ചിതറിക്കിടക്കുന്ന മുപ്പത്തിരണ്ടു തിരുവോസ്തികൾ

 

ചിതറിക്കിടക്കുന്ന

മുപ്പത്തിരണ്ടു തിരുവോസ്തികൾ

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here
ഈലേഖനം കേള്‍ക്കാം   ഇവിടെ

തൻറെ തിരുപ്പട്ട ദിനത്തിൽ സുപ്രസിദ്ധ വാഗ്മിയും ടെലിവിഷൻ പ്രഭാഷകനുമായ ബിഷപ്പ് ഫുൾട്ടന്‍ ജെ ഷീന്‍ രണ്ടു തീരുമാനങ്ങളെടുത്തു.  ഒന്ന്. ദിവസവും ഒരു മണിക്കൂർ പരിശുദ്ധ കുർബാനയുടെ മുമ്പിൽ ആരാധനയിൽ ചെലവഴിക്കുക.  രണ്ട്. പരിശുദ്ധ അമ്മയോട് പുത്രനിർവ്വിശേഷമായ ഭക്തിയുള്ളവനായിരിക്കുക.  മരണം വരെ അദ്ദേഹം ഈ തീരുമാനങ്ങളോടു വിശ്വസ്തനായിരുന്നു.

ഒന്നാമത്തെ തീരുമാനത്തിന് അദ്ദേഹത്തിന് പ്രചോദനമായത് 12 വയസ്സുപ്രായമുള്ള ലീ എന്ന ചൈനീസ് പെൺകുട്ടിയുടെ ജീവിത സാക്ഷ്യം ആണ്.  ചൈനയിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രൈസ്തവ ദേവാലയങ്ങൾ തകർക്കുകയും ക്രൈസ്തവരെ പീഡിപ്പിക്കുകയും വൈദികരെ വധിക്കുകയോ തടവിലാക്കുകയോ ചെയ്തിരുന്ന കാലം.  

ഒരു ദിവസം ഏതാനും പട്ടാളക്കാർ ഒരു കത്തോലിക്കാ ദേവാലയത്തിൽ പ്രവേശിച്ച് കണ്ണിൽ കണ്ടതെല്ലാം തകർക്കുകയും സക്രാരി പൊളിച്ചെടുത്ത് തിരുവോസ്തി നിലത്ത് വലിച്ചെറിയുകയും ചവിട്ടുകയും ചെയ്യുന്നത് ലീ മറഞ്ഞുനിന്നു കണ്ടു. അതവളെ വളരെയേറെ വേദനിപ്പിച്ചു.  പട്ടാളക്കാർ പോയി കഴിഞ്ഞ് അവൾ അങ്ങോട്ടു ചെന്നു നിലത്ത് ചിതറി കിടക്കുന്ന തിരുവോസ്തികളും തിരുപ്പാത്രവും കണ്ടു.  ഓസ്തികൾ അവളെണ്ണി.  32 എണ്ണം കണ്ടു.  അൽപനേരം പ്രാർത്ഥിച്ചതിനു ശേഷം ദുഃഖത്തോടെ അവൾ പോയി.  തുടർന്ന് ഓരോ ദിവസവും ആരും കാണാതെ അവൾ ദേവാലയത്തിലെത്തി ദീർഘനേരം പ്രാർത്ഥിച്ചിട്ട് നാവുകൊണ്ട് ഒരു തിരുവോസ്തി എടുത്തു ഉള്‍ക്കൊണ്ടു നന്ദി പ്രകാശിപ്പിച്ച് മടങ്ങും.  ഓരോ ദിവസവും അവൾ ഇതു തുടർന്നു.

മുപ്പത്തിരണ്ടാമത്തെ ദിവസം അവള്‍ ദേവാലയത്തിൽ പ്രവേശിക്കുന്നത് ഒരു പട്ടാളക്കാരൻ കാണാനിടയായി.  അയാൾ അവളെ പിന്തുടർന്നു. അവള്‍  പ്രാർത്ഥിക്കുന്നത് കണ്ടു അയാള് അവളെ വെടിവെച്ചു.  അവൾ വീണു. വേദന കൊണ്ട് പുളഞ്ഞ അവൾ ഇഴഞ്ഞ് അവസാനത്തെ തിരുവോസ്തിയുടെ അടുത്തെത്തി, വളരെ വിഷമിച്ച് ആ തിരുവോസ്തിയും സ്വീകരിച്ചു.  അല്പസമയത്തിനുള്ളിൽ ആ കുഞ്ഞു ജീവൻ പൊലിഞ്ഞു. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്റെ ഒരുത്തമ വേദസാക്ഷിയുമായി!

കരളലിയിക്കുന്ന ഈ സംഭവം അനേകരുടെ ഹൃദയത്തെ സ്പർശിച്ചിട്ടുണ്ട്.  കുഞ്ഞു ലീയ്ക്കറിയാമായിരുന്നു പട്ടാളക്കാരുടെ ശ്രദ്ധയിൽപ്പെട്ടാൽ തന്റെ കഥ കഴിയുമെന്ന്! ഈശോയോടുള്ള സ്നേഹവും പരിശുദ്ധ കുർബാനയോടുള്ള ആഴമായ ഭക്തിയും അവള്‍ക്കു ധൈര്യം പകർന്നു.  പട്ടാളക്കാരെ വകവെക്കാതെ തൻറെ ദൗത്യം പൂർത്തിയാക്കി.   ലോകത്തിലെ ഏറ്റവും വലിയ പ്രണയ കഥ അടങ്ങിയിരിക്കുന്നതു കാഴ്ചയിൽ ഏറ്റവും ചെറിയ തിരുവോസ്തിയിലാണെന്ന് ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ തൻറെ ആത്മകഥയിൽ കുറിച്ചു. 

ദൈവത്തിനു സ്തുതി!

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

Comments