അടുത്ത വണ്ടി വരുന്നതുവരെ

 അടുത്ത വണ്ടി വരുന്നതുവരെ

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio hear
ഈലേഖനം കേള്‍ക്കാം ഇവിടെ 


വിൻസന്റ് കത്തോലിക്കാ വിശ്വാസിയാണ്.  ആഴമായ വിശ്വാസം ഒന്നുമില്ല.  ഒരു ശരാശരി. അയാൾക്ക് വളരെ അപൂർവ്വമായി ഉണ്ടാകുന്ന ഒരു രോഗം. തല മുഴുവൻ പഴുത്ത് വിണ്ടു കീറി. പഴുത്തു പൊളിഞ്ഞു തിരിച്ചറിയാൻ കഴിയാത്ത മുഖവുമായി ദുർഗന്ധം കൊണ്ട് ആർക്കും അടുക്കാൻ വയ്യാത്ത അവസ്ഥ!  ഇടയ്ക്കു ചില സ്ഥലങ്ങളിൽഉണങ്ങി ചുരുണ്ടിരിക്കുന്ന തൊലി എലി,പാറ്റ, പല്ലി, ഉറുമ്പു എന്നിവ കടിച്ചു കൊണ്ട് പോകുന്ന കാഴ്ച അപൂർവ്വമായിരുന്നില്ല!

അഞ്ചുവർഷമായി ചികിത്സിക്കുന്നു.  ഒരു പ്രയോജനവുമില്ല.  ഇതിനിടയ്ക്ക് ചിലരുടെ അഭിപ്രായപ്രകാരം പളനി അമ്പലത്തിലും  ചില മോസ്ക്കുകളിലും പോയതോര്‍ക്കുന്നു.  എവിടെ നിന്നെങ്കിലും ഒരു ആശ്വാസം ഉണ്ടാകാനാണ്.  ഫലം നിരാശ.  ദുരിതം നിറഞ്ഞ ഈ അവസ്ഥ ഒഴിവാക്കാൻ ഒരേ ഒരു വഴി മാത്രമാണ് വിന്‍സന്റിന്റെ മനസ്സിലുതിർന്നത് ആത്മഹത്യ! ഹൈവേയ്ക്ക് അടുത്താണ് വിന്‍സന്റിന്റെ വീട്.  രാത്രിയിലൊരിക്കൽ വീട്ടുകാർ നല്ല ഉറക്കത്തിലായപ്പോൾ ഉറക്കമില്ലാതെ കിടന്ന അയാൾ മെല്ലെ എഴുന്നേറ്റു റോഡരികിലേക്ക് ചെന്നു.  വലിയ ലോറികള്‍ നിറഭാരവുമായി ഹൈവേയിലൂടെ പായുന്നു.  ഇതുതന്നെ തരമെന്നോര്‍ത്തു ലോറിയുടെ മുന്നിലേക്ക് ചാടുക.  നീയൊക്കെ വണ്ടി കയറി ചാവുകയാ നല്ലത് ഒരു സ്വരം അയാൾക്ക് പ്രചോദനവുമായി. എന്നാൽ അടുത്ത ലോറി വരാൻ അല്പം വൈകി.  ദൈവത്തോട് പറഞ്ഞു.  അടുത്ത വണ്ടി വരുന്നത് വരെയുള്ള സമയം - സെക്കൻഡുകൾ മാത്രം ആകാം - ഞാൻ അങ്ങേയ്ക്ക് തരുന്നു. എന്തെങ്കിലുമെന്നോട് പറയാനുണ്ടെങ്കിൽ പറയുക. പെട്ടെന്ന് വിന്‍സന്റിനെ അത്ഭുതപ്പെടുത്തിക്കൊണ്ടൊരു ശബ്ദം. ഞാൻ തന്ന ജീവിതം ഞാൻ തിരികെ എടുക്കുന്നത് വരെ നീ എനിക്കുവേണ്ടി ജീവിക്കണം. അതോടെ ഒരു പ്രകാശം ഉള്ളിൽ നിറഞ്ഞു.  മനസ്സ് ശാന്തമായി. സാവകാശം വീട്ടിലേക്ക് മടങ്ങി. മുറിയിലേ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ക്രൂശിതരൂപത്തിനു മുമ്പിൽ മുട്ടുകുത്തി  ശാന്തമായി പ്രാർത്ഥിച്ചു.

ആദ്യം കേട്ടത് ദുഷ്ടാരൂപിയുടെ സ്വരവും രണ്ടാമത്തേത് യേശുവിന്റേതുമാണെന്നുമുള്ള തിരിച്ചറിവ് അയാൾക്കുണ്ടായി.  പ്രാർത്ഥന അല്പം ഉച്ചത്തിലായി. അതുകേട്ട് വീട്ടുകാര്‍ എഴുന്നേറ്റു.  രണ്ടുദിവസം മുമ്പ് കണ്ട ഡോക്ടർ വിന്‍സന്റ്  ഇനി രണ്ട് ദിവസത്തിനപ്പുറം ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞത് അവരോര്‍ത്തു. മരണവെപ്രാളത്തിലായിരിക്കാം പ്രാർത്ഥിക്കുന്നത് എന്ന് കരുതിയാണ് അവർ എഴുന്നേറ്റത്. മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുന്ന വിൻസെന്റിനൊപ്പം വീടുമുഴുവന്‍ കൂട്ടനിലവിളിയായി.

കര്‍ത്താവിന്റെ സ്വരം വീണ്ടുംയാള്‍ കേട്ടു.  ഡിവൈനില്‍ പോയി ഒരാഴ്ച ധ്യാനിക്കുക. ഡിവൈന്‍ എവിടെയാണെന്നു ആര്‍ക്കുമറിയില്ല.  പിറ്റേന്നു തന്നെ അതിനു പരിഹാരമുണ്ടായി.  വിന്‍സന്റിനൊപ്പം പഠിച്ച ഒരു ചെറുപ്പക്കാരൻ അത്ഭുതമെന്നോണം അവിടെയെത്തി. അയാൾ വളരെ സ്നേഹത്തോടെ വിന്‍സന്റിനെ ഡിവൈനിലെത്തിച്ചു,  കൂടെനിന്നു പരിചരിച്ചു.  ദുർഗന്ധമൊന്നും അയാൾ വകവച്ചില്ല.

ഡിവൈനിലെ രോഗികളുടെ സെക്ടറിൽ എത്തിയപ്പോൾ ചിലർ ദുർഗന്ധം മൂലം അകലേക്കു  മാറി.  അവിടെ കിടന്നും ഇരുന്നും വചനം കേട്ടു.  മുമ്പു ഇടയ്ക്കിടയ്കൊക്കെ മദ്യപിച്ചിരുന്ന വിന്‍സന്റ്  പൂർണമായി അതു നിർത്തുവാൻ ദൃഡനിശ്ചയം ചെയ്തു. രാത്രിയിൽ രോഗികളുടെ അടുത്തെത്തി അവരറിയാതെ അവർക്ക് വേണ്ടി പ്രാർത്ഥിച്ചു. നല്ല മാനസാന്തരത്തിന്റെ കൃപ ലഭിച്ച അയാള്‍ തന്റെ പാപങ്ങൾ ഓർത്തു നന്നായി അനുതപിച്ചു ഒരു പൂർണ്ണ കുമ്പസാരം നടത്തി.  ക്ഷമയുടെ ക്ലാസ്സ് കേട്ട് ഒരു പേപ്പറും പേനയും എടുത്തു പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ചു. നൂറോളം പേരുടെ കാര്യം ഓര്‍മ്മ വന്നു.  എല്ലാവരോടും ക്ഷമിച്ചു.  അവരെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.  വലിയ സമാധാനം അനുഭവപ്പെട്ടു.  

പിറ്റേന്ന് നടന്ന ആരാധനയിൽ പനയ്ക്കലച്ചൻ വിളിച്ചുപറഞ്ഞു, പാലക്കാട് നിന്നുള്ള ത്വക്കു രോഗിയായ വിന്‍സന്റിനെ കർത്താവ് സ്പർശിക്കുന്നു!  കരന്റടിക്കുന്ന ഒരു അനുഭവമായിരുന്നു. ശരീരം മുഴുവന്‍ വിറക്കാന്‍ തുടങ്ങി.  അപ്പോൾതന്നെ ഒഴുകിക്കൊണ്ടിരുന്നു ചലവും വെള്ളവും നിലച്ചു.  വൃണങ്ങള്‍ ഉണങ്ങാന്‍ തുടങ്ങി.  പൂര്‍ണ്ണസൗഖ്യം കര്‍ത്താവു ആ മകനു നൽകി.  ദുര്‍ഗ്ഗന്ധം കാരണം അകന്നു  പോയവർ ഈ അത്ഭുതം കണ്ടു അടുത്തു വരുകയും ദൈവത്തെ സ്തുതിച്ചുകൊണ്ട്  വിന്‍സന്റിനെ ആലിംഗനം ചെയ്യുകയും ചെയ്തു.   

മുരിങ്ങൂരിലെ ബൈബിള്‍ കോളജിൽ പഠനം പൂർത്തിയാക്കി സാക്ഷ്യത്തില്‍ തുടങ്ങി പല ശുശ്രൂഷകളും 27 വർഷമായി നടത്തുന്നു.  തമിഴിലും ശുശ്രൂഷകള്‍ നടത്താനും കീബോര്‍ഡു വായിച്ചു ദൈവസ്തുതിയും ആരാധനയും നയിക്കാനും വിന്‍സന്റിനെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു.  Praise the Lord!

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

Comments