പ്രാര്ത്ഥന കേള്ക്കാത്ത ദൈവം

 പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവം


1993ല്‍ ഇറങ്ങിയ ശാലോം മാസികയുടെ പൈലറ്റ്‌ ഇഷ്യുവില്‍ അവസാന പുറത്തായി എന്റെ ഒരു ലേഖനം ഉണ്ടായിരുന്നു.  അതിവിടെ ഒന്ന് പുനഃപ്രസിദ്ധീകരിക്കുന്നു

 

അന്നും പതിവുപോലെ ഓഫീസ് വിട്ടു നഴ്സറി സ്കൂളിലെത്തി സൗമ്യമോളെയും കൂട്ടി വീട്ടിലേക്കു തിരിച്ചു.  ബസ്സില്‍ പതിവിലധികം തിരക്ക്. കുഞ്ഞിനേയും എടുത്തുകൊണ്ടു ഞാന്‍ ബസ്സില്‍ നില്കയാണ്.  സീറ്റു കിട്ടുന്ന ലക്ഷണമൊന്നുമില്ല.  റോഡില്‍ നല്ല ഗതാഗതത്തിരക്കു.  ഇരുവശത്തേക്കും പായുന്ന വാഹനങ്ങളുടെ ഇരമ്പല്‍;  ബ്രേക്ക് ചെയ്യുന്നതിന്റെ കാതു തുളക്കുന്ന ശബ്ദം;  കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ കുതിക്കുന്ന വാഹനങ്ങളുടെ കലമ്പല്‍.  സൗമ്യമോള്‍ എന്റെ ചെവിയില്‍ ചോദിച്ചു.  ഡാഡീ,  ഈ വണ്ടി കൂട്ടിയിടിക്കുമോ?  കോലാഹലമെല്ലാംകേട്ടു ആ മൂന്നരവയസ്സുകാരി ഭയന്നിരിക്കുമെന്നു ഞാന്‍ കരുതി.  പക്ഷെ,  ഞാനെന്തു മറുപടി പറയും?  അനുദിനമെന്നോണം വാഹനാപകടമുണ്ടാകുന്ന വഴിയിലൂടെയാണു യാത്ര.  പേടിക്കണ്ട മോളെ, വണ്ടി  കൂട്ടിയിടിക്കില്ല എന്നു പറയാന്‍ എനിക്കു തോന്നിയില്ല.  ചിലപ്പോള്‍ കൂട്ടിയിടിച്ചേക്കാം എന്ന സാദ്ധ്യത അവളോട്‌ തുറന്നു പറയാനും ഞാന്‍ മടിച്ചു.  അത് അവളുടെ ഭയം വര്‍ദ്ധിപ്പിക്കാനല്ലേ ഉതകൂ?  അവളുടെ ചെവിയില്‍ ഞാന്‍ മന്ത്രിച്ചു.  മോള്‍ ഈശോയോടു പറഞ്ഞോളു  എന്നെ അമ്പരപ്പിച്ച ഒരു പ്രാര്‍ത്ഥനയാണ് അവളില്‍നിന്നുയര്‍ന്നതു.  എന്റെ ഈശോയെ വണ്ടി കൂട്ടിയിടിക്കണേ.  അവള്‍ വെറുതെ പ്രാര്‍ത്ഥി ക്കുക മാത്രമായിരുന്നില്ല.  പ്രാര്‍ത്ഥിച്ചത് ലഭിക്കുമെന്ന് പൂര്‍ണ്ണമായി വിശ്വസിക്കുകയും ചെയ്തു. പിന്നീട് വണ്ടി ബ്രേക്ക്  ചെയ്തപ്പോള്‍,   ഗട്ടറില്‍ ചാടിയപ്പോള്‍ എല്ലാം അവള്‍ ആകാംക്ഷയോടെ നാലുപുറവും നോക്കുകയും കൂട്ടിയിടിച്ചോ? എന്നു ഉദ്വേഗത്തോടെ ചോദിക്കുകയും ചെയ്തു.

നിങ്ങള്‍ പ്രാര്‍ത്ഥിക്കുകയും  യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് വിശ്വസിക്കുവിന്‍. നിങ്ങള്‍ക്കു ലഭിക്കുക തന്നെ ചെയ്യും (മാര്‍ക്കോസ് 11/24)

ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും;  അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നു കിട്ടും.  ചോദിക്കുന്ന ഏവനും ലഭിക്കുന്നു.  അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു.  മുട്ടുന്നവനു തുറന്നു കിട്ടുകയും ചെയ്യുന്നു. (മത്തായി 7/7-9)

സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങള്‍ക്കു നല്‍കും..... ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും. (യോഹന്നാന്‍ 16/23, 24)

ഇപ്രകാരമുള്ള വാഗ്ദാനങ്ങള്‍ എല്ലാം നിലനില്‍ക്കെ എന്റെ മോള്‍ ചോദിച്ചത് ദൈവം കൊടുത്തില്ല,  ഈ വരികള്‍ കുറിക്കുന്നതു വരെ. എന്താ ദൈവം വിശ്വസ്തനല്ലേ?  എന്താ ദൈവം പ്രാര്‍ത്ഥന കേള്‍ക്കാത്തത്?

നാം പറയുമായിരിക്കും ഒരു കൊച്ചു കുഞ്ഞിനെന്തറിയാം?  അതിന്റെ അറിവില്ലായ്മകൊണ്ടല്ലേ അതങ്ങിനെ പ്രാര്‍ത്ഥിച്ചത്?  വണ്ടി കൂട്ടിയിടിക്കുന്നതു കാണാനുള്ള കൌതുകം മാത്രമായിരിക്കണം അവളുടെ മനസ്സില്‍.  ഒരു കൂട്ടിയിടിയുടെ വരുംവരായ്കകളെക്കുറിച്ചു അവള്‍ക്കെന്തറിയാം?  എല്ലാമറിയുന്ന ദൈവം ആ കുഞ്ഞിന്റെ അജ്ഞത കണക്കിലെടുക്കാതെ പ്രാര്‍ത്ഥനയ്ക്കുത്തരം നല്‍കുമോ? തീര്‍ച്ചയായും ഇല്ല.

ശരിയാണ്, നമ്മുടെ വാദഗതി പൂര്‍ണ്ണമായും ശരിയാണ്.  പക്ഷെ, നമ്മളും ഈ കുഞ്ഞിനെപ്പോലെ തന്നെ ദൈവതിരുമുമ്പില്‍ തികച്ചും അജ്ഞരാണെന്ന് സമ്മതിക്കുകയില്ല.  നമുക്ക് എല്ലാമറിയാമെന്നു,  പലപ്പോഴും ദൈവത്തെക്കാള്‍ അറിയാമെന്നു അല്ലേ നമ്മുടെ ഭാവം?  ആത്യന്തികമായി നന്മയും തിന്മയും നിശ്ചയിക്കാനുള്ള പരമമായ അവകാശം ദൈവന്ന് വകവച്ചുകൊടുക്കാന്‍ നാം തയ്യാറല്ല.  നന്മതിന്മകളെക്കുറിച്ചുള്ള നമ്മുടെ തോന്നലിനു നാം പരമ പ്രാധാന്യം നല്‍കുന്നു.  (അതുതന്നെയല്ലായിരുന്നുവോ ആദ്യപാപവും?)  ദൈവം എന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ലയെന്നുള്ള നമ്മുടെ പരാതിക്ക് ഒരു കാരണം ഇതാവില്ലേ?

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

Comments