കർത്താവിന് ഒരു സമയമുണ്ട്
തങ്കച്ചന്റെ ഇളയ
കുഞ്ഞ് അരുണിന് നാലു വയസ്സ് പ്രായം. കിടന്ന കിടപ്പാണ്. പിറന്നു മൂന്നു മാസം
പ്രായമായപ്പോൾ മുതൽ കഠിനമായ ഒരുതരം സോറിയാസിസ് പിടിപെട്ടു. പല ഡോക്ടർമാരെയും വൈദ്യന്മാരെയും കാണിച്ചു. ആയുർവേദ ചികിത്സകളും നടത്തി. ഒന്നും ഫലം കണ്ടില്ല. അവസാനം മെഡിക്കൽ കോളജിലെ സ്കിൻ
സ്പെഷ്യലിസ്റ്റിനെ കാണിച്ചു. കുട്ടിയെ നോക്കിയിട്ട് അദ്ദേഹം പറഞ്ഞു തങ്കച്ചാ, കുട്ടിയെ
വീട്ടില്‍ കൊണ്ടുപോയ്കൊള്ളുക, ഈ രോഗത്തിന്
അറിയപ്പെട്ട ചികിത്സയൊന്നുമില്ല!
കുട്ടിയെ വീട്ടിലേക്ക്
കൊണ്ടുപോന്നു. നാലുവയസ്സുള്ള അവനു അതിന്റെ
വളർച്ചയൊന്നുമില്ല. ശരീരം മുഴുവൻ വിണ്ടു പൊളിഞ്ഞു വെള്ളവും ചലവും പ്രവഹിക്കുന്നു.
ദുര്‍ഗന്ധം കാരണം അടുത്തു വരാന്‍ ബുദ്ധിമുട്ടാണ്. ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും
ഇതറിയാവുന്നതിനാൽ ആരും ഇപ്പോൾ കുട്ടിയെ കാണാൻ വരുന്നില്ല.
കുട്ടിയെ ചികിത്സിച്ഛവകയ്ക്കു
തങ്കച്ചന് ലക്ഷക്കണക്കിന് രൂപയാണ് കടം! വഴികളെല്ലാം അടഞ്ഞു ഒറ്റപ്പെട്ട ആ കുടുംബം
ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ചു.
ആ ഘട്ടത്തിൽ ദൈവം
അയച്ച മായ എന്ന ഹൈന്ദവ പെൺകുട്ടി - യേശുവിൽ നല്ല വിശ്വാസമുള്ളവളും പോട്ടയില്‍ നടക്കുന്ന അത്ഭുതങ്ങളെ കുറിച്ച് നന്നായി
അറിയാവുന്നവളും - തങ്കച്ചന്റെ വീട്ടിലെത്തി. തങ്കച്ചന്റെ പ്രശ്നങ്ങളിൽ ഇടപെടുവാനും
ഏതു പ്രശ്നവും പരിഹരിക്കാനും കഴിവുള്ള ഒരു ദൈവമുണ്ട്. കർത്താവീശോമിശിഹാ. കുഞ്ഞിനേയും കൊണ്ട് നമുക്ക് പോട്ടയിലേക്ക് പോകാം.
മായയുടെ ബോദ്ധ്യം
നിറഞ്ഞ വാക്കുകളിൽ വിശ്വാസം തോന്നി കുഞ്ഞിനെയും കൊണ്ട് പോട്ടയിൽ എത്തി.
അവിടെ നേരിൽ കണ്ട
അത്ഭുതങ്ങൾ തങ്കച്ചനില്‍ പരിവര്‍ത്തനമുളവാക്കി. ഹൈന്ദവനായ അദ്ദേഹം ‘തങ്കച്ചൻ
എന്ന വ്യക്തിയെ കർത്താവ് സ്പർശിക്കുന്നു’ എന്ന് ശുശ്രൂഷ
നടത്തുന്ന അച്ചൻ പറഞ്ഞതും അയാൾക്കതനുഭവപ്പെട്ടു. ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഒരു അനുഭവം
ഉണ്ടായിട്ടില്ല. ഹൃദയത്തിന്റെയും മനസ്സിന്റെയും
ദുഃഖവും ഭാരവും എല്ലാം നീങ്ങിപ്പോയി! വലിയ
ഒരു പ്രത്യാശയും വിശ്വാസവും ഉള്ളില്‍ നിറഞ്ഞു.
എന്നാൽ അവിടെ നടന്ന
ധാരാളം രോഗശാന്തിക്കിടയിലും കുഞ്ഞു സുഖം പ്രാപിച്ചില്ല! പക്ഷെ, ദൈവാനുഗ്രഹത്താൽ ഒട്ടും നിരാശ
തോന്നിയില്ല! കര്‍ത്താവിനു ഒരു സമയമുണ്ട്.
അതുവരെ പ്രത്യാശയോടെ ഞാൻ കാത്തിരിക്കും. ധ്യാനകേന്ദ്രത്തിൽ കേൾക്കുന്ന വചനങ്ങൾ അയാളെ
വിശ്വാസത്തിൽ കൂടുതൽ ഉറപ്പിച്ചു കൊണ്ടിരുന്നു. വീണ്ടും നാലു ധ്യാനങ്ങളിൽ കൂടി സംബന്ധിച്ചു. ഒന്ന് കാരിസ് ഭവനിലും മൂന്നെണ്ണം ഡിവൈനിലും.
അവസാനത്തെ ധ്യാനം ബഹുമാനപ്പെട്ട ആൻറണി പയ്യപ്പള്ളി അച്ഛനാണ്
നയിക്കുന്നത്. കുഞ്ഞിനെ കയ്യിലെടുത്തു അച്ചന്റെ അടുത്തെത്തി. പ്രിയപ്പെട്ട അച്ചാ, വിശ്വാസം
ഒന്നുകൊണ്ടുമാത്രമാണ് ഈ കുഞ്ഞിനെ ഇത്തവണയും ഞാൻ കൊണ്ടുവന്നിരിക്കുന്നത്. ധ്യാനത്തിൽ പ്രാർത്ഥനാപൂർവ്വം സംബന്ധിച്ചു. ഓരോ
ദിവസവും പിന്നിട്ടു. പ്രധാന ശുശ്രൂഷകളെല്ലാം
അവസാനിച്ചു. അവസാനത്തെ നന്ദിപ്രകാശനത്തിന്റെ ആരാധന ആരംഭിച്ചു. കുട്ടിയുടെ
അവസ്ഥയ്ക്കു മാത്രം ഒരു മാറ്റവുമില്ല!
എല്ലാവരും ശക്തമായി
സ്തുതിക്കുവാൻ ആന്റണിയച്ചന്‍ ആഹ്വാനം ചെയ്തു.
സ്തുതിക്കിടയില്‍ കര്‍ത്താവു ‘ഞാനിതുവരെയും
കുട്ടിയെ സ്പർശിച്ചില്ല’ എന്ന് ആൻറണി അച്ചനു വെളിപ്പെടുത്തി. അച്ചനത്
സമൂഹത്തെ അറിയിച്ചു. തുടർന്ന് നിർത്താതെ
ഏവരും സ്തുതിക്കുകയും ഉറക്കെ നിലവിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യാൻ തുടങ്ങി. ഒടുവിൽ അവർ പ്രതീക്ഷിച്ച വെളിപാട് ലഭിച്ചു. കർത്താവ് അരുണിനെ സ്പർശിച്ചിരിക്കുന്നു!
കേട്ടമാത്രയിൽ വലിയ ആരവത്തിൽ നന്ദിപ്രകാശനം വാനോളമുയർന്നു. ആരാധന അവസാനിച്ചു.
കുട്ടിയെ
എടുത്തുകൊണ്ടുപോയി മുറിയിലെ കട്ടിലിൽ കിടത്തുമ്പോൾ തങ്കച്ചന്റെ മനസ്സില്‍ ‘വിശ്വസിച്ചാല്‍
നീ ദൈവമഹത്വം കാണും’ എന്ന തിരുവചനം വ്യക്തമായി തെളിഞ്ഞു. തങ്കച്ചന് ഒരു സംശയവും തോന്നിയില്ല. സൗഖ്യം ഇപ്പോൾ ദൃശ്യമായിട്ടില്ല. താമസിയാതെ
ദൃശ്യമാകും.
കുഞ്ഞിനെ പ്രതി
രാത്രിയിൽ തങ്കച്ചനും ഭാര്യയും ഊഴം വെച്ച് ഉണർന്നിരിക്കാറാണു പതിവ്. അന്നു രണ്ടുപേരും സുഖമായി ഉറങ്ങി. ഊഴത്തിന്റെ കാര്യം വിട്ടുപോയി. രാവിലെ ഉണർന്നതേ അരുണിനെ തേടി. അവന്റെ ദേഹത്തെ
സോറിയാസിസ് മുഴുവനും കരിഞ്ഞിരിക്കുന്നു! തങ്കച്ചനും
ഭാര്യയും ദൈവത്തിൻറെ മഹത്വം നേരിട്ട് ദർശിച്ചു. ദൈവത്തിന് ഹൃദയം നിറഞ്ഞ നന്ദി!
കുഞ്ഞിനെയുംകൊണ്ട്
വീട് എത്തിയതേ അവൻറെ സൗഖ്യം നാട്ടിലെല്ലാം വാർത്തയായി. വീട്ടിലേക്ക് വലിയ
ജനപ്രവാഹം. കുഞ്ഞിനെ കണ്ടവർ ദൈവത്തെ
മഹത്വപ്പെടുത്തി. മുരിങ്ങൂരിലേക്ക് പിന്നെ ആഴ്ചതോറും ബസ് നിറയെ പോകാൻ തുടങ്ങി. ഒരു നാടുമുഴുവൻ യേശുവിനെ അറിയുവാനും
സ്വീകരിക്കുവാനും അരുണിന്റെ സാക്ഷ്യം നിമിത്തമായി.
തങ്കച്ചനും കുടുംബവും
യേശുവിനെ സ്വീകരിച്ചു ഉറച്ച വിശ്വാസികളായി. തങ്കച്ചൻ ഇപ്പോൾ ഡിവൈനില്‍ ശുശ്രൂഷ ചെയ്യുന്നു. ദൈവത്തിനു സ്തുതി!
Comments
Post a Comment