ഹാർവാഡിലെ പ്രൊഫസർ

 ഹാർവാഡിലെ പ്രൊഫസർ

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here 
ഈലേഖനം കേള്‍ക്കാം  ഇവിടെ 

  
യു എസ്സിലെ ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ.  പേര് റോയി ഷോമാന്‍ (Roy Schoeman).  ജന്മനാ യെഹൂദൻ.  നാസി ജർമ്മനിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു അമേരിക്കയിലേക്ക് കുടിയേറിയതാണ് അദ്ദേഹത്തിൻറെ മാതാപിതാക്കൾ.  കര്‍ക്കശമായ യഹൂദപാരമ്പര്യത്തിലും ചിട്ടയിലും അവർ മക്കളെ വളർത്തി.  കോളജു വരെ റോയി ആ രീതി തുടർന്നു. യൂണിവേഴ്സിറ്റി പഠനം ആരംഭിച്ചതോടെ സാഹചര്യങ്ങളുടെ സ്വാധീനത്തിൽ തികഞ്ഞ ഒരു നിരീശ്വരനായി തീർന്നു അദ്ദേഹം.

പഠനത്തിൽ സമർഥനായിരുന്നതിനാൽ യൂണിവേഴ്സിറ്റി പഠനം പൂർത്തിയായപ്പോൾ അവിടെത്തന്നെ ടീച്ചിംഗ് സ്റ്റാഫ് ആയി ജോലി ലഭിച്ചു.  അതിൽ സന്തുഷ്ടനായി ജോലി തുടർന്നു.  ജീവിതത്തിന് ഇതിനുമപ്പുറമെന്തോ ഒരു നിയോഗം ഉണ്ടെന്ന് ഇടയ്ക്കു തോന്നുമായിരുന്നു.   

ഒരു ദിവസം ഉലാത്താനിറങ്ങി, പ്രകൃതി സൗന്ദര്യം നുകര്‍ന്നു സാവധാനം മുന്നോട്ടു നീങ്ങവേ അപ്രതീക്ഷിതമായ ഒരനുഭവം ഉണ്ടായി.  ഒരു സ്വർഗ്ഗീയ ശക്തി അയാളെ വലയം ചെയ്തു!  പ്രകൃതി ദൃശ്യങ്ങൾ അപ്രത്യക്ഷമായി!  വലിയ സന്തോഷവും സമാധാനവും ദൈവസാന്നിദ്ധ്യവും അയാളില്‍  നിറഞ്ഞു!  ദൈവാസ്തിത്വത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ഒറ്റയടിക്ക് നീങ്ങി പോയിരിക്കുന്നു! നിരീശ്വരത്തിന്റെ ശൂന്യതയും അന്ധകാരവും നീങ്ങി ജീവിതം തെളിഞ്ഞു പ്രകാശമാനമായിരിക്കുന്നു!  ശാന്തിയും സമാധാനവും നിറഞ്ഞ മനസ്സോടെ താമസസ്ഥലത്തെത്തിയ അയാൾ, നന്ദി പറഞ്ഞു കൊണ്ടും തനിക്ക് വെളിപ്പെട്ട ഈ ദൈവം ആരാണെന്നു കൂടി വെളിപ്പെടുത്തണമെന്ന അഭ്യർത്ഥനയോടു കൂടിയും  ഒരു സ്വയം പ്രേരിത പ്രാർത്ഥന നിദ്രയ്ക്കു മുമ്പു നടത്താൻ ആരംഭിച്ചു. ആ പതിവ് തുടർന്നു.

ആ ദൈവം ആര്?  അതു കൃഷ്ണനോ ബുദ്ധനോ യേശുക്രിസ്തു ഒഴിച്ചുള്ള ആരുമായിക്കൊള്ളട്ടെ.

യേശുക്രിസ്തുവിനെതിരെയുള്ള മുൻവിധി യഹൂദരെ സംബന്ധിച്ചിടത്തോളം കഠിനമാണ്. ആ മനുഷ്യൻ ഒരു ക്രിമിനലല്ലേ?  കുരിശില്‍ തൂക്കി കൊല്ലപ്പെട്ടവൻ!

അയാള്‍ പ്രാർത്ഥന തുടർന്നു. ഒരു രാത്രി നിദ്രയിൽ തോളത്ത് ഒരു മൃദുസ്പര്‍ശം!  അയാളെയും  വിളിച്ചുകൊണ്ട് അടുത്ത ഒരു മുറിയിലേക്ക് ചെന്നു.  നോക്കിയപ്പോൾ അതിസുന്ദരിയായ ഒരു സ്ത്രീ!  അവളുടെ സൗന്ദര്യം ഭൌമികമല്ല. അവൾ സംസാരിച്ചു. ശബ്ദം അവർണ്ണനീയമാം വിധം മാധുര്യമുള്ളത്‌!  എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടോ എന്ന് ആ സ്ത്രീ ആരാഞ്ഞു.  ഈ മഹത്വവും തേജസ്സും എങ്ങനെയുണ്ടായി?(How are you so glorious?) അതിനു മറുപടിയായി, നിനക്കറിയില്ല, ഞാനൊന്നുമല്ല. ഞാൻ വെറുമൊരു സൃഷ്ടിയാണ്! അവനാണ് എല്ലാം എന്ന് പുത്രന്‍ യേശുവിനെക്കുറിച്ച് അവൾ. എങ്ങനെ അങ്ങയെത്തന്നെ അങ്ങ് വിശേഷിപ്പിക്കും? അതിനു മറുപടിയായി ഞാൻ പിതാവിന്റെ പ്രേഷ്ഠപുത്രിയും പുത്രന്റെ മാതാവും പരിശുദ്ധാത്മാവിന്റെ മണവാട്ടിയുമാണ് എന്നു പറഞ്ഞു.

റോയിക്കു മനസ്സിലായി ഈ സ്വര്‍ഗ്ഗീയ തേജസ്സ്പരിശുദ്ധ കന്യാമറിയമാണെന്ന്!  അന്നു ആ ദൈവാനുഭവത്തില്‍കണ്ടുമുട്ടിയതു യേശുക്രിസ്തുവിനെ ആണെന്നും അയാൾ തിരിച്ചറിഞ്ഞു.  താമസിയാതെ യഹൂദമതം ക്രിസ്തീയതയുടെ മുന്നോടിയാണെന്നും ക്രിസ്തുമതം യഹൂദമതത്തിന്റെ പൂർത്തീകരണമാണെന്നും, കത്തോലിക്കാസഭയാണ് അതിന്റെ പൂർണ്ണതയെന്നും ഗ്രഹിച്ച അദ്ദേഹം ഇന്ന് ഒരു കത്തോലിക്കനാണ്.  ഇപ്പോൾ യഹൂദരുടെ മാനസാന്തരത്തിനായി പരിശുദ്ധാത്മപ്രേരണയാല്‍ പ്രസംഗങ്ങളിലൂടെയും  ഗ്രന്ഥങ്ങളിലൂടെയുംഅയാൾ യത്നിക്കുന്നു.  കത്തോലിക്കാസഭയിലും അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ ശ്രദ്ധേയമാണ്.   യൂട്യൂബിൽ നമുക്കതെല്ലാം കിട്ടും. 

ദൈവത്തിനു സ്തുതി!

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

Comments

Post a Comment