ശരിക്കും സ്പന്ദിക്കുന്ന ഒരു ഹൃദയം

 ശരിക്കും സ്പന്ദിക്കുന്ന ഒരു ഹൃദയം!

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio hear 
ഈലേഖനം കേള്‍ക്കാം ഇവിടെ

 

എട്ടുവയസ്സുള്ള ജയകുമാറിന്റെ സ്വപ്നം ഒരു പൂജാരിയാവുക എന്നതായിരുന്നു.  ഈ ആഗ്രഹത്തെ അവൻ താല്പര്യത്തോടെ താലോലിച്ചിരുന്നു. എന്നാൽ അവൻ പഠിച്ചത് ഒരു കത്തോലിക്കാ സ്കൂളിൽ.  സ്കൂളിനോട് ചേർന്ന് തന്നെ പള്ളി ഉണ്ടായിരുന്നെങ്കിലും ഒരിക്കൽപോലും അവൻ പള്ളിയിൽ കയറിയിട്ടില്ല. തന്റെ ചിരകാലാഭിലാഷത്തിനു ഒന്നും തടസ്സമാകരുതല്ലോ.

ഒരു ദിവസം- അതു ഒരു ഒന്നാം വെള്ളിയാഴ്ചയായിരുന്നു- ഉച്ചയ്ക്കുള്ള വിശ്രമസമയത്തു കുട്ടികൾക്കുവേണ്ടിയുള്ള കുർബാനയുണ്ട്.  സാധാരണ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ജയകുമാർ സ്കൂളിൽ പോയി സ്ഥലത്ത് വെറുതെ ഇരിക്കും.  എന്നാൽ അന്നു അവൻറെ ഒരു സഹപാഠി അവനെ പള്ളിയിലേക്ക് ക്ഷണിച്ചു. അവൻ അത് നിരസിച്ചു. ഇല്ല, എനിക്ക് അത് പറ്റില്ല എന്ന് പറഞ്ഞു. എന്നാൽ സഹപാഠി അവനെ സ്നേഹപൂർവം നിർബന്ധിച്ചു. ജയകുമാറെ, നീ ഇവിടെ വെറുതെ ഇരിക്കുകയല്ലേ? നീ പള്ളിയിൽ വന്നു പ്രാർത്ഥിക്കുകയൊന്നും വേണ്ട. വെറുതെ ഇരുന്നാൽ മതി. സഹപാഠിയുടെ സ്നേഹത്തിനു വഴങ്ങി അവൻ കൂടെ ചെന്നു.  പള്ളിയുടെ പുറകിലത്തെ വാതിലിനടുത്ത് മതിലും ചാരി അവനിരുന്നു.

കുർബാന ആരംഭിച്ചു. കുട്ടികൾ പാടുന്നതും പ്രാർത്ഥിക്കുന്നതും അവൻ ശ്രദ്ധിച്ചു. വൈദീകന്‍ കൂദാശ ചെയ്യുന്ന സമയത്ത് (ജയകുമാറിന് അന്ന് അതെന്താണെന്നൊന്നും അറിയില്ല) അവൻ നോക്കിയിരിക്കെ ഒരു അപൂർവ്വ കാഴ്ച കണ്ടു.  വൈദികന്റെ കയ്യിൽ തുടിക്കുന്ന ഒരു ഹൃദയം!  അവൻ കൂടുതൽ സൂക്ഷിച്ചുനോക്കി. ശരിക്കും സ്പന്ദിക്കുന്ന ഒരു ഹൃദയം!  മറ്റുള്ളവരും ഇത് കാണുന്നുണ്ട് എന്നാണ് അവൻ വിചാരിച്ചത്.  

കുറച്ചുകഴിഞ്ഞ് വൈദികൻ ആ ഹൃദയത്തെ രണ്ടായി വിഭജിച്ചു. അപ്പോൾ രക്തംവാർന്ന് അൾത്താരയിലെ വെള്ള വിരിപ്പിൽ വീണു അതെല്ലാം രക്തവർണ്ണമായി!  ഈ കാഴ്ച കണ്ട് ജയകുമാർ അമ്പരന്നു.

പിന്നെ വൈദീകനെ കണ്ടില്ല.  പകരംദേഹമാസകലം മുറിവേറ്റ യേശുവിനെയാണ് അവന്‍ കാണുന്നത്.  ഇത്രമാത്രം മുറിവേറ്റ ഒരു വ്യക്തിയെ ജീവിതത്തിൽ ഒരിക്കലും ഒരു പടത്തിൽ പോലും കണ്ടിട്ടില്ല!  ചുറ്റും നിന്ന ചില മനുഷ്യർ യേശുവിനെ ആ അവസ്ഥയിലും നിഷ്ഠൂരമായി പീഡിപ്പിച്ചു കൊണ്ടിരുന്നു. ചമ്മട്ടി അടിയേറ്റ പറിഞ്ഞു കീറിയ ശരീരത്തിൽ മാംസത്തിനിടയിലൂടെ അവിടെ പുറത്തെ വാരിയെല്ലുകൾ ദൃശ്യമായിരുന്നു! അസഹനീയമായിരുന്നു ആ കാഴ്ച!  യേശുവിനു ചുറ്റും നിന്നവരിലൊരാൾ അടുത്തേക്ക് വന്ന് മുഷ്ടിചുരുട്ടി ശക്തമായി അവിടുത്തെ ഒന്നു പ്രഹരിച്ചു. യേശു മുഖം കുത്തി അൾത്താരയിലേക്ക് വീണു. അവിടെനിന്ന് ബദ്ധപ്പെട്ടു എഴുന്നേറ്റ് ജയകുമാറിന്റെ നേരെ നോക്കി അവനോട് മകനെ ജയകുമാറെ,  ഞാൻ നിന്നെ സ്നേഹിക്കുന്നു. നിനക്കുവേണ്ടി കൂടിയാണ് ഞാൻ കുരിശിൽ മരിച്ചത്. ആ വാക്കുകൾ അവൻറെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. തന്നെ സ്നേഹിക്കുന്ന ഒരു ദൈവമോ? ആദ്യമായിട്ടാണ് അങ്ങനെ ഒരു ദൈവത്തെ അറിയുന്നത്. കോപിക്കുന്ന ഒരു ദൈവത്തെ, ശിക്ഷിക്കുന്ന ഒരു ദൈവത്തെ,  പ്രതികാരം ചെയ്യുന്ന ഒരു ദൈവത്തെക്കുറിച്ച് അവൻ കേട്ടിട്ടുണ്ട്.  അവൻറെ ഹൃദയം സ്നേഹിക്കുന്ന ആ ദൈവത്തിലേക്ക് ചാഞ്ഞു.

പിന്നീട് സ്കൂളിൽ വരുമ്പോൾ ആദ്യം പള്ളിയിൽ കയറി തന്നെ സ്നേഹിക്കുന്ന ദൈവത്തെ സന്ദർശിച്ചിട്ടേ ക്ലാസ്സിൽ കയറുകയുള്ളൂ.

സ്വന്തം അനുഭവം അവൻ മാതാപിതാക്കളോട് പങ്കുവെച്ചു. ജയകുമാറിനെ ജീവിതത്തിൽ വന്ന വ്യത്യാസം കണ്ടു അവരും യേശുവിലേക്കു വന്നു.  സങ്കീര്‍ത്തനം 115/12  കർത്താവിനു നമ്മെക്കുറിച്ച് വിചാരമുണ്ട്. അവിടുന്ന് നമ്മെ അനുഗ്രഹിക്കും. ആദ്യം ലഭിച്ച വചനം ഇതാണ്. ജീവിതത്തിലാകമാനം ഈ തിരുവചനം അനുഭവമായി.

ജയകുമാർ ചിറ്റൂർ ധ്യാന കേന്ദ്രത്തിൽ ശുശ്രൂഷ ആരംഭിച്ചു.  ക്രമേണ മനസ്സിലായി കുട്ടികളുടെ ഇടയിലാണ് തൻറെ ശുശ്രൂഷ എന്ന്. വർഷങ്ങളായി ദൈവാശ്രയത്തിൽ ഈ ശുശ്രൂഷ ഭംഗിയായി നയിക്കുന്നു.  ഇന്നു വിവാഹിതനാണ്.  ഭാര്യയും ദൈവാനുഗ്രഹമുള്ള രണ്ടു കുട്ടികളുമുണ്ട്.  ജയകുമാർ എന്ന പേര് ജ്ഞാനസ്നാനം സ്വീകരിച്ചപ്പോൾ എമ്മാനുവൽ എന്നായി. ദൈവത്തിനു സ്തുതി!

അത്ഭുതകരമായ ദൈവിക ഇടപെടലിലൂടെ ചില അക്രൈസ്തവർ യേശു അനുഭവത്തിലെക്കു വരുന്നതും  അവരുടെ ശക്തമായ സാക്ഷ്യ ജീവിതം പല ക്രൈസ്തവരുടെയും മന്ദജീവിതത്തിന് വെല്ലുവിളിയാകുന്നത കണ്ടിട്ടുണ്ട്. എമ്മാനുവേലിന്റെത് അതിലൊന്നാണ് !  സ്തോത്രം!!

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

Comments