ഒട്ടും ഇടമില്ലാത്തവര്ക്കു വേണ്ടി


 You can hear the audio here 

ഈലേഖനം കേള്‍ക്കാം  ഇവിടെ

 

അവനെ പിള്ളക്കച്ച കൊണ്ടു പൊതിഞ്ഞു പുല്‍തൊട്ടിയില്‍ കിടത്തി.  കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല.(ലൂക്കാ 2/7)  എന്നു POC ബൈബിള്‍.  സത്രത്തില്‍ അവര്‍ക്കു ഇടമില്ലായിരുന്നു എന്നാണു പൊതുവേ മറ്റു വിവര്‍ത്തനങ്ങള്‍.  പദാനുപദം നോക്കുമ്പോള്‍ ഇതാണ് കൃത്യമെന്നു തോന്നുമെങ്കിലും മൂല ഭാഷയുടെ ശൈലി നോക്കുമ്പോള്‍  POC തന്നെ കൂടുതല്‍ വിശ്വസ്തം.  എങ്ങിനെ നോക്കിയാലും സത്രത്തില്‍ ഇടമില്ലായിരുന്നു എന്ന നമ്മുടെ പൊതു ധാരണയ്ക്കു നിലനില്‍പ്പില്ല.  അവര്‍ക്കു സ്ഥലമില്ലായിരുന്നു,  അവര്‍ക്കു ഇടം കിട്ടിയില്ല.  അതാണ്‌ നേര്.  ജനിക്കാന്‍ മാത്രമല്ല,  ...മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല എന്ന വാക്കുകളെ  അന്വര്‍ത്ഥമാക്കിക്കൊണ്ടു അലഞ്ഞുനടന്നു, കിടന്നു മരിക്കാന്‍ പോലും ഈ മണ്ണില്‍ ഇടം കിട്ടാഞ്ഞ ഒരു മനുഷ്യന്റെ ജന്മദിനമാണ് ഈ ദിവസങ്ങളില്‍ നാം ആഘോഷിക്കുന്ന ക്രിസ്തുമസ്.  ക്രിസ്തു ഇന്നു വന്നാലും സ്ഥിതി വ്യത്യസ്തമാകുമോ?  2002 ഒക്ടോബര്‍ ലക്കം ശാലോം ടൈംസില്‍ പ്രസിദ്ധീകരിച്ച ഈ കുറിപ്പ് ഒരിക്കല്‍ക്കൂടി വായനക്കാരന്റെ മുന്നിലേക്ക്‌ നീട്ടണമെന്ന ആഗ്രഹം പ്രസക്തമാകുന്നത് അങ്ങിനെയാണ്.  

ഒട്ടും ഇടമില്ലാത്തവര്‍ക്കു വേണ്ടി

പിന്നെയും ഞാനതു മറന്നു.  അതുകൊണ്ടാണല്ലോ വീണ്ടും ഓര്‍മ്മിപ്പിക്കേണ്ടി വന്നത്.  എന്നെപ്പോലെ വായനക്കാരില്‍ ചിലരും അത് മറന്നിരിക്കാം.  അതുകൊണ്ടു ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നതു തെറ്റാവില്ലെന്നു കരുതുന്നു.

എന്നെ ഇക്കാര്യം കര്‍ത്താവ് ഓര്‍മ്മിപ്പിച്ചത് ഈ സംഭവത്തിലൂടെയാണ്. ഈ കഴിഞ്ഞയിടെ ജീസസ് യൂത്ത് ,  കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എനിക്കും അവസരം കിട്ടി.  പോരാന്‍ നേരത്തു പങ്കെടുത്തവര്‍ക്കെല്ലാം നല്‍കിയ ഒരു ഫയല്‍ എനിക്കും സ്നേഹത്തോടെ തന്നു. സൂക്ഷിച്ചുവയ്ക്കാന്‍ മാത്രം മൂല്യമുള്ളതായിരുന്നു ആ ഫയലില്‍ ഉണ്ടായിരുന്നത്.  എനിക്കു സന്തോഷമായി.  ബൈബിളും കുടയും ഒക്കെ വച്ചുകൊണ്ട് അങ്ങോട്ടു ഞാന്‍ കൊണ്ടുപോയ സഞ്ചിയില്‍ ഫയല്‍ ആദ്യമേതന്നെ വച്ചു,  അവസാനം ബൈബിള്‍ വയ്ക്കാന്‍ നോക്കുമ്പോള്‍ ഒരു വിധത്തിലും ബൈബിള്‍ സഞ്ചിയില്‍ കയറില്ല.  പെട്ടെന്നു വര്‍ഷങ്ങള്‍ ഏറെ മുമ്പ് ഇതുപോലെ തന്നെ ഉണ്ടായ അനുഭവം ഓര്‍മ്മയിലെത്തി.  അന്ന് വീട്ടില്‍ നിന്നും അല്പമൊരു ദീര്‍ഘയാത്രയ്ക്കു ഒരുങ്ങുകയായിരുന്നു.  അത്യാവശ്യ വസ്തുക്കളെല്ലാം ബാഗില്‍ എടുത്തുവച്ചു .  അവസാനം ബൈബിള്‍ വയ്ക്കുമ്പോള്‍ ഒരു വിധത്തിലും ബാഗ് അടയ്ക്കാന്‍ കഴിയുന്നില്ല.  കുറെ ശ്രമിച്ചിട്ടും സാധിക്കാതെ വന്നപ്പോള്‍ ബാഗില്‍നിന്നു ഇനിയെന്താണ് ഒഴിവാക്കാന്‍ പറ്റുന്നതെന്നു ചിന്തിച്ചു ഒരു നിമിഷം നിന്നു.  അപ്പോഴാണ്‌ ആ ചിന്ത എന്റെ ഉള്ളിലേക്ക് എത്തിയത്.  ആദ്യം ബൈബിള്‍.  അപ്പോള്‍ എല്ലാം ശരിയാകും.  വേഗം തന്നെ ഞാന്‍ ബാഗ് കാലിയാക്കി.  ബൈബിള്‍ ആദ്യമേതന്നെ എടുത്തുവച്ചു. തുടര്‍ന്ന് വസ്ത്രങ്ങളും മറ്റത്യാവശ്യസാധനങ്ങള്‍  മുഴുവനും.  ആദ്യം ബാഗില്‍ നിറച്ചിരുന്ന മുഴുവന്‍ സാധനങ്ങളും ഇപ്പോള്‍ ബാഗില്‍ ഉള്‍ക്കൊണ്ടു എന്നത് നേര്.  ഇപ്പോള്‍ അക്കാര്യം ഞാന്‍ ഓര്‍മ്മിച്ചു. ഫയല്‍ സഞ്ചിയില്‍ നിന്നും പുറത്തെടുത്തു.  ആദ്യം ബൈബിള്‍ എടുത്തു വച്ചു.  തുടര്‍ന്ന് ഫയലും കുടയും എല്ലാം.  ഒരു കുഴപ്പവുമില്ല.

അതെ, ആദ്യം ദൈവം. അപ്പോള്‍ മറ്റെല്ലാം യഥാവിധിയായിക്കൊള്ളും.  അല്ലെങ്കില്‍ ദൈവത്തോടും ദൈവവചനത്തോടും കൂടെ ഇരിക്കാന്‍ പറ്റാത്തതെന്തെങ്കിലും ഉണ്ടെങ്കില്‍  അതൊഴിവാക്കുന്നതല്ലേ നല്ലതു?  ബാഗിലും സഞ്ചിയിലുമൊക്കെ ഇത് പ്രാവര്‍ത്തികമാക്കുക എളുപ്പമാണ്.  എന്നാല്‍ ജീവിതത്തിലോ?

ജീവിതത്തില്‍ പ്രഥമസ്ഥാനം ദൈവത്തിനു കൊടുക്കുക. അപ്പോള്‍ ബാക്കിയെല്ലാം, ബാക്കിയെല്ലാവരും  യഥാസ്ഥാനത്തു വന്നുകൊള്ളും.  ഭാര്യയും മക്കളും മാതാപിതാക്കളും സ്നേഹിതരും ജോലിയും സമ്പത്തും അംഗീകാരവും പ്രശസ്തിയും എല്ലാം.  നമുക്ക് പലപ്പോഴും പറ്റിപ്പോകുന്നതിതാണ്. മറ്റുള്ളവരെയും മറ്റുള്ളവയേയും കൊണ്ടു ജീവിതം കുത്തിനിറയ്ക്കും.  പിന്നെ ദൈവത്തെക്കൂടി അതില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമമാണ്.  മിക്കപ്പോഴും അത് പരാജയപ്പെടുകയും ചെയ്യും.  ജോലിത്തിരക്കുകള്‍ക്കിടയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് കൂടി സമയം കിട്ടാത്തവരാണു നമ്മള്‍.  കുട്ടികളുടെ പഠനവും ടി വി സീരിയലും കഴിഞ്ഞു കുടുംബപ്രാര്‍ത്ഥനയ്ക്കു നേരം കിട്ടാത്തവര്‍.  അനേക അത്യാവശ്യങ്ങള്‍ക്കായി ലീവെടുത്ത് അവസാനം ആണ്ടിലൊരിക്കലെങ്കിലും ഒരാഴ്ച ധ്യാനിക്കാന്‍ നോക്കുമ്പോള്‍ അവധി ശേഷിക്കാത്തവര്‍.  അത്യാവശ്യ കാര്യങ്ങള്‍ക്കായി ചിലവഴിച്ച ശേഷം ദശാംശം കൊടുക്കാന്‍ ഒന്നും അവശേഷിക്കാത്തവര്‍.

ദൈവത്തിനും ദൈവവചനത്തിനും ദൈവീക നിര്‍ദ്ദേശങ്ങള്‍ക്കും പ്രഥമ പ്രാധാന്യം കൊടുക്കുമ്പോള്‍ ചിലതെല്ലാം ജീവിതത്തില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നേക്കാം;  പലപ്പോഴും അത് വേദനാജനകവുമായിരിക്കും.  ഇസഹാക്കിനേക്കാള്‍  ദൈവത്തിനു പ്രാധാന്യം കൊടുക്കേണ്ടിവരുന്ന സാഹചര്യം അബ്രഹാമിനു മാത്രമല്ല നമുക്കും ഉണ്ടാകാം.  യേശുവിന്റെ ഈ വാക്കുകള്‍ നമുക്കോര്‍ക്കാം.  സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു,  എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്മാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും ഇവിടെവച്ച് തന്നെ നൂറിരട്ടി ലഭിക്കാതിരിക്കില്ല.  ഭവനങ്ങളും സഹോദരന്മാരും സഹോദരിമാരും മാതാക്കളും മക്കളും വയലുകളും അവയോടൊപ്പം പീഡനങ്ങളും വരാനിരിക്കുന്ന കാലത്തു നിത്യജീവനും. (മര്‍ക്കോ. 10/30)

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!


Comments

  1. " 100 times " is not at all bad ratio, almost unbelievable, but absolutely true. 🙏🙏🙏

    ReplyDelete

Post a Comment