തുള്ളി ചാടാൻ തോന്നി.

 

എനിക്ക് തുള്ളി ചാടാൻ തോന്നി.

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio   here
ഈലേഖനം കേള്‍ക്കാം ഇവിടെ



എനിക്ക് അന്ന് എട്ടുവയസ്സു പ്രായം. വീട്ടിൽ എന്തെങ്കിലും നഷ്ടപ്പെടുകയോ അല്ലെങ്കിൽ എന്തെങ്കിലും പ്രത്യേക ആവശ്യമോ വിഷമമോ ഉള്ളപ്പോൾ അടുത്തു തന്നെയുള്ള ദേവാലയത്തിലെ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിന് മുമ്പിൽ തിരി കത്തിക്കുന്നതിനു അല്ലെങ്കില്‍ അവിടെ നേർച്ചയിടുന്നതിനായി അമ്മ പൈസ തന്നു വിടുമായിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം ആ കാര്യം സാധിച്ചെന്നും അമ്മ പറയുന്നത് പലപ്പോഴും ഞാൻ കേട്ടിരുന്നു.

ഒരിക്കൽ എന്റെ ഒരു പൊരുൾ നഷ്ടപ്പെട്ടു. എനിക്കന്ന് കുറച്ചുകൂടെ പ്രായമുണ്ട്. ആ സാധനത്തിന് അന്ന് 500 രൂപയെങ്കിലും വില വരും. ദൈവമേ! ഞാൻ എന്തു ചെയ്യും?  ഒരു 500 രൂപ ഉണ്ടാക്കി തരാൻ ഞാൻ അമ്മയോട് ചോദിച്ചു. എൻറെ കയ്യിൽ പൈസ ഒന്നുമില്ലെടാ എന്നായിരുന്നു അമ്മയുടെ മറുപടി. ഞാൻ എന്ത് ചെയ്യും? അപ്പച്ചനോട് ചോദിച്ചാൽ പൈസ കിട്ടുകയില്ല എന്ന് മാത്രമല്ല, പൊരുൾ കളഞ്ഞതിന് നല്ല തല്ലും കിട്ടും!

കുറേ വിഷമിച്ചു നടന്നു. പെട്ടെന്ന് അമ്മ ചെയ്യുന്ന കാര്യം ഓർമ്മ വന്നു. എന്നാൽ മെഴുകുതിരി കത്തിക്കാനോ നേർച്ച ഇടാനോ എന്റെ കയ്യിലാണെങ്കിൽ പൈസയില്ല.  മാതാവിനെ മനസ്സിൽ ഓർത്തുകൊണ്ട് നടന്നു.  കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചിന്ത മനസ്സിൽ വന്നത്, പൈസ ഇല്ലെങ്കിലും ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥന നല്ലവണ്ണം എനിക്കറിയാമല്ലോ. പൈസയേക്കാൾ ശ്രേഷ്ടമല്ലേ ആ പ്രാർത്ഥന!  താമസിച്ചില്ല. ഞാൻ പള്ളിയിൽ ചെന്ന് അമ്മയുടെ മുമ്പിൽ മുട്ടുകുത്തി എൻറെ ആവശ്യം പറഞ്ഞു, എൻറെ വിഷമവും പങ്കുവെച്ചു. എൻറെ കയ്യിൽ തിരി കത്തിക്കാനോ നേർച്ച ഇടാനോ പൈസ ഒന്നുമില്ല. അമ്മേ, അമ്മയ്ക്ക് അത് അറിയാമല്ലോ.

കൈവിരിച്ച് പിടിച്ച് 5 നന്മ നിറഞ്ഞ മറിയമേ ഭക്തിയോടെ ചൊല്ലി ഞാൻ കാഴ്ചവെച്ചു. അൽപനേരം മൗനമായി മുട്ടുകുത്തി നിന്നു. പൊരുൾ വെച്ചിടത്ത് പ്രത്യേകിച്ച് ഇന്ന വശത്ത് നന്നായി ഒന്നു നോക്കാൻ ശക്തമായ ഒരു പ്രചോദനം! എല്ലായിടവും നന്നായി നോക്കിയതാണെങ്കിലും തിരികെ വന്ന് ശ്രദ്ധയോടെ തന്നെ തിരഞ്ഞു.....  അതാ നഷ്ടപ്പെട്ടെന്നു കരുതിയ ആ പൊരുള്‍!  ഒരു എനിക്ക് തുള്ളി ചാടാൻ തോന്നി. അപ്പോള്‍ മെഴുകുതിരിയും നേർച്ചയും ഇല്ലാതെയും അമ്മ സഹായിക്കുമല്ലോ! അമ്മയ്ക്ക് മനസ്സുനിറഞ്ഞു ഞാൻ നന്ദി പറഞ്ഞു.

അന്നുമുതൽ ആരംഭിച്ചതാണ് പരിശുദ്ധ അമ്മയുമായുള്ള ആ സ്നേഹബന്ധം! വർഷങ്ങൾ കഴിഞ്ഞു ഇന്ന് ഞാൻ ഒരു വിൻസെൻഷ്യൻ വൈദികനാണ്.  പരിശുദ്ധ അമ്മ നമ്മുടെ കർത്താവീശോമിശിഹായുടെ എത്ര ശ്രേഷ്ഠമായ ദാനവും സമ്മാനവും ആണെന്ന് ഞാൻ കൂടുതൽ അറിഞ്ഞിരിക്കുന്നു. ദൈവത്തിനു സ്തുതി!

കന്യകാമറിയം എത്ര ഹൃദയാർദ്രയായ ഒരു അമ്മയാണെന്ന് നാം അനുഭവത്തിലൂടെ അറിയേണ്ടിയിരിക്കുന്നു!

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

കൂടുതല്‍ പേര്‍ അറിയട്ടെ.

Comments