അവൾ കൈവീശി ഒരു തട്ട്

 അവൾ കൈവീശി ഒരു തട്ട്

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here
ഈലേഖനം കേള്‍ക്കാം ഇവിടെ

ഞങ്ങളുടെ സെന്ററിൽ ധ്യാനം നടക്കുകയാണ്. ഞാൻ കൗൺസിലിംഗിനിരിക്കുന്നു. എന്റെ മുമ്പിൽ ഒരു പെൺകുട്ടി വന്നിരുന്നു. അവൾ കഴുത്തിൽ ഒരു ജപമാല ധരിച്ചിട്ടുണ്ട്. ഒരെണ്ണം കയ്യിലും ചുറ്റിപ്പിടിച്ചിരുന്നു. ഡിഗ്രിക്ക് പഠിക്കുകയാണ്. കാഴ്ചയിൽ നോർമൽ ആയ ഒരു കുട്ടി.

 കുറച്ചു സംസാരിച്ചു കഴിഞ്ഞപ്പോൾ അവളില്‍ തിന്മയുടെ എന്തോ സ്വാധീനം ഉള്ളതായി എനിക്കു തോന്നി. അടുത്ത മേശപ്പുറത്ത് വച്ചിരുന്ന ഹന്നാന്‍ വെള്ളമെടുത്ത് അവളുടെ മേൽ തളിക്കാൻ ഓങ്ങിയതും പെട്ടെന്ന് അവളുടെ വിധം മാറി. എന്റെ കൈക്കിട്ട് അവൾ കൈവീശി ഒരു തട്ട്.  ഞാനതൊട്ടും പ്രതീക്ഷിച്ചില്ല.  ഒരു മരക്കഷണം കൊണ്ട് എൻറെ കയ്യിൽ തട്ടിയതു പോലെയാണ് എനിക്ക് തോന്നിയത്!  

അച്ചാ, എൻറെ മേൽ ഹന്നാൻ വെള്ളം തളിക്കരുത്,  ദൃഢമായ സ്വരത്തിൽ എന്നോടവൾ പറഞ്ഞു.  ഞാൻ ആ കുപ്പി നീക്കി വെച്ച ശേഷം സംസാരിക്കാൻ തുടങ്ങി.  നീ ധരിച്ചിട്ടുള്ള ജപമാലകൾ വെഞ്ചരിച്ചതാണോ? അല്ല, അവൾ പറഞ്ഞു. കടയിൽ നിന്ന് വാങ്ങി ഇട്ടതാണ്. ഞാൻ അത് വെഞ്ചരിച്ച് തരാമെന്ന് പറഞ്ഞപ്പോൾ വേണ്ട,വെഞ്ചരിച്ചാല്‍ എനിക്കതു തൊടാൻ സാധിക്കില്ല.  എന്തു പറ്റും? ഞാൻ തിരക്കി.  തീയില്‍ തൊടുന്നതുപോലെ തോന്നും.

ആ കുട്ടി സാത്താന്റെ ബന്ധനത്തിലാണെന്ന് എന്ന് എനിക്ക് ബോദ്ധ്യമായി.  വചനം  കേൾക്കാനായി ഞാൻ അവളെ ഹാളിലേക്ക് വിട്ടു.

വചനശുശ്രൂഷയും ആന്തരീകസൗഖ്യവും കുമ്പസാരവുമെല്ലാം കഴിഞ്ഞപ്പോള്‍  അവൾക്ക് വ്യത്യാസം വരാൻ തുടങ്ങി.  അവസാന ദിവസത്തെ ആരാധനാ മദ്ധ്യേ നടന്ന ശക്തമായ ബന്ധന പ്രാർത്ഥനയിൽ അവളുടെ ബന്ധം അഴിഞ്ഞു.  തുടർന്നു നടന്ന അഭിഷേക പ്രാർത്ഥനയിലും പരിശുദ്ധ കുർബാനയിലും ആ കുട്ടിയുടെ മോചനം പൂർണ്ണമായി.  വലിയ ഒരു ഭാരം ഒഴിഞ്ഞു പോയ ആശ്വാസവും കര്‍ത്താവിലുള്ള സന്തോഷവും നിറഞ്ഞ് അവള്‍ വീട്ടിലേക്ക് മടങ്ങി. കഴുത്തിലും കയ്യിലും ധരിച്ചിരുന്ന ജപമാല വെഞ്ചരിപ്പിക്കാന്‍ അവൾ മറന്നില്ല!

ഹനാൻ വെള്ളത്തിന്റെയും സഭയിലെ വെഞ്ചിരിപ്പിന്റെയുമൊക്കെ ശക്തിയെക്കുറിച്ച് നാം അറിഞ്ഞിരിക്കണം. വിശ്വാസപൂർവ്വം കൂദാശാനുകരണങ്ങൾ (Sacramentals) ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന സംരക്ഷണം ശ്രദ്ധേയമാണ്. വെറുമൊരു അലങ്കാരവസ്തു കണക്കെ ജപമാല ധരിക്കുന്നതിൽ അർത്ഥമില്ല എന്നുമറിയുക. ദൈവത്തിനു നന്ദി!

(ഫാദർ വർഗീസ് ജയ്സൺ പി എം ഐ യുടെ അനുഭവത്തിൽനിന്ന്.)

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

 

Comments