ആദ്യ ലേഖനം

 ആദ്യ ലേഖനം


സംഭവിക്കാനിരുന്ന ജീസസ് യൂത്ത് 85 ലെ മൂന്നു ദിവസങ്ങളെ അധികരിച്ചുള്ളതായിരുന്നു എന്റെ ആദ്യ ലേഖനം.  കാത്തലിക്  കരിസ്മാറ്റിക് ന്യൂസ്‌ പ്രസിദ്ധീകരിച്ച ആ ലേഖനം പിന്നീട് കേരള കത്തോലിക്കാ കരിസ്മാറ്റിക്  നവീകരണത്തിന്റെ മുഖപ്പത്രമായ ജീവജ്വാല പുനഃപ്രസിധീകരിക്കുകയുണ്ടായി. 37 വര്‍ഷങ്ങള്‍ക്കു മുമ്പു എഴുതിയതെങ്കിലും ഇന്നും പ്രസക്തിയുള്ളതാണ്  ആ ലേഖനം എന്നു തോന്നുന്നതിനാല്‍ അതിലെ കാതലായ ഭാഗങ്ങള്‍ ഒരിക്കല്‍ക്കൂടി വായനക്കാരുടെ മുന്നിലേക്ക്‌ നീട്ടുന്നു.

വേള്‍ഡ് യൂത്ത്  85

ഒരിറ്റു സ്നേഹത്തിനു വേണ്ടി കൊതിക്കുന്ന, നീതി നടപ്പിലായിക്കാണാന്‍ ദാഹിക്കുന്ന,  അംഗീകാരം അന്വേഷിക്കുന്ന യുവാവ്.  അവന്‍ ഇന്നസംതൃപ്തനാണ്; അസ്വസ്ഥനാണ്.  സ്നേഹത്തിനു പകരം ദ്വേഷവും,  നീതിക്കുപകരം അനീതിയും അക്രമവും അഴിമതിയും,  അംഗീകാരത്തിനു പകരം തിരസ്കരണവും കണ്ടവന്‍ മടുത്തു.  ഇതിനെല്ലാമെതിരെ പടവെട്ടാന്‍ യുവസഹജമായ ചോരത്തിളപ്പവനെ പ്രചോദിപ്പിക്കുന്നു.  കൈമുതലായുള്ളത് സ്വന്തമായ നീതിബോധവും  ധീരതയും,  അപരിചിതമായ അടര്‍ക്കളങ്ങളില്‍ പതറുന്ന പാദങ്ങളും.  ചിലര്‍ അക്രമത്തിനെതിരെ അക്രമമെന്ന മുദ്രാവാക്യവുമായി രക്തരൂക്ഷിത വിപ്ലവത്തിന് പുറകെ ചാടി പുറപ്പെടുന്നു.  ഇന്നത്തെ ലോകത്തിന്റെ അസ്വസ്ഥയ്ക്കവന്റെ സംഭാവനകൂടി മാത്രം നല്‍കാന്‍ സാധിച്ചിട്ടു അമ്പരന്നു നില്‍ക്കുന്നു സമൂഹത്തിന്റെ മുമ്പില്‍ കുറ്റവാളിയായി, വെറുക്കപ്പെട്ടവനായി.  മറ്റൊരുകൂട്ടര്‍ ഇങ്ങനെയൊരു ലോകത്തില്‍ നിന്ന് തന്നെയുള്ള ഒളിച്ചോട്ടത്തിന്റെ പാത തേടുന്നു.  മദ്യവും മയക്കുമരുന്നും അശ്ലീല സാഹിത്യ സിനിമകളും അവനഭയം നല്‍കുന്നു.  നിരാശയെ മാത്രം സുഹൃത്തായി നേടിക്കൊണ്ട് പലപ്പോഴും ആത്മഹത്യവരെ ചെല്ലുന്നു ചിലര്‍ മരിക്കാതെ മരിക്കുന്നു.  ഇനിയുമൊരുകൂട്ടര്‍  ഭൌതീകവിജ്ഞാനത്തിന്റെ,  സ്ഥാനമാനങ്ങളുടെ ധനത്തിന്റെ മേഖലകള്‍ വെട്ടിപ്പിടിച്ചു ഈ അസ്വസ്ഥതകള്‍ക്കെല്ലാം അതീതനാകാമെന്നു വ്യാമോഹിക്കുന്നു.   ഈ പടയോട്ടത്തിനിടയില്‍ സ്വന്തമായുള്ള നീതിബോധവും സ്നേഹിക്കാനറിയാവുന്ന  ഹൃദയവും ചോര്‍ന്നുപോകുന്നത് അവനറിയുന്നില്ല.  എന്തിനെതിരെ അവന്‍ നീങ്ങിയോ അതെ അനീതിയുടെയും വിദ്വേഷത്തിന്റെയും നീരാളിപ്പിടുത്തത്തിലേക്കവന്‍ വഴുതിവീഴുന്നു.ഈ ദൂഷിതവലയത്തിലെ മറ്റൊരു കരുവായി അവന്‍ മാറുന്നു.  ദുസ്സഹമാണാ കാഴ്ച!  അസഹനീയമാണീ ലോകം.  പക്ഷെ യേശു വിഭാവനം ചെയ്തതു മറ്റൊരു ലോകമാണ്.   അതാണു.....

ജീസസ് വേള്‍ഡ്  85

തിളയ്ക്കുന്ന യൌവ്വനത്തിന്റെ മൂര്‍ദ്ധന്യത്തില്‍  യേശു  ഗലീലി കടല്‍ത്തീരത്തില്‍,  കഫര്‍നാമില്‍, സമരിയായില്‍ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചു, അഗ്നിയായാളിപ്പടര്‍ന്നു - അനീതിക്കെതിരെ, ഹിപ്പോക്രസിക്കെതിരെ. സ്നേഹത്തിന്റെ അണയാത്ത നാളവുമായി അവിടുന്ന് അദ്ധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും സമാശ്വസിപ്പിച്ചു.  വേദനിക്കുന്നവരോടൊപ്പം വേദനിച്ചു, രോഗികളെ സുഖമാക്കി,  പാപികളോട് ക്ഷമിച്ചു. വേശ്യകള്‍, ചുങ്കക്കാര്‍,  കുഷ്ടരോഗികള്‍ എന്നിങ്ങനെ മുന്ദ്രകുത്തി സമൂഹം പുറന്തള്ളിയവരുടെ ഇടയിലേക്ക് അവിടുന്ന് ഇറങ്ങിച്ചെന്നു.  സത്യത്തിനു സാക്ഷ്യം വഹിക്കുവാനായി അവിടുന്നീ ലോകത്തിലേക്ക് വന്നു (യോഹ. 18/37)  സത്യത്തിനുവേണ്ടി, സ്നേഹത്തെപ്രതി ഒരു ബലിയായി തന്നെത്തന്നെ സമര്‍പ്പിച്ചു.  അവിടുന്ന് ദൈവത്തിനു സ്വീകാര്യമായ ഒരു വത്സരം പ്രഖ്യാപിക്കാനായിരുന്നു വന്നത്. (ലൂക്കാ.4/19)  അതെ, അവിടുന്ന് പുതിയൊരു രാജ്യം കേട്ടിപ്പടുക്കാനാണിതെല്ലാം ചെയ്തതു.  ആ രാജ്യത്തെ അവിടുന്ന് ദൈവരാജ്യം എന്നു വിളിച്ചു.  അത് മരണാനന്തരം നേടിയെടുക്കാനുള്ള ഒന്നല്ല,  അത് നമ്മളില്‍ തന്നെ രൂപം കൊള്ളേണ്ട ഒന്നാണെന്നു (ലൂക്കാ.16/21) അവിടുന്ന് തറപ്പിച്ചു പറഞ്ഞു.  അവിടെ മുടന്തര്‍ മാനിനെപ്പോലെ കുതിച്ചു ചാടും.  മൂകന്റെ നാവു സന്തോഷത്തിന്റെ ഗാനമുതിര്‍ക്കും,(യേശ.35/5f).  പുതിയൊരാകാശവും പുതിയൊരു ഭൂമിയും അവിടുന്ന് വാഗ്ദാനം ചെയ്തു.  അവിടെ കരയുന്നവന്റെ കണ്ണീരവിടുന്നു ഒപ്പിമാറ്റും.  അവിടെ ദുഖമോ വേദനയോ ഉണ്ടാവുകയില്ല.  മരണം തന്നെ അപ്രത്യക്ഷമാവും.(വെളി.21/1-7)  അവിടെ ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും.  അവിടെ ഐശ്വര്യം നദിപോലെയൊഴുകും. (യേശ. 65/25, 69/12)  സര്‍പ്പങ്ങളുമായി കുഞ്ഞുങ്ങള്‍  ബാലലീലകളാടും(യേശ.11/18)എല്ലാ ദ്വേഷവും മറയുന്ന,  സ്നേഹം തുളുമ്പി നില്‍ക്കുന്ന ഒരു സുന്ദര ലോകം.  ഈ ലോകത്തിന്റെ ആഗമനം ത്വരിതപ്പെടുത്താന്‍ യുവാവായ, യുവതിയായ ഞാന്‍ എന്ത് ചെയ്യണം?  എന്നില്‍നിന്നു എന്താണവിടുന്നു പ്രതീക്ഷിക്കുന്നത്?  അതാണു......

ജീസസ് യൂത്ത് 85

യേശുവിന്റെ ചൈതന്യം എല്ലാമനുഷ്യരിലും വസിക്കുന്നു.  ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലുമാണല്ലോ സൃഷ്ടിച്ചത്.(ഉല്‍.1/26)  അവിടുത്തെ ഛായയും സാദൃശ്യവും പൂര്‍ണ്ണമായി പ്രതിബിംബിക്കുന്നതും അവിടുത്തെ മഹത്വം വെളിവായതും യേശുവിലാണ്. ഈ യേശുവിന്റെ ചൈതന്യമത്രേ മനുഷ്യരില്‍ സഹോദരഭാവമുണര്‍ത്തുന്നതും.  എന്നാല്‍ ആബാ-പിതാവേ എന്നു വിളിക്കുന്ന പുത്രസ്വീകാര്യത്തിന്റെ ആത്മാവിനെ(ഗലാ.4/6) ധരിക്കാതെ നമ്മില്‍ അന്തര്‍ലീനമായിരിക്കുന്ന യേശുവിനെ അനുഭവിച്ചറിയുക സാദ്ധ്യമല്ല.  കണ്ടെത്താന്‍ കഴിയുകയുമില്ല. എന്നിലെ യേശുവിനെ ഞാന്‍ കണ്ടെത്തിയാലെ എന്നെ ഞാന്‍ ഞാന്‍ കണ്ടെത്തിയെന്നു പറയാനാവൂ.  എങ്കില്‍ മാത്രമേ എന്റെ സഹോദരനില്‍ യേശുവിനെ കാണാനെനിക്കു കഴിയൂ. എന്നിലെ യേശുവിനെ ഞാന്‍ കണ്ടെത്തുന്നതിനനുസരിച്ചു അവന്‍ വളരുകയും ഞാന്‍കുറയുകയും വേണം (യോഹ.3/30) എന്നാ ബോദ്ധ്യം എനിക്കുണ്ടാകും.  എന്നു പറഞ്ഞാല്‍ മറ്റൊരു ക്രിസ്തുവായി മാറുക അവിടുന്ന് വിഭാവനം ചെയ്ത ദൈവരാജ്യം കെട്ടിപ്പടുക്കാന്‍ അതല്ലാതെ മറ്റൊരു വഴിയില്ല.

വാര്‍ദ്ധക്യത്തിന്റെ പക്വതയിലേക്ക് കാലൂന്നാന്‍ യേശു കാത്തുനിന്നില്ല.  നിറഞ്ഞ യൌവനത്തില്‍ തന്നെ അവിടുന്ന് തന്റെ പുതിയ രാജ്യത്തിന്റെ സദ്വാര്‍ത്തയുമായി ഇറങ്ങിത്തിരിച്ചു.  അവിടുന്ന് ചെയ്തതെല്ലാം നമുക്കും ചെയ്യാം.  അല്ല, അവിടുന്ന് പിതാവിന്റെ പക്കലേക്ക് പോവുകയാല്‍ അതിലേറെയും നമുക്ക് ചെയ്യാം(യോഹ. 14/12) എന്നവിടുന്നു പറഞ്ഞതോര്‍മ്മിക്കുക.  അനീതിക്കെതിരെ, അക്രമത്തിനെതിരെ, അസമത്വത്തിനെതിരെ ജ്വലിക്കുന്ന സ്നേഹത്തിന്റെ തീപ്പന്തവുമായി മറ്റൊരു ക്രിസ്തുവായി മാറുന്ന യുവാവിനെ/ യുവതിയെയാണ് നാം ജീസസ് യൂത്ത് 85 ല്‍ കണ്ടെത്തുക. സേവനത്തിന്റെ പാതയിലൂടെ ചരിക്കുന്നാ യുവാവ്-യുവതി, സുവിശേഷപ്രഘോഷണം ജീവിതചര്യയായി തിരഞ്ഞെടുത്ത യുവത്തിടമ്പ്. അവന്‍ അല്ലെങ്കില്‍ അവള്‍ യേശുവിനെപ്പോലെ ചിന്തിക്കുന്നു;  യേശുവിനെപ്പോലെ സംസാരിക്കുന്നു;  യേശുവിനെപ്പോലെ പ്രവര്‍ത്തിക്കുന്നു;  പ്രതികരിക്കുന്നു.  പ്രാര്‍ത്ഥനയിലൂടെ, കൂദാശയിലൂടെ സര്‍വ്വോപരി ദിവ്യബലിയിലുള്ള ഒന്നുചേരലിലൂടെ യേശുവിലുള്ള തന്റെ വേരുകള്‍ ആഴത്തിലുറപ്പിക്കുന്ന അവന്‍/അവള്‍ യേശുവില്‍നിന്നും ശക്തി സംഭരിച്ചുകൊണ്ട് യേശുവിനോടൊപ്പം ദൈവരാജ്യം ഈ മണ്ണില്‍ പടുത്തുയര്‍ത്തുകയാണ്.  കര്‍ത്താവായ യേശുവേ വേഗം വരണമേ(വെളി.22/20)  അതാണവന്റെ പ്രാര്‍ത്ഥനാമന്ത്രം.

ജീസസ് യൂത്ത് 85 ഒരു സമാപന സമ്മേളനമല്ല.  അതൊരു പ്രാരംഭ സുദിനമത്രേ.  യേശുവിലേക്ക്,  യേശുവിനോടൊപ്പം യുവത്വത്തിന്റെ ഒരു കുതിച്ചു ചാട്ടം, സ്നേഹപ്രവാഹത്തിന്റെ ഉരുള്‍പൊട്ടല്‍,  ഭാരതസുവിശേഷവല്‍ക്കരണത്തിന്റെ, ഒരു പുതുയുഗത്തിന്റെ,  യുവയുഗത്തിന്റെ നാന്ദികുറിക്കുന്നു ജീസസ് യൂത്ത് 85.

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

കൂടുതല്‍ പേര്‍ അറിയട്ടെ.

 

 

 


Comments