എനിക്കതു സ്വീകരിക്കാനായില്ല

 എനിക്കതു സ്വീകരിക്കാനായില്ല

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here
ഈലേഖനം കേള്‍ക്കാം ഇവിടെ


ങേ?...അമ്മയ്ക്ക് ഭാഷാവരമുണ്ടെന്നോ?! അമ്മ പുഞ്ചിരിച്ചു. നീ കുഞ്ഞായിരിക്കുമ്പോൾ നിൻറെ അപ്പച്ചനും ഞാനും ഒരു കാരിസ്മാറ്റിക് സെമിനാറിൽ പങ്കെടുത്തു. അതിൻറെ അവസാനദിവസം ആത്മാവിൻറെ നിറവിനും അഭിഷേകത്തിനും ആയി ഗ്രൂപ്പ് ലീഡേഴ്സ് പ്രാർത്ഥിച്ചപ്പോൾ എനിക്ക് ഭാഷാവരം കിട്ടി!

എനിക്കന്ന് വയസ്സ് 16. ഞാൻ ഡ്രൈവിംഗ് ലൈസൻസ് നേടിയേയുള്ളൂ. അമ്മയോടൊത്ത് ഒരു യാത്ര പോവുകയാണ്. ഞാനാണ് വണ്ടിയോടിക്കുന്നത്. ഞങ്ങൾ പല കാര്യങ്ങൾ സംസാരിച്ച കൂട്ടത്തിൽ ഞാന്‍ ആയിടയ്ക്കു  സന്ദർശിച്ച അടുത്തുള്ള ഒരു കാരിസ്മാറ്റിക് പ്രാർത്ഥനാ സമ്മേളനത്തിലെ അനുഭവം അമ്മയോട് പങ്കുവയ്ക്കുകയാണ്. എനിക്ക് അവരുടെ പ്രാർത്ഥനരീതി  ഇഷ്ടപ്പെട്ടു. എല്ലാവരുടെയും മുഖത്ത് നല്ല സന്തോഷം. ഗ്രൂപ്പിൽ ചെല്ലുന്നവരെ ആരായാലും അവർ സന്തോഷത്തോടെ സ്വാഗതം ചെയ്യും. യേശുവിനോടുള്ള അവരുടെ സ്നേഹം വളരെ പ്രകടമാണ്. എനിക്ക് അവിടുത്തോട് അത്രയും സ്നേഹമില്ലല്ലോ എന്ന് ഞാൻ ഓർത്തു.

ഗാനങ്ങളും സ്തുതിയും നന്ദിയും തിരുവചന പാരായണവും പ്രസംഗവും സാക്ഷ്യങ്ങളും രോഗശാന്തി പ്രാർത്ഥനയും എല്ലാം ഉണ്ട്. എനിക്കൊട്ടും വിരസത തോന്നിയില്ല. സമയം പോയത് അറിഞ്ഞുമില്ല.

അമ്മ ശ്രദ്ധിച്ചിരുന്നു. ആ പ്രാർത്ഥനാരീതികളിൽ ഒരെണ്ണം മാത്രം എനിക്ക് ഉൾക്കൊള്ളാൻ ആയില്ല. ഇടയ്ക്കിടയ്ക്ക് അവർ ചില അവ്യക്ത സ്വരങ്ങൾ പുറപ്പെടുവിക്കുന്നതോഎനിക്കു പരിചയമില്ലാത്ത ഏതോ ഒരു നിഗൂഡഭാഷയില്‍ സംസാരിക്കുന്നതോ. പിന്നീട് അന്വേഷിച്ചപ്പോൾ അത് ഭാഷാവരമാണെന്നാണ് അവർ പറഞ്ഞത്. വേദപുസ്തകത്തിൽ പ്രസക്തഭാഗങ്ങൾ എനിക്ക് കാണിച്ചു തരികയും ചെയ്തു. (അപ്പസ്തോല പ്രവർത്തനങ്ങൾ രണ്ടാം അധ്യായം, 1കോറിന്ത്യര്‍ 12ഉം 14ഉം അധ്യായങ്ങൾ.) എന്നാൽ എനിക്ക് അത് സ്വീകരിക്കാനായില്ല.

അമ്മയ്ക്ക് ഇതേപ്പറ്റി വല്ലതും അറിയാമോ? ഭാഷാവരത്തെക്കുറിച്ച് അമ്മയുടെ അഭിപ്രായം ഞാൻ ആരാഞ്ഞപ്പോഴാണ് അമ്മ പറയുന്നത്  ‘എനിക്ക് ഭാഷാപരമുണ്ട്, മകനെ! ഞാൻ തനിയെ പ്രാർത്ഥിക്കുമ്പോഴും എന്തെങ്കിലുമൊക്കെ ജോലി ചെയ്യുമ്പോഴും ഭാഷാപരത്തിൽ പ്രാർത്ഥിക്കാറും പാടാറുമുണ്ട്.’

എങ്കിൽ അമ്മ ഇപ്പോൾ ഒന്ന് പ്രാർത്ഥിച്ചേ. ശബ്ദിച്ചുകൊണ്ടിരുന്ന റേഡിയോ ഓഫ് ആക്കാൻ അമ്മ പറഞ്ഞു. ഞാൻ ഓഫ് ആക്കി. അമ്മ അല്പം ഒന്ന് ഏകാഗ്രയായി, താഴ്ന്ന ശബ്ദത്തിൽ യേശുവിനെ സ്തുതിച്ചു തുടങ്ങി. ക്രമേണ ഭക്തിരസം നിറഞ്ഞ ഒരു രാഗവും അതോടൊപ്പം ചില സ്വരങ്ങളും. ഞാനാശ്ചര്യപരിതനായി. ക്രമേണ അമ്മയുടെ ആലാപത്തിൽ ലയിച്ചു. അമ്മ മാലാഖമാരുടെ ഗാനമാലപിക്കുന്നതായാണ് എനിക്ക് തോന്നിയത്.  ഞാൻ ദൈവസാന്നിദ്ധ്യബോധത്തിൽ നിറഞ്ഞു.

എനിക്കത് ദൈവാനുഭവത്തിന്റെ നിമിഷങ്ങളായിരുന്നു. അതോടെ ഭാഷാവരത്തെ കുറിച്ചുള്ള സംശയങ്ങൾ എല്ലാം നീങ്ങി. തന്നെയല്ല, എന്നെ ഇടയ്ക്ക് അലട്ടിയിരുന്ന ദൈവാസ്തിത്വത്തെക്കുറിച്ചുള്ള സംശയങ്ങളും എന്നെ വിട്ടുപോയി!  ഭാഷാവരം എനിക്കും വേണം!

 പിന്നീട് ഞാനും ഒരു പൂർണ്ണ സെമിനാറിൽ സംബന്ധിച്ചു അഭിഷേകപ്രാർത്ഥനാ വേളയിൽ കർത്താവ് എനിക്കും നൽകി ഭാഷാവരം.

ഫാ.മാര്‍ക്ക്‌ ഗോറിംഗ് (Fr. Mark Goring) എന്ന അമേരിക്കൻ കൊച്ചച്ചന്റെ സാക്ഷ്യം. അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ യൂട്യൂബിൽ ലഭ്യമാണ്.

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

കൂടുതല്‍ പേര്‍ അറിയട്ടെ.

Comments