അത്ഭുത ഗോവണിയോ?

 അത്ഭുത ഗോവണിയോ?

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here   
ഈലേഖനം കേള്‍ക്കാം ഇവിടെ


 

വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന അവസാനിച്ചതിന്റെ പിറ്റേന്നു താടിയും മീശയുമുള്ള ഒരാൾ തന്റെ കഴുതയും അതിന്റെ പുറത്ത് അത്യാവശ്യം മരപ്പണിക്കു വേണ്ട പണിയായുധങ്ങളും ആയി മഠത്തിന്റെ വാതിലില്‍ മുട്ടി. കതകു തുറന്ന സിസ്റ്റേഴ്സിനോട് ഇവിടെ ചാപ്പലില്‍ ഒരു ഗോവണി പണിയാനുണ്ടെന്നു കേട്ടു വന്നതാണ്, അയാൾ പറഞ്ഞു നിർത്തി.

തങ്ങളുടെ മനോഹരമായ ചാപ്പലിനു യോജിച്ച ഒരു ഗോവണി  നിർമ്മിക്കാന്‍ ഈ മനുഷ്യനു കഴിയുമോ എന്തോ!  സിസ്റ്റേഴ്സിനു ആദ്യം സംശയം തോന്നിയെങ്കിലും യൗസേപ്പിതാവ് അയച്ചതായിരിക്കും ഈ അപരിചിതനെ എന്നോർത്തു സമ്മതിച്ചു.

അയാള്‍ പണി തുടങ്ങി.  പള്ളി അടച്ചിട്ടാണ് പണി.  സിസ്റ്റേഴ്സ് ചാപ്പലില്ലാത്ത നേരം നോക്കിയും. ഗോവണിക്കു ആവശ്യമായ തടി എല്ലാം അയാള്‍ തന്നെ സംഘടിപ്പിച്ചു.  മരം കുതിര്‍ക്കാന്‍ ആവശ്യമായ വെള്ളമല്ലാതെ മറ്റൊന്നും അയാൾ ആവശ്യപ്പെട്ടില്ല!

ചാപ്പല്‍ ലൊറേറ്റോ സിസ്റ്റേഴ്സിന്റേതാണ്.  വിദഗ്ധനായ ഒരു ഫ്രഞ്ച് വാസ്തുശില്പിയാണ് അതു നിർമ്മിച്ചത്.  അഞ്ചു വർഷമെടുത്തു അത് പൂർത്തിയാക്കാൻ.  പണി പൂർത്തിയായപ്പോഴാണ് അതിലെ ഒരു പിഴവു അദ്ദേഹം ശ്രദ്ധിച്ചത്!

ചാപ്പലിന്റെ പുറകു വശത്തായി ഉള്ളില്‍ നിർമ്മിച്ചിട്ടുള്ള ബാൽക്കണിയിലേക്ക് കയറാനും ഇറങ്ങാനും ഗോവണി ഇല്ല!  ഗായകസംഘം നിൽക്കേണ്ടത് അവിടെയാണ്.  ഇനി അതു പണിയാന്‍  അത്ര എളുപ്പവുമല്ല.  ഒരു പരിഹാരം കാണാൻ അദ്ദേഹം നാട്ടിലേക്ക് മടങ്ങി.  പറ്റിയ ഒരാളെ അന്വേഷിച്ചു.  കണ്ടെത്താനായില്ല.  വാസ്തുശില്പി ഇതിനിടെ അന്തരിച്ചു!

പ്രശ്നപരിഹാരത്തിനായി സിസ്റ്റേഴ്സ് പലരെയും അന്വേഷിച്ചെങ്കിലും അനുയോജ്യരായ ആരെയും ലഭിച്ചില്ല.

അങ്ങനെയിരിക്കെയാണ് വിശുദ്ധ യൌസേപ്പിന്റെ കാര്യമോർത്തത്.  അവർ പ്രാർത്ഥിച്ചു തുടങ്ങി.  അദ്ദേഹത്തോടുള്ള നൊവേന ഭക്തിപൂർവ്വം ചൊല്ലി കാഴ്ചവച്ചു.  നൊവേന പൂര്‍ത്തിയായതിന്റെ പിറ്റേന്നാണു കഴുതപ്പുറത്തു താടിമീശക്കാരന്‍ മരപ്പണിക്കാരനെത്തിയത്.  ഏതാനും മാസമെടുത്തു അയാൾ ഗോവണി  വളരെ മനോഹരമായി ചാപ്പലിന്റെ ഭംഗിക്കു ഒട്ടും കോട്ടം വരാത്തവിധം പൂർത്തിയാക്കി.

അദ്ദേഹത്തെ അനുമോദിക്കാനും കൂലിയും സമ്മാനവും നൽകുവാനും നിശ്ചയിച്ച ദിവസം പണിക്കാരൻ തന്റെ കഴുതയും സാമഗ്രികളുമായി അപ്രത്യക്ഷനായി! സിസ്റ്റേഴ്സ് പലരെക്കൊണ്ടും പലയിടത്തും അന്വേഷിച്ചു.  അങ്ങനെ ഒരാളെ ആരും കണ്ടിട്ടില്ലത്രെ!

 ഏതാണ്ട് 150 വർഷം മുമ്പ് പണിത ഈ ഗോവണി ആധുനിക എൻജിനിയേഴ്സിനെ അത്ഭുതസ്തബ്ധരാക്കുന്നു!  ഈ ചുറ്റുഗോവണിക്ക് (Spiral stairs) സാധാരണ കാണാറുള്ള നടുവിലുള്ള ഇരുമ്പു തൂണില്ല!  (ഈ തൂണിലാണ് പടികള്‍ ബന്ധിപ്പിക്കുന്നതു.) അതുപോലെ  ഒരൊറ്റ ഇരുമ്പാണി ഉപയോഗിച്ചിട്ടില്ല! ഗോവണിക്കു ഉപയോഗിച്ചിരിക്കുന്ന തടി ആ പ്രദേശത്തെങ്ങും കാണാത്തതും!

അത്ഭുത ഗോവണി (miraculous stair case) എന്നാണ് ഇത് അറിയപ്പെടുന്നത്.  ന്യൂ മെക്സിക്കോയില്‍  സാന്റാഫേ എന്ന സ്ഥലത്താണ് ലോറേറ്റോ ചാപ്പല്‍.  അവിടുത്തെ സിസ്റ്റേഴ്സിന്റെ ഉറച്ച ബോദ്ധ്യം തങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരമായി വിശുദ്ധ യൗസേപ്പ്  പിതാവ് നല്‍കിയ സമ്മാനമാണ് ഈ ഗോവണി എന്നാണു!  Praise the Lord!

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

 

Comments

Post a Comment