അവർക്കൊന്നും മനസ്സിലായില്ല
യാത്രയ്ക്കിടയിൽ
പ്രസിഡൻറ് അദ്ദേഹത്തിന്റെ പരിവാരത്തിലെ ഏതാനും അംഗങ്ങൾക്കൊപ്പം ഒരു റസ്റ്റോറന്റില്‍
കയറി. അവിടെ ചായ കുടിക്കുന്നതിനിടയിൽ
അകലെയിരുന്ന് ചായ കുടിക്കുന്ന ഒരു വൃദ്ധനെ അദ്ദേഹം ശ്രദ്ധിച്ചു. ആളെ അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ കൂട്ടത്തിൽ ചേരാൻ അയാളെ വിളിപ്പിച്ചു.
അടുത്തിരിക്കാൻ പറഞ്ഞു. അയാളെ നോക്കി പ്രസിഡൻറ് പുഞ്ചിരിച്ചു.
എന്നാൽ വൃദ്ധനായ ആ
മനുഷ്യനു പുഞ്ചിരിക്കാനോ അദ്ദേഹത്തിൻറെ മുഖത്തേക്ക് നോക്കാനോ കഴിയാതെ
അവിടെയിരുന്നു വിറയ്ക്കുകയാണ്! കൂടെയുണ്ടായിരുന്നവർ ഇയാള്‍ ഇങ്ങനെ വിറയ്ക്കുന്നത്
എന്തെന്നോര്‍ത്തു ആശ്ചര്യപ്പെട്ടു. അവര്‍ക്കൊന്നും
മനസ്സിലായില്ല.
ചായകുടി കഴിഞ്ഞു
പ്രസിഡന്റ് എഴുന്നേറ്റു വൃദ്ധന്റെ തോളില്‍ മെല്ലെ തട്ടിയിട്ടു നമുക്ക് പിന്നീട്
കാണാം എന്ന് പറഞ്ഞ് പരിവാരസമേതം ഇറങ്ങി.
അദ്ദേഹം
ഓർക്കുകയായിരുന്നു. താൻ തടവിലായിരുന്ന കാലത്ത് ഈ വൃദ്ധനായ മനുഷ്യൻ ജയിലർ ആയിരുന്നു.
വർഷങ്ങൾക്കുമുമ്പുള്ള കാര്യമാണ്. അന്നു അയാൾ തടവുകാരെ വളരെയധികം
പീഡിപ്പിച്ചിട്ടുണ്ട്, തന്നെയും. ഒരിക്കൽ
ദാഹിച്ചു വലഞ്ഞു ഒരുപാത്രം കുടിവെള്ളം ആവശ്യപ്പെട്ടപ്പോൾ ഒരുപാട് ചീത്ത
വിളിച്ചിട്ട് ഇത് കുടിക്കുക എന്ന് പറഞ്ഞ് തന്റെ പാത്രത്തിൽ അയാൾ മൂത്രമൊഴിച്ചു
കൊടുത്തതും എല്ലാം പ്രസിഡൻറ് ഓർമ്മിച്ചു!
ഇന്നിപ്പോൾ സാഹചര്യമെല്ലാം
മാറി. ജയിലര്‍ റിട്ടയെഡായി. തടവുപുള്ളി
ആയിരുന്ന താൻ ഇന്ന് പ്രസിഡന്റുമായി. തന്നോട് ചെയ്ത എല്ലാ നിഷ്ഠൂരതയ്ക്കും
എണ്ണിയെണ്ണി വേണമെങ്കിൽ പകരം ചോദിക്കാം...
ഇല്ല. മനുഷ്യത്വവും മാന്യതയും വിട്ട് ഒന്നും താൻ
ചെയ്യില്ല. എന്റെ പ്രതികരണം എന്റെ സ്ഥാനത്തിനു യോഗ്യമായിരിക്കണം, ആയിരിക്കും.
സൗത്ത് ആഫ്രിക്ക യുടെ
പ്രസിഡണ്ട് ആയിരുന്ന നെൽസൺ മണ്ടേല ആയിരുന്നു ആ പ്രസിഡന്റ്!
Comments
Post a Comment