അപ്പച്ചനെ തലങ്ങും വിലങ്ങും വെട്ടി

 അപ്പച്ചനെ തലങ്ങും വിലങ്ങും വെട്ടി

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here
ഈലേഖനം കേള്‍ക്കാം   ഇവിടെ

 സിജോ പീറ്റർ എന്ന സുവിശേഷകൻ അന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്നു. പത്തുവയസ്സ് പ്രായം. അപ്പച്ചൻ രാവിലെ പറമ്പിലിറങ്ങി പണിയാരംഭിച്ചു. അമ്മ അടുക്കളയിൽ നിന്ന് മോനെ വിളിച്ചു ഈ ചായ അപ്പച്ചനെ കൊടുക്ക് എന്നുപറഞ്ഞ് ചായഗ്ലാസ് അവൻറെ കയ്യിൽ കൊടുത്തു.  അവൻ അതുമായി അപ്പച്ചന്റെ അടുത്തേക്ക് നീങ്ങി. ആരോ കയറി വരുന്നത് കണ്ട് അവൻ നോക്കി. ആളെ മനസ്സിലായി.   അയാളുടെ മുഖത്ത് രൗദ്രഭാവം. കയ്യിൽ ഒരു വലിയ വെട്ടുകത്തി. പയ്യന്‍ അപ്പച്ചാഎന്നു വിളിച്ചിട്ട് ആഗതന്റെ നേര്‍ക്കു കൈ ചൂണ്ടി.  ആഗതനെ ഒന്ന് നോക്കിയിട്ട് അപ്പച്ചൻ ജോലി തുടർന്നു. വെട്ടുകത്തിയുമായി വന്ന മനുഷ്യൻ പെട്ടെന്ന് അടുത്തേക്ക് ചെന്ന് അപ്പച്ചനെ തള്ളി നിലത്തിട്ടു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ അപ്പച്ചനെ അയാള്‍  തലങ്ങും വിലങ്ങും വെട്ടി. കഴുത്തിലും കൈയിലും നെഞ്ചത്തും എല്ലാം മാരകമായ മുറിവുകൾ. പയ്യൻ ഉറക്കെ നിലവിളിച്ചു. അയൽക്കാരില്‍ ചിലർ അതു കണ്ടെങ്കിലും ഭയംകൊണ്ട് പുറത്തിറങ്ങിയില്ല. മകൻറെ നിലവിളി കേട്ട് അമ്മ ഓടി വന്നു. അമ്മയേയും ആ മനുഷ്യൻ അതുപോലെ തന്നെ ചെയ്തു.  രണ്ടുപേരും ചോരയിൽ കുളിച്ച് പിടഞ്ഞു ജീവൻ വെടിയുന്നത് മകൻ കണ്മുൻപിൽ കണ്ടു. ഘാതകന്‍ സ്ഥലംവിട്ടു. മനസ്സിൽ കത്തിനിന്ന വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവം അയാൾ ഒരു ക്രൈസ്തവ ചാനലിന് പങ്കുവയ്ക്കുകയാണ്.

 അഞ്ചാം ക്ലാസിൽ പഠിക്കുന്ന തന്റെയും ചേച്ചിയുടെയും ചുമതല അപ്പച്ചന്റെ അവിവാഹിതയായ ഒരു സഹോദരിയാണ് ഏറ്റെടുത്തത്. അപ്പച്ചനെ വകവരുത്തിയ ആ മനുഷ്യൻ നേരത്തെ അപ്പച്ചന്റെ സ്നേഹിതൻ ആയിരുന്നു. ഇടയ്ക്ക് എന്തോ കാര്യത്തിൽ അവർ തമ്മിൽ തെറ്റി. അയാൾ അപ്പച്ചനെ ഭീഷണിപ്പെടുത്തിയിരുന്നു. അതേച്ചൊല്ലി പൊലീസിൽ അപ്പച്ചന്‍ പരാതിപ്പെട്ടിരുന്നു.  അതിന്റെ പകയാണ് അയാൾ തീർത്തത്.  അയാളെ പോലീസ് പിടിച്ചു, കേസായി.  ജീവപര്യന്തം ശിക്ഷയ്ക്കു കോടതി വിധിച്ചു. ഹൈസ്കൂളിൽ പഠിക്കുമ്പോള്‍ അപ്പച്ചന്റെ കൊലയാളിയോടു എന്നെങ്കിലും പക പോക്കണം എന്ന് തോന്നിയിരുന്നു. പരോളില്‍ ഇറങ്ങാനുള്ള അനുമതി തേടിയപ്പോൾ ആദ്യമാദ്യം തനിക്ക് അതിനു സമ്മതമല്ല എന്ന കോടതിയെ അയാള്‍ അറിയിച്ചു. എന്നാല്‍ ക്രമേണ ക്ഷമിക്കാനുള്ള കൃപ ലഭിച്ചു. സസ്നേഹം എന്ന വീടിനടുത്തുള്ള ഒരു ധ്യാനകേന്ദ്രത്തിലെ ബ്രദർ ഷാജിയുടെ ഇടപെടലാണ് അതിന് സഹായിച്ചത്.  ധ്യാനകേന്ദ്രവുമായി കൂടുതൽ സമ്പർക്കത്തിന് അത് ഹേതുവായി. അവിടുത്തെ ശുശ്രൂഷകളിൽ പങ്കെടുക്കാൻ തുടങ്ങിയതോടെ മാനസാന്തരത്തിന്റെ കൃപ ലഭിച്ചു.  പരോളിനുള്ള സമ്മതം സിജോ സന്തോഷത്തോടെ നൽകി.  പരോളില്‍ ഇറങ്ങിയ അയാളെ വഴിയിൽ ഒരിക്കൽ കണ്ടുമുട്ടാൻ ഇടയായി.  ദൈവീക പ്രചോദനത്താൽ അടുത്തു ചെന്ന് ആ മനുഷ്യൻറെ കൈപിടിച്ചു.  അയാളുടെ കണ്ണില്‍ കണ്ണുനീർ പൊടിയുന്നത് ശ്രദ്ധിച്ചു. അരമണിക്കൂറോളം സംസാരിച്ചു.   സിജോയ്ക്ക് പക ഇല്ല എന്ന് ആ മനുഷ്യനു ബോദ്ധ്യമായി. അത് ആ ഹൈന്ദവന്റെ ഹൃദയത്തെ തൊട്ടു. 

ആ ദിവസങ്ങളിൽ ഒരു ധ്യാനത്തിൽ വച്ച് കർത്താവ് സിജോയോട് നീ ആ മനുഷ്യനോട് പൂർണ്ണമായും ക്ഷമിച്ചുവോ? എന്ന് ചോദിക്കുന്നത് ആയി തോന്നി. താൻ ചെയ്ത കാര്യങ്ങൾ അവിടുത്തോട് പറഞ്ഞു.  യേശു പറഞ്ഞു പൂർണ്ണമായിട്ടില്ല. നീ ഇനി അയാളെ കാണുമ്പോൾ അയാളെ കെട്ടിപ്പിടിച്ച് ഒന്ന് ചുംബിക്കണം.  കര്‍ത്താവേ, അങ്ങു തന്നെ എന്നെ അതിനു സഹായിക്കണം സിജോ പ്രാർത്ഥിക്കാൻ തുടങ്ങി. ഒരു ദിവസം അങ്കമാലി ടൗണിൽ അയാളും കുടുംബവും നിൽക്കുന്നത് കണ്ടു. പരിശുദ്ധാത്മാവ് ഉള്ളിൽ മന്ത്രിച്ചു, ഇതാണ് സ്വീകാര്യമായ സമയം. മറ്റൊന്നും ചിന്തിക്കാതെ സിജോ ഒരു നല്ല പുഞ്ചിരിയോടെ അടുത്തുചെന്ന് അയാളെ സ്നേഹപൂർവ്വം ആലിംഗനം ചെയ്ത് ചുംബിച്ചു. അയാളെയും കുടുംബത്തെയും അത് കരയിച്ചു. രണ്ടു കൂട്ടരുടെയും മുറിവുകൾ ഉണങ്ങി. ഇന്ന് അയാൾ യേശുവിനെ സ്വീകരിച്ച അവിടുത്തെ സാക്ഷ്യപ്പെടുത്തി ക്രൈസ്തവൻ ആയി ജീവിക്കുന്നു.  ക്രൈസ്തവക്ഷമയുടെ അത്ഭുതകരമായ ശക്തി.  ദൈവത്തിനു സ്തോത്രം! 


ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

Comments

Post a Comment