നീ എന്തിനു മരിക്കണം

 നീ എന്തിനു മരിക്കണം?

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here
ഈലേഖനം കേള്‍ക്കാം   ഇവിടെ

അമ്മയെയും ചേച്ചിയെയും വീട്ടിൽ കണ്ടില്ല.  അവർ അടുത്തു തിരുവമ്പാടിയിൽ നടക്കുന്ന കൺവെൻഷനു പോകുമെന്ന് പറഞ്ഞിരുന്നു. പോയിക്കാണും. വീട്ടിൽ ആരുമില്ല. ഞാൻ ഏതായാലും തീരുമാനിച്ചുകഴിഞ്ഞു.  ഞാൻ അത് ചെയ്യും!

വിവാഹ വാഗ്ദാനം ചെയ്തിരുന്നെങ്കിലും തന്നെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുവാൻ മുതിർന്ന അവളുടെ കാമുകനോടുള്ള അടങ്ങാത്ത പകയും നൈരാശ്യവും കോപവും മൂലം അയാളെ കൊല്ലണമെന്നുണ്ടായിരുന്നു.  അത് നടന്നില്ല. എന്നാൽ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. ഒരു സാരിയുമായി അടുത്തുള്ള കശുമാവിൽ കയറി.  അതിന്റെ കൊമ്പില്‍ സാരിയുടെ ഒരറ്റം കെട്ടി. മറ്റേ അറ്റത്ത് കുരുക്കിട്ടു. തല അതിലൂടെ കടത്തി കശുമാവില്‍ നിന്ന് അവള്‍ ചാടി!

കൺവെൻഷൻ ആരാധനയുടെ മദ്ധ്യേ ബഹുമാനപ്പെട്ട നായ്ക്കംപറമ്പിൽ അച്ചൻ വിളിച്ചു പറഞ്ഞു:  ഈ പന്തലില് അക്രൈസ്തവരായ ഒരു അമ്മയും മകളും ഇരുന്നു പ്രാർത്ഥിക്കുന്നുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ച അവരുടെ ഇളയ കുട്ടിയെ കർത്താവു രക്ഷിക്കുന്നു.  കേട്ടതേ അമ്മയ്ക്ക് മനസ്സിലായി ഇളയവൾ നന്ദിനിയുടെ കാര്യമാണ് അച്ചൻ വിളിച്ച് പറഞ്ഞതെന്ന്.  അവർ വേഗത്തിലോടി വീട്ടിലെത്തി പരതി. നന്ദിനി നിലത്തു ബോധമില്ലാതെ കിടക്കുന്നു!  കഴുത്തില്‍ കുരുക്കുണ്ട്.  സാരിയുടെ മരത്തിൽ കെട്ടിയിരുന്ന അറ്റം അഴിഞ്ഞു പോയിരിക്കുന്നു!

അവര്‍ അവളുടെ മുഖത്ത് വെള്ളം തളിച്ച്, കുലുക്കി വിളിച്ചു. അല്പം കഴിഞ്ഞു നന്ദിനി എഴുന്നേറ്റു. അവളെ വീട്ടിലേക്ക് കൊണ്ടുപോയി.  അപ്പോൾ ഞാൻ മരിച്ചില്ലല്ലേ? നന്ദിനി അത്ഭുതപ്പെട്ടു!

സാവകാശം അമ്മ കൺവെൻഷൻ പന്തലില്‍ ബ. അച്ചൻ വിളിച്ചു പറഞ്ഞ കാര്യം അറിയിച്ചു.  നന്ദിനി അവള്‍ക്കുണ്ടായ അനുഭവവും പറഞ്ഞു.   മരത്തിൽ നിന്ന് ചാടിയ അവസരത്തിൽ അവൾ പിന്നില്‍ നിന്നു ആരോ പറയുന്ന ശബ്ദം വ്യക്തമായി കേട്ടു: നീ എന്തിനു മരിക്കണം? എനിക്ക് വേണ്ടി ജീവിക്കുക. അതോടെ ബോധം പോയി.

ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് പറഞ്ഞ് അമ്മയും അനുജത്തിയും കൂടി അവളെ കൺവെൻഷനു കൊണ്ടുപോയി. നായ്ക്കംപറമ്പിലച്ചൻ അവൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ട് ആ ആഴ്ചയിൽ തന്നെ ഡിവൈനിൽ വന്നു ധ്യാനം കൂടാൻ ഉപദേശിച്ചു.  അവൾ പോയി.  ഒന്നല്ല അഞ്ചു ധ്യാനങ്ങൾ അടുപ്പിച്ചു കൂടി! ജീവിതം പാടെ രൂപാന്തരപ്പെട്ടു!  

വീട്ടിലെ അച്ഛനും അമ്മയും ചേച്ചിയും ജ്ഞാനസ്നാനം സ്വീകരിച്ചിട്ടില്ലെങ്കിലും  പിള്ളവാതം വന്നു രണ്ടു കാലും തളർന്നുപോയ അച്ഛന്റെ ചെറുപ്പത്തിൽ മലയാറ്റൂർ വച്ച് ലഭിച്ച അത്ഭുതകരമായ സൗഖ്യത്തെ തുടർന്ന് അവർ യേശുവിലും മാതാവിലും വിശുദ്ധരിലുമൊക്കെ വിശ്വസിച്ചിരുന്നു.  ഈ ഒരു പശ്ചാത്തലം നന്ദിനിക്കു സഹായകമായിരുന്നു!

30 വർഷത്തോളമായി നന്ദിനി (ഇപ്പോൾ മേരി മാർഗരറ്റ്) ബഹുമാനപ്പെട്ട നായ്ക്കംപറമ്പിൽ അച്ചന്റെ  ടീമിൽ വചനപ്രഘോഷണം ഉൾപ്പെടെ പല ശുശ്രൂഷകളിലും നിറഞ്ഞ അഭിഷേകത്തോടെ വ്യാപരിക്കുന്നു! ഭർത്താവ് ഈയിടെ അന്തരിച്ച ഡിവൈനിലെ തന്നെ ശുശ്രൂഷകൻ ആയ ജോയിക്കുട്ടി. ദൈവത്തിന് നന്ദി!  

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!


Comments

Post a Comment