പിന്നെ ഉണ്ടായത് എന്നെ ഞെട്ടിച്ചു

 പിന്നെ ഉണ്ടായത് എന്നെ ഞെട്ടിച്ചു

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here
ഈലേഖനം കേള്‍ക്കാം  ഇവിടെ


 മാതാപിതാക്കൾ കുട്ടികളായ ഞങ്ങളെ ബാപ്റ്റിസ്റ്റ് പള്ളിയിൽ പോകാൻ നിർബന്ധിച്ചിരുന്നതോർമ്മയുണ്ട്.  അവരൊട്ടു പോവുകയുമില്ല.  അവരെ പ്രീതിപ്പെടുത്താൻ വേണ്ടി ഞങ്ങള്‍ പോയി.

എന്റെ താല്പര്യം മാജിക്കില്‍ ആയിരുന്നു. അന്നെനിക്കു പത്തു വയസ്സ് പ്രായം.

ക്രമേണ ബ്ലാക്ക് മാജിക്കിലേക്ക്  ഞാൻ കൈകള്‍ നീട്ടി.  അതുവഴി സാമ്പത്തിക നേട്ടമുണ്ടാക്കുന്നതും ആഗ്രഹിക്കുന്ന നല്ല ഭക്ഷണം ലഭിക്കുന്നതും കണ്ടപ്പോൾ എനിക്കു ഹരമായി. ബ്ലാക്ക് മാജിക്കിനു പിന്നിലുള്ള ശക്തി സാത്താന്യമാണെന്നൊന്നും അന്ന് ഞാൻ അറിഞ്ഞിരുന്നില്ല.  അതെനിക്ക് വിഷയവും ആയിരുന്നില്ല. പിന്നീടതറിഞ്ഞു.  സാത്താന്റെ പ്രീതിക്കായി ദൈവകൽപനകൾ എല്ലാം ഞാൻ ലംഘിച്ചു! പല അബോര്‍ഷനും നടത്തിക്കൊടുത്തു!  ക്രമേണ, ബിസിനസ്സുകാർക്ക് വേണ്ടി സാത്താന്യ ശുശ്രൂഷകൾ നടത്തി.  അന്തര്‍ദ്ദേശീയതലത്തിൽ ഞാൻ പ്രസിദ്ധനായി.  ലോകത്തിലെ അതിവിദഗ്ധരായ 10 മജീഷ്യൻമാരിൽ ഒരാളായി ഉയർന്നു.

ഇത്തരക്കാർക്കു മാനസാന്തരവും തിരിച്ചുവരവും മിക്കവാറും അസാദ്ധ്യമാണ്. സാത്താന്‍  അവരുടെ മേൽ കുരുക്ക് മുറുക്കി തന്റെ ഏജന്റായി ദൈവരാജ്യത്തിനെതിരെയുള്ള പദ്ധതിക്കുവേണ്ടി അവരെ ഉപയോഗിക്കും.  ദൈവത്തിൻറെ ശക്തമായ ഇടപെടലിലൂടെ മാത്രമേ ഒരു തിരിച്ചുവരവ് സാദ്ധ്യമാകൂ.

അങ്ങനെ ഒരു ഇടപെടൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അത്ഭുത കാശുരൂപം(miraculous medal) വഴി ദൈവം സക്കറിയയുടെ ജീവിതത്തിൽ  ചെയ്തു.  അതിപ്രകാരമായിരുന്നു.  

ഞാൻ ഒരു സ്വർണക്കട നടത്തിയിരുന്നു.  ഒരു വലിയ ഷോപ്പിങ് മാളിന്റെ ഭാഗമായിരുന്നു അത്.  ഒരിക്കല്‍ ഒരു സ്ത്രീ കടയിൽ വന്നു ഒരു കാശുരൂപം എന്നെ കാണിച്ചു.  അതിനൊരു കൊളുത്തു വേണമെന്ന് ആവശ്യപ്പെട്ടു.  ഇടയ്ക്ക് അവർ സ്വന്തം സാക്ഷ്യം എന്നോട് പങ്കു വച്ചു. 26 വർഷമായി അവൾ ഒരു സാത്താന്യ ആരാധകയായിരുന്നു എന്നും ദൈവകൃപയാൽ രക്ഷപ്പെട്ടു ദൈവമാതാവിന്റെ സഭയിലെ അംഗമാണെന്നും മറ്റും.   എനിക്കതില്‍ തെല്ലും താല്പര്യം തോന്നിയില്ല.

അവൾ തുടർന്നു:  ഈ കാശുരൂപത്തിന് അത്ഭുതശക്തിയുണ്ട്.  ദൈവമാതാവിന്റേതാണീ കാശുരൂപം. ദൈവമാതാവാരാണെന്ന് എനിക്കറിയില്ലായിരുന്നു. ഏതായാലും ലോകോത്തര മാജിക്കുകാരനായ എനിക്ക് ആ മെഡലിനെക്കുറിച്ച് പുച്ഛമാണ് തോന്നിയത്. അതു നിലത്തു ഊക്കോടെ എറിയാനോ മേശയിൽ ശക്തിയോടെ അടിക്കാനൊ ദൂരെ വലിച്ചെറിയാനോ ഉദ്ദേശിച്ചു ഞാനതു വാങ്ങി മുറുകെപ്പിടിച്ചു.

പിന്നെ ഉണ്ടായത് എന്നെ ഞെട്ടിച്ചു! പെട്ടെന്ന് സ്വർണ്ണക്കട അപ്രത്യക്ഷമായി!  ഷോപ്പിംഗ് മാളും പോയി! ഞാനും ആ സ്ത്രീയും മാത്രം ശേഷിച്ചു. എന്താണിത്?  ഞാനത്ഭുതപ്പെട്ടു.  എന്റെ മന്ത്രവാദം കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടില്ലല്ലോ. എനിക്ക് ഭയം തോന്നി.  ഞൊടിയിടയിൽ ഒരു പ്രകാശം! പ്രകാശത്തിൽ പരിശുദ്ധ കന്യകാമറിയം ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടു!  പുഞ്ചിരിച്ചുകൊണ്ട് സ്നേഹപൂർവ്വം എന്നെ നോക്കി നിൽക്കുന്ന അതിമനോഹരിയായ ഒരു സ്ത്രീ. അത് പരിശുദ്ധ അമ്മയാണെന്ന്, ദൈവമാതാവാണെന്ന് തെളിവായി എനിക്ക് ബോധ്യപ്പെട്ടു.  പരിശുദ്ധ അമ്മ എൻറെ കൈക്ക് പിടിച്ച് പുറകിലായി നിന്ന യേശുവിന്റെ പക്കലേക്ക് നയിച്ചു. ദൈവമേ!   യേശു ആരാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

അതോടെ ഞാൻ ഇപ്പോൾ സേവിക്കുന്ന സാത്താനാരെന്നും അവന്റെ ലക്ഷ്യമെന്തെന്നുമെല്ലാം ഒരു നിമിഷം കൊണ്ട് ഞാൻ മനസ്സിലാക്കി.  എനിക്കു വേണ്ടി സ്വജീവൻ നൽകിയത് യേശുവാണെന്നും മറ്റൊരുവനിലും രക്ഷയില്ലെന്നുമുള്ള ആഴമായ തിരിച്ചറിവ് ലഭിച്ചതും വലിയ ഒരു മാനസാന്തരം എന്നിൽ സംഭവിച്ചു.  പരിശുദ്ധ അമ്മയോടുള്ള കൃതജ്ഞത നിസ്സീമമാണ്.

പിറ്റേന്നു മുതൽ ദൈവം നൽകിയ ശക്തമായ പ്രചോദനത്താൽ ഞാന്‍  ദിവസവും പരിശുദ്ധ കുർബാനയ്ക്കു പോകാൻ തുടങ്ങി. പരിശുദ്ധ കുർബാനയുടെ സന്നിധിയില്‍ സമയം ചെലവഴിച്ചു. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍ നന്നായി പഠിച്ചു ജ്ഞാനസ്നാനപ്പെട്ടു. പരിശുദ്ധ അമ്മയോടുള്ള വലിയ ആദരവ് നിമിത്തം ഞാൻ ഇപ്പോൾ ആ അമ്മയുടെ സൈന്യത്തിൽ അംഗമായി സാത്താൻറെ ശക്തികൾക്കെതിരായ ദൈവ രാജ്യത്തിനു വേണ്ടിയുള്ള പടവെട്ടലിലാണ്.  ദൈവത്തിനു മഹത്വം!  പരിശുദ്ധ അമ്മയ്ക്ക് നന്ദി!

(യൂട്യൂബിൽ Satanic to catholic Zacho King എന്നടിച്ചുകൊടുത്താല്‍ ഇംഗ്ലീഷിൽ ഇദ്ദേഹത്തിന്റെ സാക്ഷ്യവും പ്രഭാഷണങ്ങളും കേൾക്കാം)

 ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!


Comments

Post a Comment