ശുദ്ധീകരണസ്ഥലം ഒഴിവാക്കാൻ

 ശുദ്ധീകരണസ്ഥലം ഒഴിവാക്കാൻ

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here
ഈലേഖനം കേള്‍ക്കാം  ഇവിടെ

നാമാരും നരകത്തിൽ പോകണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല; അത് ദൈവഹിതവുമല്ല. മനുഷ്യൻ തന്റെ സ്വതന്ത്ര തീരുമാനത്താല്‍ ദൈവത്തെയും അവിടുത്തെ രക്ഷയെയും രക്ഷ പ്രാപിക്കുവാനാവശ്യമായ കൃപയെയും കൃപയുടെ സാഹചര്യങ്ങളെയും നിരാകരിക്കുന്നതിന്റെ പരിണതഫലമാണ് നരകശിക്ഷ.

അതുപോലെ നാമാരും ശുദ്ധീകരണസ്ഥലത്തില്‍ പോകണമെന്നതും ദൈവഹിതമല്ല! അനന്ത നന്മയായ  ദൈവം ആഗ്രഹിക്കുന്നത് മരണശേഷം നാം നേരെ സ്വർഗത്തിലെത്തണമെന്നാണ്.  എന്നാൽ ദൈവം നല്‍കുന്ന സമയവും അവസരങ്ങളും വേണ്ടവിധം പ്രയോജനപ്പെടുത്താത്തെയും  പാപങ്ങളെക്കുറിച്ച് അവ ലഘുവാണെങ്കില്‍ പോലും വേണ്ട വിധം അനുതപിക്കാതെയും പരിഹാരമനുഷ്ഠിക്കാതെയും ആത്മാവിൽ കളങ്കമവശേഷിപ്പിക്കുന്നവർക്ക് ശുദ്ധീകരിക്കപ്പെടാതെ സ്വർഗ്ഗപ്രവേശനം അസാധ്യമാണ്.

എന്നാൽ ഈ കാര്യങ്ങൾ വേണ്ടവിധം ശ്രദ്ധിക്കുന്ന വ്യക്തികള്‍ താഴെപ്പറയുന്ന മദറിന്റെ സാക്ഷ്യം ശ്രവിക്കുന്നത് പ്രയോജനപ്രദമായിരിക്കും.

ഞങ്ങളുടെ സന്യാസ സമൂഹത്തിലെ ഒരു സഹോദരി ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിര്യാതയായി. പതിവനുസരിച്ച് ആ സഹോദരിയുടെ ആത്മശാന്തിക്കായി ഞങ്ങള്‍ പ്രാർത്ഥിച്ചിരുന്നു.  ഈ കഴിഞ്ഞ ദിവസം ദൈവമെനിക്ക് ഒരു ദർശനം നൽകി.  മഹത്വത്തില്‍ പ്രത്യക്ഷപ്പെട്ട ആ സഹോദരി, ദൈവകൃപയാൽ താൻ സ്വർഗ്ഗത്തിലാണെന്നും തനിക്കു മേലിൽ പ്രാർത്ഥന ആവശ്യമില്ലെന്നും അറിയിച്ചിട്ടു,  ദിവസേന വൈകിട്ട് ആ സഹോദരി ചൊല്ലിയിരുന്ന ഒരു പ്രാർത്ഥന മദറിന് പറഞ്ഞുകൊടുത്തു. ചെറുതെങ്കിലും അർത്ഥവത്തായ ആ പ്രാർത്ഥന ഇവിടെ ചേർക്കുന്നു:

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേന്‍.

നിത്യപിതാവേ,  വ്യാകുലകന്യകയുടെ കരങ്ങള്‍ വഴി യേശുവിന്റെ തിരുഹൃദയത്തെ അവിടുത്തെ മുഴുവൻ സ്നേഹത്തോടും അവിടുത്തെ എല്ലാ സഹനങ്ങളോടും അവിടുത്തെ എല്ലാ യോഗ്യതകളോടും കൂടി ഇന്നു ഞാന്‍ ചെയ്ത പാപങ്ങൾക്കും ജീവിതകാലം മുഴുവനും ചെയ്ത പാപങ്ങൾക്കും പരിഹാരമായി കാഴ്ചവെക്കുന്നു.   ഒരു ത്രിത്വസ്തുതി.

 ഇന്നു ഞാൻ ശരിയാംവിധമല്ലാതെ നിർവഹിച്ച സൽപ്രവർത്തികൾക്കും ജീവിതകാലം മുഴുവനും ശരിയാംവിധം അല്ലാതെ നിർവഹിച്ച സൽപ്രവർത്തികൾക്കും പരിഹാരമായും കാഴ്ചവയ്ക്കുന്നു. ഒരു ത്രിത്വസ്തുതി.

ഇന്നു ഞാന്‍ ചെയ്യാന്‍ വിട്ടുപോയ സല്‍പ്രവൃത്തികള്‍ക്കും,  ജീവിതകാലം മുഴുവന്‍ ചെയ്യാന്‍ വിട്ടുപോയ സല്‍പ്രവൃത്തികള്‍ക്കും പരിഹാരമായും കാഴ്ച വയ്ക്കുന്നു.  ഒരു ത്രീത്വസ്തുതി.

 യേശുവിന്റെ തിരുഹൃദയത്തിലെ സ്നേഹത്തിനും സഹനങ്ങൾക്കും യോഗ്യതകള്‍ക്കും ദൈവ പിതാവിന്റെ മുമ്പിലുള്ള വില എന്തായിരിക്കും! അവയുടെ മുമ്പിൽ നമ്മുടെ പാപങ്ങളും അയോഗ്യതകളും ചവിട്ടി മെതിയ്ക്കപ്പെടാനും ആഴിയുടെ അഗാധങ്ങളിലേക്ക് തൂത്തെറിയപ്പെടാനുമേ ഉണ്ടാകൂ.  (മിക്കാ. 7:19കാണുക.) ഇതാണ് ഈ പ്രാർത്ഥനയുടെ പിന്നിലെ തത്വം!  ദൈവത്തിനു സ്തുതി! 

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!





Comments

  1. The KINGDOM is just a REALISATION AWAY 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    ReplyDelete

Post a Comment