എന്നെ എനിക്കു വിശ്വാസമാണ്
കുറഞ്ഞ വിലയില്‍ LED ബള്‍ബുകള്‍
വാങ്ങാന്‍ ഞാന്‍ ഇന്നു KSEB ഓഫീസില്‍ പോയിരുന്നു. മുകളിലത്തെ നിലയിലായിരുന്നു ബള്‍ബുകള്‍
കൊടുത്തിരുന്നത്. ഈ വക കാര്യങ്ങള്‍
കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥ ബള്‍ബിന്റെ വിലയായ 650/- രൂപ
അടയ്ക്കണമെന്ന് അറിയിച്ചു. പണമടയ്ക്കേണ്ട
കൌണ്ടര്‍ താഴെയാണ്. അങ്ങോട്ടു പോകാനായി
തിരിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ‘ബള്‍ബു കൂടി
കൊണ്ടുപൊയ്ക്കൊള്ളൂ, ഒന്നുകൂടി സ്റ്റെപ്പു
കയറണ്ടല്ലോ. പോകുന്നവഴി പണമടച്ചാല്‍ മതി.’
അത്തരമൊരു സമീപനം സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രതീക്ഷിക്കാതിരുന്ന ഞാന്‍
ഒന്നമ്പരന്നു നിന്നുപോയി. എങ്കിലും, ബള്‍ബു
കൈപ്പറ്റുന്നതിനിടയില്‍ ചിരിച്ചു കൊണ്ടു ഞാന്‍ ചോദിച്ചു: ‘പണമടയ്ക്കാതെ
ഇതുംകൊണ്ടു ഞാനങ്ങ് മുങ്ങിയാലോ?’ അവരുടെ
മറുപടി പെട്ടെന്നായിരുന്നു. ‘അങ്ങനെയുണ്ടാവില്ല. എന്നെ എനിക്കു വിശ്വാസമാണ്.’ എന്നെ
ഒട്ടേറെ ചിന്തിപ്പിച്ച ഉത്തരം.
അവര്‍ പറഞ്ഞത് ശ്രദ്ധിച്ചോ? അവര്‍ക്കു എന്നെ വിശ്വാസമാണെന്നല്ല
പറഞ്ഞത്. അല്ലെങ്കില്‍ത്തന്നെ, ആദ്യമായി കാണുന്ന എന്നെ വിശ്വസിക്കാന്‍ അവര്‍ക്കു
എന്ത് കാരണം? അവര്‍ക്കു അവരെ വിശ്വാസമാണെന്നാണ്
പറഞ്ഞത്. എന്താണാ വിശ്വാസം? ഏറ്റം ലളിതമായി പറഞ്ഞാല്‍, എന്റെ സ്ഥാനത്തു അവരായിരുന്നെങ്കില്‍ അവര്‍
പണമടയ്ക്കാതെ കബളിപ്പിക്കില്ലെന്നു അവര്‍ക്കു ഉറപ്പാണ്. അതാണവര്‍ ഏറ്റുപറഞ്ഞ വിശ്വാസം.
നിങ്ങള്‍ ഇന്നോളമുള്ള ജീവിതത്തില്‍ ആരെയും
കബളിപ്പിച്ചിരിക്കില്ല. നല്ലതു
തന്നെ. പക്ഷെ, അതുകൊണ്ടു മറ്റൊരാള്‍ നിങ്ങളെ കബളിപ്പിക്കില്ല എന്നു
നിങ്ങള്‍ക്കു വിശ്വസിക്കാന്‍ ആവണമെന്നില്ല.
നമ്മളൊക്കെ പലപ്പോഴും ആരെയും വഞ്ചിച്ചിട്ടില്ലാത്ത വഞ്ചകരും മോഷ്ടിച്ചിട്ടില്ലാത്ത കള്ളന്മാരും
ആയിരിക്കാം. അതുകൊണ്ടു നേര്‍ച്ചപ്പെട്ടി
തുറന്നിരുന്നാല്‍ പുണ്യാളച്ചനായാലും കയ്യിട്ടുപോകും എന്നു നാം കരുതുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ
പ്രവൃത്തികളല്ല, മനോഭാവമാണു പ്രസക്തം. നമുക്ക് ചുറ്റുമുള്ള ലോകം കാണുന്നതു നമ്മുടെ
പ്രവൃത്തികളെയാണ്. അതുകൊണ്ടു നാം അത്
നന്നാക്കി വയ്ക്കുന്നു; ഉള്ളിലേക്ക് നോക്കുന്നേയില്ല. അങ്ങിനെ ക്രമേണ വെള്ളയടിച്ച കുഴിമാടങ്ങളായി നാം
മാറുന്നു. ഇത് നമ്മുടെ വ്യക്തി ബന്ധങ്ങളെ
എങ്ങിനെ ബാധിക്കുന്നു എന്നാണു നാം മുകളില്‍ കണ്ടത്. വ്യക്തിബന്ധങ്ങള്‍ വഷളാകുന്നു എന്നു പറഞ്ഞാല്‍
ദൈവവുമായുള്ള ബന്ധവും വഷളാകുന്നു എന്നു തന്നെയാണു അര്‍ത്ഥം. കാരണം ദൈവവുമായും നമുക്കുണ്ടാകേണ്ടത് വ്യക്തി
ബന്ധമാണ്. ചുരുക്കത്തില്‍, നമ്മുടെ ഈ
ലോകവും വരാനിരിക്കുന്നതും നരകമാകുന്നു.
നമുക്കുണ്ടാകേണ്ടത് അന്തഃകരണത്തിന്റെ വിശുദ്ധീകരണമാണ്.
ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!
Comments
Post a Comment