ദൈവം ചോക്ലേറ്റങ്കിളോ?

ദൈവം ചോക്ലേറ്റങ്കിളോ? 

You can hear the audio here 

ഈ ലേഖനം കേള്‍ക്കാം  ഇവിടെ


എന്റെ കുഞ്ഞുങ്ങളുടെ ബാല്യത്തില്‍ എന്റെ ഒരു സ്നേഹിതന്‍ അടുക്കലടുക്കല്‍ വീട്ടില്‍ വരുമായിരുന്നു.  വരുമ്പോഴൊക്കെ അദ്ദേഹം ചോക്ലേറ്റും കൊണ്ടുവരും.  കുട്ടികള്‍ അദ്ദേഹത്തിനിട്ട പേരു ചോക്ലേറ്റങ്കിള്‍.  അദ്ദേഹത്തിന്റെ ശരിയായ പേരു പോലും അവര്‍ക്കറിയില്ല,  അറിയാനൊട്ടു താല്പര്യം കാണിച്ചിട്ടുമില്ല.  അദ്ദേഹം കൊണ്ടുവരുന്ന ചോക്ലേറ്റിലാണ് അവരുടെ ശ്രദ്ധ.  പിന്നീട് എപ്പോഴോ ചോക്ലേറ്റും കൊണ്ടുള്ള ആദ്ദേഹത്തിന്റെ വരവു നിന്നു.  കുട്ടികള്‍ അദ്ദേഹത്തെ മറക്കുകയും ചെയ്തു.  കുട്ടികള്‍ അങ്ങിനെയല്ലേ?  ഇതിലെന്താ ഇത്ര പറയാനിരിക്കുന്നത്?  എന്നൊക്കെ ചോദിച്ചാല്‍ എനിക്കൊന്നെ പറയാനുള്ളൂ.  കുട്ടികള്‍ അങ്ങിനെയാണ്.  പക്ഷേ, മുതിര്‍ന്നവര്‍ എന്നഭിമാനിക്കുന്ന നമ്മള്‍ അങ്ങിനെയായാലോ?

ഞാന്‍ പറഞ്ഞുവരുന്നതു നമുക്ക് ദൈവത്തോടുള്ള ബന്ധത്തിന്റെ കാര്യമാണ്.  ദൈവം നമുക്കൊരു ചോക്ലേറ്റങ്കിള്‍ ആണോ?  നമുക്കിഷ്ടമുള്ളതൊക്കെ തരുന്നയാള്‍?  ആണെങ്കില്‍ നമ്മളിപ്പോഴും കുട്ടികളാണ്.  ഇത്രകാലമായിട്ടും വളര്‍ച്ചയായില്ലെങ്കില്‍ നമുക്കെന്തോ തകരാര് പറ്റിയിട്ടുണ്ട്, നിശ്ചയം.  നമ്മുടെ പ്രാര്‍ത്ഥന മാത്രം ഒന്നു ശ്രദ്ധിച്ചാല്‍ തിരിച്ചറിയാവുന്നതേയുള്ളു ഇക്കാര്യം.  എന്താണു നാം പ്രാര്‍ത്ഥിക്കുന്നത്?  എനിക്ക് ധനം തരണേ, ആരോഗ്യം തരണേ,  സമാധാനം...  സന്തോഷം ...  എന്നിങ്ങനെ സ്വര്‍ഗ്ഗം വരെ?  ഇതൊക്കെയാണ് നമ്മുടെ ചോക്ലേറ്റ് എന്ന് മനസ്സിലാക്കുക.  ഇതൊന്നും കിട്ടാനല്ലെങ്കില്‍, കിട്ടാനില്ലെങ്കില്‍ പിന്നെന്തിനാ പ്രാര്‍ത്ഥിക്കുന്നത്?  ദൈവം നമുക്ക് ചോക്ലേറ്റങ്കിളാണെന്നര്‍ത്ഥം.  നമ്മള്‍ ദൈവത്തെ സ്തുതിക്കുന്നതും നന്ദി പറയുന്നതു പോലും മേല്പറഞ്ഞ ചോക്ലേറ്റുകളുടെ പേരിലല്ലേ? അങ്ങയുടെ നാമം പൂജിതമാകണം. ആങ്ങേ രാജ്യം വരണം.  അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ   ഭൂമിയിലുമാകണം  എന്നു ചൊല്ലി നാം കാഴ്ചവയ്ക്കുന്നത് പോലും നമ്മുടെ ഒരു ചോക്ലേറ്റു കിട്ടാനല്ലേ?  അങ്ങിനെയെങ്കില്‍ അവിടുത്തേയ്ക്ക് വേണ്ടി മരിക്കാന്‍ ആരെക്കിട്ടും?  മരിക്കാനാണോ എങ്ങിനെയും ജീവിക്കാനല്ലേ നാം ദൈവത്തിന്റെ പിന്നാലെ പോകുന്നത്?

മനസ്സിലാക്കുക.  സ്വര്‍ഗ്ഗത്തില്‍ എന്തെങ്കിലും തരണേ എന്നു പ്രാര്‍ത്ഥിക്കുന്നവര്‍ പോയിട്ടു കിട്ടിയതിനു നന്ദി പറയുന്നവരെ പോലും ഒരു ദര്‍ശനത്തിലും കാണുന്നില്ല.  ദൈവത്തെ സൌഖ്യദായകാ, കരുണാമയനെ, രക്ഷകാ എന്നൊന്നും വിളിക്കുന്നതും നാം കാണുന്നില്ല.  അവിടെ കേള്‍ക്കുന്നത് ഇതുമാത്രം.  പരിശുദ്ധന്‍,  പരിശുദ്ധന്‍,  പരിശുദ്ധന്‍.  ദൈവത്തെ ദൈവമായി കാണുന്നവര്‍ സ്തുതിക്കുന്നതങ്ങിനെയാണ്.  നാം ദൈവത്തെ സ്തുതിക്കേണ്ടതും ആരാധിക്കേണ്ടതും സ്നേഹിക്കേണ്ടതും അവിടുന്നു ദൈവമായതിനാലാണ്.  ചോക്ലേറ്റുകളൊക്കെ തുടക്കം മാത്രം.  അതെല്ലാം വിട്ടു നമുക്കു മുന്നോട്ടു പോകാം.  


Comments

Post a Comment