നിരാശ കടുത്തപ്പോൾ

 നിരാശ കടുത്തപ്പോൾ

 ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio    here
ഈലേഖനം കേള്‍ക്കാം ഇവിടെ

യഹൂദരിൽ ഹസീദിയരുടെ(Hasedeans) കുടുംബത്തിൽപെട്ട പയ്യനാണ് ചാര്‍ലി റിച്.  ഹസീദിയര്‍ ദൈവഭക്തരായ യഹൂദ ഗണമാണ്. മറ്റുള്ളവരിൽ നിന്നുമകന്നു സമൂഹമായി മലമ്പ്രദേശത്ത് അവർ താമസിക്കുന്നു. ദൈവഭക്തനായ ചാർലി വനാന്തരങ്ങളിൽ ചെന്ന് ഏകാന്ത പ്രാർത്ഥനയിൽ ദൈവത്തോട് സംഭാഷിക്കുന്നതിൽ തൽപരനായിരുന്നു.

 മാതാപിതാക്കന്മാർ ന്യൂയോര്‍ക്കിലേക്ക് താമസം മാറി. അവിടത്തെ താമസവും ലൌകീക സമ്പര്‍ക്കവും ചാര്‍ളിയുടെ വിശ്വാസം നഷ്ടപ്പെടാൻ കാരണമായി.  അവൻ ഒരു തികഞ്ഞ നാസ്തികനായി തീർന്നു.  ജീവിതത്തിനു പിന്നെ അർത്ഥവും ലക്ഷ്യവും ഇല്ലാതായി. നിരാശയിലേക്ക് വഴുതിവീഴാനതു കാരണവുമായി. ആരോടും ഇതേപ്പറ്റി സംസാരിക്കാൻ തോന്നിയുമില്ല. നിരാശ കടുത്തപ്പോൾ ആത്മഹത്യചെയ്യാൻ അവൻ തീരുമാനിച്ചു.

ഒരിക്കല്‍ എലിക്കുള്ള വിഷവും വാങ്ങി മുറിയിലേക്ക് പോകുമ്പോൾ - കുശിനി കടന്നു വേണം പോകാൻ - അമ്മ ചാര്‍ളിയെ വിളിച്ചു. മകനേ, നിനക്കുവേണ്ടി ഞാൻ ഉണ്ടാക്കിയ പലഹാരമാണിത്.  അവന്‍ അവിടെനിന്ന് അത് വാങ്ങി കഴിച്ചു.  അമ്മ ഒരെണ്ണംകൂടി കഴിക്കാൻ അവനെ നിർബന്ധിച്ചു.  അമ്മയെ പിണക്കാതിരിക്കാൻ അതും വാങ്ങി കഴിച്ചിട്ട് മുറിയിലേക്ക് പോയി, വാതിലടച്ച് വിഷം അകത്താക്കി കട്ടിലിൽ പോയി കിടന്നു.      ഒന്നു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ കണ്ണുതുറന്നു. മരിച്ചില്ല.  കുറെ അസ്വസ്ഥത തോന്നി. മരിക്കാഞ്ഞതിനു കാരണം പിന്നീട് മനസ്സിലായി. ആ പലഹാരത്തില്‍  ചേർത്ത ബേക്കിംഗ് സോഡാ ഈ വിഷത്തിനുള്ള മറുമരുന്നായിരുന്നു!

പിന്നീടൊരിക്കല്‍ ഒരു കയറുമായി  അടുത്തുള്ള ഒരു ചെറിയ പാർക്കിലേക്ക് പോയി.  ഉച്ച കഴിഞ്ഞുള്ള ആ സമയം പാര്‍ക്കില്‍ ആളൊഴിഞ്ഞിരിക്കും. അവിടെ ചെന്ന് ഒരു മരത്തിന്റെ ഉയർന്ന കൊമ്പിൽ കയറിട്ടു. കാല്‍പെരുമാറ്റം കേട്ടു നോക്കിയപ്പോൾ ഒരു മനുഷ്യന്‍.  അയാള്‍ അവിടെ ഉലാത്തുകയാണ്.  ഉടനെ പോകുന്ന ലക്ഷണമില്ല.  വേനല്കാലമായതിനാല്‍ നല്ല ചൂട്. അടുത്തുള്ള തുറന്നു കിടന്ന ഒരു കത്തോലിക്കാ പള്ളി ശ്രദ്ധിച്ചു.  കുറച്ചുനേരം അവിടെ പോയി ഇരിക്കാം.  അവിടെ തണലാണ്. പോയി ഒരു ബെഞ്ചിൽ ഇരുന്നു.  ചുറ്റും കണ്ണോടിച്ചു. അവിടെ കണ്ട ഒരു ചിത്രം ശ്രദ്ധിച്ചു. യേശു കടലിനെ ശാന്തമാക്കുന്നു.  

അയാള്‍ ഉള്ളിലോര്‍ത്തു.  സുവിശേഷത്തിലെ വചനങ്ങള്‍ സത്യമായിരുന്നെങ്കിൽ! ക്രിസ്തു യഥാർത്ഥത്തിൽ ജീവിച്ചിരുന്നവൻ ആയിരുന്നെങ്കിൽ!  പെട്ടെന്ന് ഒരു മിന്നലൊളി.  തുടർന്ന് മനസ്സിൽ വ്യക്തമായ ഒരു സ്വരം.  തീർച്ചയായും സത്യമാണ്! മനുഷ്യനായി പിറന്ന ദൈവപുത്രനാണ് ക്രിസ്തു! ദൈവത്തിൻറെ ശക്തമായ ഇടപെടലായിരുന്നു അത്.  ജീവിതം പൂർണ്ണമായി കീഴ്മേൽ മറിഞ്ഞു.  വലിയ ഒരു മാനസാന്തരം!  

ഒട്ടും താമസിച്ചില്ല വലിയ സന്തോഷത്തോടെ സ്നാനം സ്വീകരിച്ചു ഈശോസഭയിലെ വൈദികരുടെ കൂടെ ചേർന്നു.  മുപ്പത്തിമൂന്നാം വയസ്സിൽ ആണ് ഇത് സംഭവിച്ചത്.  ദിവസം 12 മുതൽ 14 മണിക്കൂർ പരിശുദ്ധ കുർബാനയുടെ മുമ്പിൽ ആരാധനയിലും മദ്ധ്യസ്ഥ പ്രാർത്ഥനയിലും ദീർഘനാൾ ചാർലി ചിലവഴിച്ചു. യേശുവിനോടുള്ള ഗാഢമായ ഐക്യത്തില്‍ നിത്യ സമ്മാനത്തിന്  യാത്രയായി.  സ്തോത്രം!

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

Comments