കത്തോലിക്കാ

 കത്തോലിക്കാ


 You can hear the audio here

ഈലേഖനം കേള്‍ക്കാം ഇവിടെ 

 

എന്റെ മൂത്ത മക്കള്‍ CSI സഭയുടെ സ്കൂളിലായിരുന്നു പഠിച്ചത്.  അവിടെ അക്കാലത്ത് ആഴ്ചയില്‍ ഒരു പീരീഡ്‌ ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് പ്രെയര്‍ മീറ്റിംഗ് ഉണ്ടായിരുന്നു.  അതിന്റെ ആരംഭത്തില്‍ വിശ്വാസപ്രമാണം ചൊല്ലാറുണ്ട്.  അന്നൊരു ദിവസം അത് ചൊല്ലിയപ്പോഴാണ്   I believe in the Holy Spirit, the holy Catholic Church, ...(പരിശുദ്ധാത്മാവിലും പരിശുദ്ധ കത്തോലിക്കാ സഭയിലും  ഞാന്‍ വിശ്വസിക്കുന്നു)  എന്ന ഭാഗം മകളുടെ ശ്രദ്ധയില്‍ പെടുന്നത്.  നിങ്ങള്‍ സീ എസ് ഐ ക്കാരല്ലേ?  പിന്നെന്തിനാ കത്തോലിക്കാ സഭയില്‍ വിശ്വസിക്കുന്നു എന്നു ചെല്ലുന്നത്? പ്രെയര്‍ മീറ്റിംഗ് കഴിഞ്ഞപ്പോള്‍ അവള്‍ ടീച്ചറിന്റെ അടുത്തെത്തി ഈ സംശയം ഉന്നയിച്ചു. കാത്തലിക് എന്ന വാക്കിനു സാര്‍വത്രികം എന്നാണര്‍ത്ഥം.  ലോകമെമ്പാടുമുള്ള സത്യസഭയെ ആണ് അവിടെ ഉദ്ദേശിക്കുന്നത്.  നിങ്ങള്‍ പാപ്പാ മതക്കാര്‍ അത് നിങ്ങളുടെ മതത്തിന്റെ പേരായി എടുത്തെന്നേയുള്ളൂ. കൂടുതല്‍ ചോദ്യങ്ങള്‍ക്കു അവസരം കൊടുക്കാതെ ടീച്ചര്‍ ഒഴിവായതിനാല്‍ അന്നു സ്കൂളില്‍ നിന്നെത്തിയ മകള്‍ അവളുടെ സംശയവുമായി എന്നെ സമീപിച്ചു.  അവളുടെ പ്രശ്നമിതായിരുന്നു ചര്‍ച്ച് ഓഫ് സൌത്ത് ഇന്‍ഡ്യ (CSI) എങ്ങിനെയാണ് സാര്‍വ്വത്രീക സഭയാകുന്നത്?  അത് തെക്കേ ഇന്‍ഡ്യയിലെ സഭയല്ലേ?  ചോദ്യം യുക്തിഭദ്രമാണ്.

ഞാന്‍ പറഞ്ഞു തുടങ്ങി.  പണ്ടൊക്കെ പത്തും പന്ത്രണ്ടും മക്കളുള്ള അപ്പന്മാര്‍ മക്കളോരോരുത്തര്‍ക്കും ഓരോവീട് വച്ചുകൊടുത്തു മാറ്റി പാര്‍പ്പിക്കുമായിരുന്നു.  കൂടുതല്‍ പണമുള്ളവര്‍ ഒന്നിലധികം വീടുകളോ കട മുറികളോ തോട്ടങ്ങളോ ഒക്കെ കൊടുക്കുമായിരുന്നു.  എന്നാല്‍ നമ്മുടെ കര്‍ത്താവീശോമിശിഹാ പിതാവിന്റെ പക്കലേക്ക് കയറുന്നതിനു മുമ്പായി ഒരേയൊരു സഭ സ്ഥാപിച്ച് അതിന്റെ ഉത്തരവാദിത്തം പത്രോസിനെ എല്പിക്കുകയാണ് ചെയ്തതു.  യോഹന്നാന്‍ 21/15 17 ല്‍ നാമതു കാണുന്നു.  ഈ ഏല്പിച്ചു കൊടുക്കല്‍  സന്ദര്‍ഭത്തിന്റെ വൈകാരികതയില്‍ സംഭവിച്ചു പോയതോ പോകാന്‍ നേരം വേറെ ആരെയും കാണാഞ്ഞതുകൊണ്ട്  പത്രോസിനെ എല്പിച്ചതോ അല്ല.  ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌;  ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. (മത്തായി 16/18) എന്നു യേശു മുന്‍പേ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.  അതാകട്ടെ പിതാവ് കൊടുത്ത അടയാളമനുസരിച്ചായിരുന്നു താനും.  അപ്പോള്‍ തന്നെ സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ കൊടുക്കുന്നതായും പറഞ്ഞിരിക്കുന്നു. ഓരോ ശ്ലീഹയ്ക്കും ഈരണ്ടു സഭവീതം സ്ഥാപിച്ച് കൊടുത്തിട്ടില്ലെന്നു സാരം.  ഇതില്‍ ഒരപാകത തോന്നുന്നതു സ്വാഭാവീകം.  പത്രോസിനു തന്നെയും അത് തോന്നിയിരിക്കണം.  അതുകൊണ്ടായിരിക്കുമല്ലോ സഭയുടെ ഉത്തരവാദിത്തമെല്ലാം തന്നെ ഏല്പിച്ചു എന്നു കണ്ടപ്പോള്‍ അദ്ദേഹം അപ്പോള്‍ ഇവന്റെ കാര്യമോ എന്നു യേശു സ്നേഹിച്ചിരുന്ന ശിഷ്യന്‍ എന്നു സ്വയം വിളിച്ചിരുന്ന യോഹന്നാനെ ചൂണ്ടി ചോദിച്ചത്,  പ്രയോജനമൊന്നും ഉണ്ടായില്ലെങ്കിലും.

എന്നിട്ടിപ്പോള്‍ നൂറുകണക്കിന് ക്രിസ്തീയ സഭകള്‍  ഉണ്ടല്ലോ.  അതെങ്ങിനെയാണുണ്ടായത്?  മകള്‍ ഇടയ്ക്ക് കയറി ചോദിച്ചു.

ഞാന്‍ അങ്ങോട്ടാണ് വരുന്നത്.  ഇന്നു കാണുന്ന സഭകളില്‍ അപ്പസ്തോലിക പാരമ്പര്യം അവകാശപ്പെടാവുന്ന സഭകള്‍ കാലപ്രവാഹത്തില്‍ വിശ്വാസപരമായ കാരണങ്ങളാലോ(ശീശ്മ, പാഷാണ്ഡത..) മറ്റിതര കാരണങ്ങളാലോ സഭയില്‍ നിന്നു പിരിഞ്ഞു പോയവരോ പുറത്താക്കപ്പെട്ടവരോ ആയിരിക്കും.  അല്ലെങ്കില്‍ അങ്ങിനെ പിരിഞ്ഞവര്‍ പിളര്‍ന്നുണ്ടായതുമാവാം.  ഇവരെല്ലാം തന്നെ പൊതുവേ പിരിയലിനു മുമ്പേ സ്വീകരിച്ചിരുന്ന വിശ്വാസ പ്രമാണം തന്നെ തുടര്‍ന്നും ചൊല്ലിയിരുന്നു.  ഓരോരുത്തരും തങ്ങളുടേതാണ് ഒറിജിനല്‍ എന്നാണല്ലോ അവകാശപ്പെട്ടിരുന്നത്.  അപ്പോള്‍ വിശ്വാസ പ്രമാണത്തില്‍  മാറ്റം വരുത്താനാവില്ല.  പക്ഷെ, അര്‍ത്ഥങ്ങളും വിശദീകരണങ്ങളും മാറിവരും.  കത്തോലിക്കാ സഭയൊഴികെയുള്ളവര്‍  സാര്‍വത്രിക (കത്തോലിക്കാ) സഭയിലും വിശ്വസിക്കുന്നു എന്നു പറയുമ്പോള്‍ സാര്‍വത്രിക സഭ എന്നാല്‍  ലോകമെമ്പാടുമുള്ള സത്യസഭ എന്നാണു വിശദീകരിക്കാറുള്ളത്.  ഇവ കൂടാതെ ഒട്ടേറെ സഭകള്‍ ഓരോരോ വ്യക്തികള്‍ സ്ഥാപിച്ചിട്ടുണ്ട്, വിശേഷിച്ചു 1900 നു ശേഷം.  കേരളത്തില്‍ തന്നെ ഒരു പക്ഷേ നൂറിലധികം സഭകള്‍ സ്ഥാപിതമായിട്ടുണ്ടാവാം.  ഇപ്പോഴും സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു താനും.  എന്നാല്‍ പത്രോസ് എന്ന പാറമേല്‍ കര്‍ത്താവ്  സ്ഥാപിച്ചു പത്രോസിനെ ഭരമേല്പിച്ച ഒരു സഭയെ ഒള്ളു,  പത്രോസ് മുതല്‍ ഇന്നത്തെ തലവന്‍ വരെ ഇടമുറിയാത്ത പാരമ്പര്യമുള്ള സഭ.  അതാണു കത്തോലിക്കാ സഭ.  പല കാലങ്ങളിലായി  ഈ സഭയില്‍ നിന്ന് പിരിഞ്ഞവര്‍ പുനരൈക്യപ്പെട്ടു വരുന്നവരും കത്തോലിക്കാ സഭയുമായുള്ള ബന്ധത്തിലൂടെ കത്തോലിക്കര്‍ എന്നറിയപ്പെടുന്നു.

തുടര്‍ന്നു ചര്‍ച്ച്  ഓഫ്  ഇംഗ്ലണ്ട് ഉണ്ടാകാനുള്ള സാഹചര്യങ്ങളും C M S,  C S I,  C N I  തുടങ്ങിയവയെപ്പറ്റിയും അവള്‍ക്കു വിശദീകരിച്ചു കൊടുത്തു. 

ഇരുപതിരുപത്തഞ്ചു  വര്‍ഷം മുമ്പ് മകള്‍ക്ക് കൊടുത്ത ഉത്തരം ഓര്‍മ്മയില്‍ നിന്നും പുനഃസൃഷ്ടിച്ചതാണിത്.  കാലം പിന്നെയും ഒഴുകിയെന്നു സാരം.  വനിതാ പൌരോഹിത്യവുമായി ബന്ധപ്പെട്ടും ഇതര പ്രശ്നങ്ങളാലും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ നിന്നും മെത്രന്മാര്‍ സഹിതവും അല്ലാതെയും കത്തോലിക്കാ സഭയിലേക്കു ഒഴുക്കുണ്ടായി.  ഇത്തവണ ഉണ്ടായ പ്രത്യേകത ഇവര്‍ക്കായി ഒരു പുതിയ റീത്ത് ഉണ്ടാക്കിയില്ലെന്നു മാത്രമല്ല,  ഒരു റീത്തുണ്ടാക്കില്ലെന്നു പോപ്പ് അസന്നിഗ്ധമായി പ്രഖ്യാപിക്കയും ചെയ്തു.  കാരണമെന്താണെന്ന് എനിക്കറിയില്ല.  ഇനിയും പുതിയ റീത്തുകള്‍ വേണ്ട എന്ന ചിന്തയാണ് അതിനു പിന്നിലെങ്കില്‍  ഇനിയും തിരികെ വരുന്നവരും പിരിയാന്‍ പ്ലാനിടുന്നവരും ഇതൊരു സാധനപാഠമാക്കിയിരുന്നെങ്കില്‍ നന്ന്.

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!


Comments

Post a Comment