ജപമാല മുറുകെപ്പിടിച്ചു

 ജപമാല മുറുകെപ്പിടിച്ചു!!!

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here
ഈലേഖനം കേള്‍ക്കാം  ഇവിടെ

ജപമാല മുറുകെപ്പിടിച്ചു...!

2021 മെയ് മാസം പതിനേഴാം തീയതി.  ടോട്ടെ എന്ന ചുഴലിക്കാറ്റ് സംഹാരതാണ്ഡവം നടത്തുകയാണ്. ആ കാറ്റിലും തിരയിലുംപെട്ട വരപ്രദ എന്ന കപ്പലിന്റെ എഞ്ചിന്‍ റൂമിൽ വെള്ളം കയറുന്നത് ഓപ്പറേറ്റർ ശ്രദ്ധിച്ചു.  ബോംബെ ഹൈയുടെ അധീനതയിലുള്ള സപ്പോർട്ടിങ് വെസ്സലാണ് വരപ്രദ.  എഞ്ചിന്‍ റൂമിൽ വെള്ളം കയറുന്നത് കപ്പലിനു സാരമായ തകരാറുണ്ടെന്നതിന്റെ സൂചനയാണ്!  വെള്ളത്തിന്റെ ലെവൽ ഉയരുന്നത് നോക്കി നിൽക്കെ കാണാം.  വെള്ളം എഞ്ചിന്‍ റൂമിൽ നിന്ന് കപ്പലിലേക്കു വ്യാപിക്കാൻ തുടങ്ങി. കപ്പൽ വെള്ളത്തിൽ ക്രമേണ താഴാന്‍ തുടങ്ങുന്നതു ക്യാപ്റ്റൻ ശ്രദ്ധിച്ചു. എല്ലാവരോടും ലൈഫ് ജാക്കറ്റ് അണിയാൻ അയാൾ നിർദ്ദേശം നൽകി.

13 ജോലിക്കാർ ക്യാപ്റ്റൻ ഉൾപ്പെടെ കപ്പലിലുണ്ട്. കപ്പൽ തിരയിൽ ഉലയുകയാണ്. എല്ലാവരും വൃത്തത്തിൽ നിന്ന് ഒരു മിനിട്ട് നേരം പരസ്പരം തോളിൽ കൈവെച്ചു.  കാറ്റു120ഉം 150ഉം  കിലോമീറ്റർ വേഗത്തിലാണ്. തിരമാലകള്‍ പത്തുപതിനഞ്ചോളം മീറ്റർ ഉയർന്നു താഴുന്നു! വേണ്ടിടത്തേയ്ക്കെല്ലാം  സന്ദേശം അയച്ചു കഴിഞ്ഞു. അതു ലഭിച്ച വിവരവും കിട്ടി. പെട്ടെന്നാണതുണ്ടായത്.  abandon shipഎന്ന സന്ദേശം!  എന്നുവെച്ചാൽ കപ്പലിൽ ഇനി നിൽക്കരുത്. എടുത്തു ചാടുക, കപ്പൽ മുങ്ങുകയാണ്.  ചാടി കഴിയുന്നത്ര കപ്പലിൽ നിന്ന് അകലത്തിലേക്കു നീന്തി മാറുക.  കാരണം അവർക്കറിയാം.  കപ്പൽ മുങ്ങുമ്പോൾ സമീപത്തുള്ള എല്ലാറ്റിനെയും അതോടൊപ്പം  താഴേക്ക് വലിക്കും! കപ്പലിന്റെ വലിപ്പമനുസരിച്ച് വലിവ് ഭയങ്കരമായിരിക്കും.

കപ്പലിൽ ഉണ്ടായിരുന്ന ഏക മലയാളിയാണ് ഫ്രാൻസിസ്. ഫ്രാൻസി എന്ന് വിളിക്കുന്നു. കൊച്ചി, അരൂര്‍ ഇടവകക്കാരനായ അയാള്‍ തികഞ്ഞ മാതൃഭക്തനാണ്. ശിശുവായിരുന്നപ്പോൾ വല്ലാർപാടം പള്ളിയിൽ കൊണ്ടുപോയി അടിമ വച്ചിട്ടുണ്ട്.  അന്നു തുടങ്ങിയതാണ് വല്ലാർപാടത്തമ്മയോടുള്ള ബന്ധം.  ഫ്രാൻസിസിന്റെ അമ്മ നല്ല വിശ്വാസിയും മാതൃഭക്തയുമാണ്. വല്ലാർപാടത്തമ്മ തന്നെ കൈവിടില്ല എന്ന് ഫ്രാന്സീസിനു നല്ല ഉറപ്പാണ്! കഴുത്തിലെ ജപമാല മുറുകെപിടിച്ച് വല്ലാർപാടത്തമ്മേ! രക്ഷിക്കണേ എന്ന് പറഞ്ഞുകൊണ്ട് ഇളകിമറിയുന്ന കടലിലേക്ക് എടുത്തു ചാടി അകലേക്കു നീന്തി തുടങ്ങി. തൊട്ടടുത്തു ഒരു സഹപ്രവർത്തകൻ നീന്തുന്നുണ്ട്.  മറ്റാരെയും കാണാനില്ല.  നല്ല ഇരുട്ടും. തുടർന്ന് കപ്പലില്‍നിന്നു വീഷിയെറിഞ്ഞ ഒരു ലൈഫ് റാഫ്റ്റു (Life raft) അയാളുടെ തൊട്ടു മുന്നിൽ വന്നു വീണു തുറന്നു.  അതു ഭാഗ്യമായി.  രക്ഷാകപ്പലിനു അവരെ എളുപ്പത്തിൽ കണ്ടെത്താനാകും. രണ്ടുപേരും അതിൽ കയറി.  മറ്റാരെയും കാണുന്നുമില്ല! കൂടെയുള്ള സുഹൃത്തിനോട് ധൈര്യമായിരിക്കുവാനും പ്രാർത്ഥിക്കാനും പറഞ്ഞിട്ട് ഫ്രാൻസിസ് പ്രാർത്ഥനയിൽ മുഴുകി.

വല്ലാർപാടത്തമ്മയുടെ ചിത്രത്തിനു താഴെയായി ഒരു ഹൈന്ദവ സ്ത്രീയെയും കുഞ്ഞിനേയും കാണാം.  ലക്ഷ്മികുട്ടി.  വള്ളം മുങ്ങി അവരെ കാണാതായിട്ട് മൂന്ന് ദിവസത്തിനു ശേഷം അത്ഭുതകരമായി അവർ തീരമണഞ്ഞു!  വല്ലാർപാടത്തമ്മ എപ്രകാരമാണ് തന്നെ സംരക്ഷിച്ചതെന്ന വാർത്ത അവരാണ് നാടുമുഴുവൻ അറിയിച്ചത്.  വർഷങ്ങൾക്ക് മുമ്പ് നടന്നതാണ് അത്.  ഫ്രാൻസിനതെല്ലാം അറിയാം.

അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട് എന്നറിയിച്ച കപ്പലും നോക്കി അവർ ഉലയുന്ന റാഫ്റ്റിലിരിപ്പാണ്. കാറ്റിന് ശമനമില്ല.  മണിക്കൂർ ഒന്ന്, രണ്ട്.... മൂന്ന്... കപ്പലിന്റെ ലക്ഷണമൊന്നുമില്ല. ദൈവമേ! കപ്പലെത്തുമോ?  അവർ ലൈഫ് റാഫ്റ്റ് കണ്ടെത്തുമോ? മാനുഷികമായ ഉല്‍ക്കണ്ഠയും സംശയവും അലട്ടുമ്പോഴും പ്രാർത്ഥനയിൽ ശരണപ്പെട്ടു രണ്ടുപേരും ഇരുന്നു.  

മണിക്കൂര്‍ നാലാകുന്നു.... നാലു കഴിയുന്നു.... ഇതാ രക്ഷാകപ്പലിന്റെ ലൈറ്റ് ദൂരെ ദൃശ്യമായി! മാതാവേ നന്ദി. വലിയ ബുദ്ധിമുട്ടു കൂടാതെ അവർ റാഫ്റ്റു കണ്ടെത്തി. കപ്പൽ സാവധാനം അടിപ്പിച്ചു.  കപ്പലിൽ നിന്ന് എറിഞ്ഞ വല റാഫ്റ്റിനെ തൊട്ട് വീണു. കയ്യെത്തി അവര്‍ വലയില്‍ പിടിച്ചു മുകളിലേക്ക് കയറാനാരംഭിച്ചു.  മുകളിലേക്കു നോക്കി. നല്ല ഉയരമുണ്ട്.  പകുതി പോലും കയറാനായില്ല.  നല്ല ക്ഷീണം. ഫ്രാന്‍സിസ് വല ഉയർത്താൻ ആംഗ്യം കാണിച്ചു.  ഊര്ന്നു പോകാതിരിക്കാൻ കൈയും കാലും വലയിൽ തിരുകി.  ജപമാല മുറുകെപ്പിടിച്ചു മാതാവിനെ വിളിച്ചു അള്ളിപ്പിടിച്ചു കിടന്നു.  വല അവര്‍ ഉയർത്തി. മുകളിലെത്തിയതോര്‍മ്മയുണ്ട്.  പിന്നെ ബോധം മറഞ്ഞു!  മാനസിക സംഘർഷം അത്രമാത്രമായിരുന്നു! എത്ര നേരം അങ്ങിനെ കിടന്നു എന്നറിയില്ല.  കപ്പലിലെ ഡോക്ടർ മുഖത്ത് തട്ടി ഫ്രാൻസിസ് എന്ന് വിളിച്ചപ്പോൾ കണ്ണുതുറന്നു!  Dont worry!  You are in safe hands now. ഡോക്ടർ ആശ്വസിപ്പിച്ചു. അവിടെ കിടന്നു കൊണ്ട് കർത്താവിനു പരിശുദ്ധ അമ്മയ്ക്കും തുടരെ നന്ദി പറയുകയായിരുന്നു.

മുംബൈയിൽ എത്തിയപ്പോൾ വീട്ടിലേക്ക് വിളിച്ചു. പിന്നീട് വീട്ടിലെത്തിയപ്പോൾ ഒരേ ഒരു ജ്വരമേ ഉണ്ടായിരുന്നുള്ളൂ. വല്ലാർപാടത്തമ്മയുടെ അടുത്തെത്തി നന്ദി പറയണം.  ലോക് ഡൌണ്‍ ആയിരുന്നിട്ടും മാതാവിലാശ്രയിച്ചു കുടുംബസമേതം പോയി.  ആരും വഴിയിൽ തടഞ്ഞില്ല!  വല്ലാര്‍പാടത്തെത്തി അമ്മയുടെ സന്നിധിയിൽ നിറഞ്ഞ ഹൃദയത്തോടും കണ്ണീര്‍ പ്രവാഹത്തോടും നന്ദി പറഞ്ഞു.  പിന്നീടാണറിയുന്നത് ലൈഫ് റാഫ്റ്റിലുണ്ടായിരുന്ന  ഫ്രാൻസിസും സ്നേഹിതനും മാത്രമാണ് തീരമണഞ്ഞതെന്നു! 13 പേരിൽ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള 11 പേർക്കും ആ ഭാഗ്യമുണ്ടായില്ല. വല്ലാർപാടത്തമ്മ എന്നെ, ഞങ്ങളെ രക്ഷിച്ചു. ദൈവത്തിന് നന്ദി. അമ്മയ്ക്കും നന്ദി.

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

 


Comments