പുഴുവരിക്കാനുള്ളതല്ലേ ഈ ശരീരം?

 

പുഴുവരിക്കാനുള്ളതല്ലേ ഈ ശരീരം?

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here
ഈലേഖനം കേള്‍ക്കാം ഇവിടെ

പേര് പൌളി. നാട്ടുകാരിൽ ഭൂരിഭാഗവും വിളിക്കുന്നത് പൗളി ചേച്ചി.  വയസ്സ് 57 കഴിഞ്ഞു.  ഉയരം മൂന്നടിയിൽ താഴെ! ബർണാഡ് കവലയ്ക്ക് സമീപം ആലപ്പുഴ ആനകുത്തി പാലത്തിനടുത്ത് താമസം. വീട്ടിൽ 90 കഴിഞ്ഞ അമ്മയും സഹോദരനും അയാളുടെ ഭാര്യയും രണ്ടു കുട്ടികളും. അവിവാഹിതയാണ്.

നാട്ടുകാരെല്ലാവരും പൌളിയെ അറിയും. നല്ല സ്വഭാവമാണ്. അധികം സംസാരിക്കാറില്ല. ആങ്ങളയെ ഭാരപ്പെടുത്താതിരിക്കാൻ ജോലി ചെയ്തു ജീവിക്കും. ഏതെങ്കിലും വീടുകളിൽ ജോലിക്ക് പോകും. അല്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതിയിൽപ്പെട്ട ജോലി. നന്നായി ജോലി ചെയ്യും. തന്മൂലം ജോലിക്ക് വിളിക്കുവാൻ ആളുകൾക്കിഷ്ടമാണ്. ആരെയും മുഷിപ്പിക്കുകയില്ല.

രാവിലെ കുർബാനയിൽ ആരംഭിക്കുന്നു പൌളിയുടെ ജീവിതം.  കുര്‍ബാന നിര്‍ബ്ബന്ധമാണ്. പ്രാർത്ഥനാ കൂട്ടായ്മ ഉള്ളപ്പോൾ അതിനും മുടങ്ങാതെ പോകും. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കും.

ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം!  അത് വൈകുന്നേരം, എന്തെങ്കിലുമുള്ളത്. മിക്കവാറും കഞ്ഞിയും എന്തെങ്കിലും തൊടാനും. നല്ല ഭക്ഷണം വേണമെന്നൊന്നുമില്ല. ഈ ശരീരം പുഴുവരിക്കാനുള്ളതല്ലേ എന്നാണ് ന്യായവാദം. ഒരു നേരം മാത്രം ഈ സാധാരണ ഭക്ഷണം കഴിച്ചിട്ട് എങ്ങനെയാണ് ഇതുപോലെ അദ്ധ്വാനിക്കുന്നത് എന്ന് ആളുകൾ ചോദിക്കാറുണ്ട്. അതിൻറെ ഒരു രഹസ്യം എപ്പോഴും ഒന്ന് തന്നെ എന്ന് പറയും. രാവിലെയുള്ള കുർബാന, കുര്‍ബാന സ്വീകരണം, പരാതിയില്ലാത്ത ജീവിതം. ആരോടും പകയില്ല, വഴക്കില്ല, ടെൻഷനില്ല. ചുരുക്കത്തിൽ യേശുവിനോട് കൂടെയുള്ള ജീവിതം. അവിടെ നിന്നാണ് എൻറെ മണവാളൻ! അതുകൊണ്ട് ഏത് സാഹചര്യത്തിലും സന്തോഷത്തോടെ ആയിരിക്കുവാൻ എനിക്ക് കഴിയുന്നു.

 ഉയരം കുറവായതിനെക്കുറിച്ച് ആരെങ്കിലും വല്ലതും പറയുമോ? ചിലരൊക്കെ തമാശയായി വല്ലതും പറയാറുണ്ട്. ഞാനത് കാര്യമാക്കാറില്ല. എൻറെ ഈ ശരീരം കർത്താവിൻറെ സമ്മാനമാണ്! അവിടത്തോട് കൂടെ ആയിരിക്കുവാൻ എൻറെ വൈകല്യം എന്നെ സഹായിക്കുന്നു!

 ഭാവിയെക്കുറിച്ച്? ഭാവിയെക്കുറിച്ച് ഒരു ഉത്ക്കണ്ഠയുമില്ല. ഇന്നുവരെ വഴി നടത്തിയ എൻറെ ദൈവം അന്ത്യം വരെ എന്നെ വഴി നടത്തും. വളരെ ലളിതം ജീവിതത്തിൻറെ തത്വശാസ്ത്രം. കർത്താവിന് സ്തുതി!

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

കൂടുതല്‍ പേര്‍ അറിയട്ടെ.

Comments