മനസ്സിലാക്കാൻ എന്നു സാരം.  ഇതിനെല്ലാം അടിസ്ഥാനം  ദൈവീക വെളിപാടിന്റെ പൂർണ്ണത യേശുവിലാണു എന്ന സത്യവും. മാംസം ധരിച്ച വചനമാണല്ലോ യേശു.

അങ്ങിനെ നോക്കുമ്പോൾ സുവിശേഷത്തിൽ നാം കണ്ടെത്തിയ സഭയുടെ അടിസ്ഥാനമായ കേപ്പമേൽ സ്ഥാപിക്കപ്പെട്ട കല്ലുകളാണ് അപ്പസ്തോലരെന്ന  നിഗമനത്തിലേ നമുക്കെത്താനാവൂ. അതായത് അപ്പസ്തോലരായ കല്ലുകളേ ഏകോപിപ്പിച്ചു നിൽക്കുന്നത് പത്രോസ് ആണ്. ഓടിയതും ഓടുന്നതും വ്യർത്ഥമായി പോകാതിരിക്കാൻ പത്രോസിനോടുള്ള കൂട്ടായ്മ അത്യന്താപേക്ഷിതമാണെന്നു സാരം.  ഏതെങ്കിലും സഭ പത്രോസെന്ന പാറയെ പരാമർശിക്കാതെ പന്ത്രണ്ട് അപ്പസ്തോലരാകുന്ന അടിസ്ഥാനങ്ങളെക്കുറിച്ചു മാത്രം പരാമർശിക്കുന്നെങ്കിൽ ആ സഭ ശൈഥല്യത്തിന്റെ വക്കിലാണ് നിൽക്കുന്നതെന്ന് അറിഞ്ഞു കൊള്ളുക.

 ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

കൂടുതല്‍ പേര്‍ അറിയട്ടെ.

Comments