അവളുടെ മുഖത്തേക്ക് നോക്ക്

 

അവളുടെ മുഖത്തേക്ക് നോക്ക്

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here
ഈലേഖനം കേള്‍ക്കാം ഇവിടെ

അമേരിക്കയിൽ ശുശ്രൂഷ ചെയ്തു കൊണ്ടിരുന്ന ഒരു മലയാളി വൈദികൻ അവധി പ്രമാണിച്ച് നാട്ടിലേക്ക് പോരുകയാണ്. താമസസ്ഥലത്തിന് അടുത്തുള്ള എയർപോർട്ടിലെത്തി ലൗഞ്ചിൽ പ്രവേശിച്ചു. ആ കാത്തിരിപ്പ് കേന്ദ്രത്തിൽ ഒരൊറ്റ സീറ്റില്ല. ഫ്ലൈറ്റിന് ഇനിയും സമയമുണ്ട് താനും. അങ്ങോട്ടുമിങ്ങോട്ടും നടന്നു. അവസാനം ഒരറ്റത്ത് ഒരു സീറ്റ് കണ്ടെത്തി.  ഒരു തൂണിനടുത്തു ക്രമീകരിച്ചിരിക്കുന്ന രണ്ടുസീറ്റ് .  അതിൽ ഒന്നിൽ വിദേശിയായ ഒരു ചെറുപ്പക്കാരി ഇരിപ്പുണ്ട്.  അവരുടെ അടുത്തിരിക്കാൻ ഒരു മടി. അങ്ങനെ മടിച്ചു നിൽക്കുമ്പോൾ ഉള്ളിൽനിന്ന് പരിശുദ്ധാത്മാവിന്റെ ശബ്ദം. നീ അവളുടെ അടുത്ത് പോയിരിക്ക്. ദൈവമേ! വീണ്ടും അതേ നിർദ്ദേശം. പരിശുദ്ധാത്മാവിനോട് എതിർക്കരുതല്ലോ;  പോയിരുന്നു. ഇനിയെന്ത്?  നീ അവളോട് സംസാരിക്ക്...  എൻറെ പ്രകൃതം അപരിചിതരോട് പ്രത്യേകിച്ച് സ്ത്രീകളോട് സംസാരിക്കുക ബുദ്ധിമുട്ടുള്ളതാണ്. ദൈവത്തിന് എന്തെങ്കിലും പദ്ധതി ഉണ്ടായിരിക്കും എന്ന് ഓർമ്മവന്നു.

അത്യാവശ്യം ചില കാര്യങ്ങൾ- എങ്ങോട്ടു പോകുന്നു?  എവിടെ താമസിക്കുന്നു?.....  തീര്‍ന്നു.  അതിനവള്‍ മറുപടി പറഞ്ഞു.  അപ്പോള്‍ ഉള്ളില്‍നിന്ന് നീ അവളുടെ മുഖത്തേക്കൊന്നു നോക്ക് അപ്പോഴാണ് ഞാൻ മുഖത്തേക്ക് നോക്കിയത്.  സുന്ദരിയായ ആ കുട്ടി ഏതോ മനോവിഷമത്തിൽ ആണെന്ന് മുഖഭാവം പറയുന്നു.  എന്താ വിഷമിച്ചിരിക്കുന്ന എന്ന് ചോദിക്ക്. ഞാൻ സാവകാശം ചോദിച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ മനസ്സു തുറന്നു.  മനസ്സിലെ വിഷമം മുഴുവൻ എന്നോട് പങ്കു വച്ചു. ചുരുക്കം ഇതാണ്. അവളുടെ കാമുകൻ അവളെ പരിത്യജിച്ചു. അതൊരു വഞ്ചനയായിരുന്നു....  കണ്ണുനീർ ധാര ധാരയായി പ്രവഹിച്ചു..... ഫ്ലൈറ്റ് ഇറങ്ങിയ ഉടനെ ആത്മഹത്യ ചെയ്യുവാൻ അവൾ തീരുമാനിച്ചിരിക്കുകയാണ് എന്നും പറഞ്ഞു നിര്‍ത്തി. ഞാനെന്തു ചെയ്യും, കർത്താവേ? എന്തു പറഞ്ഞ് ഇവളെ ആശ്വസിപ്പിക്കും?  ഞാൻ പരിശുദ്ധാത്മാവിനെ ഉള്ളിൽ ശ്രദ്ധിച്ചു.... യേശുക്രിസ്തു നിന്നെ സ്നേഹിക്കുന്നു എന്നു പറയുക. ഉള്ളില്‍ ഒരു പ്രത്യേക അഭിഷേകം അനുഭവപ്പെട്ടു.  ഞാനതു പറഞ്ഞതും അത്ഭുതകരമായ വ്യത്യാസമാണ് ഞാനവളില്‍  കണ്ടത്! അവളുടെ കണ്ണുകൾ പ്രകാശിച്ചു, മുഖം പ്രസന്നമായി.  അവള്‍ നല്ല ബോധ്യത്തോടെ പറഞ്ഞു! I feel it.  I feel this love, hereafter He will be my God! (അതേ. എനിക്കതനുഭവപ്പെടുന്നു. അവിടുത്തെ സ്നേഹം എനിക്കനുഭവപ്പെടുന്നു.  മേലില്‍ അവിടുന്നായിരിക്കും എൻറെ ദൈവം!)

എന്റെ കൺമുമ്പിൽ ഞാനത്ഭുതം കാണുകയായിരുന്നു! ബുദ്ധമത വിശ്വാസിയായിരുന്ന ആ ചെറുപ്പക്കാരി (ബുദ്ധമതവിശ്വാസി എന്നകാര്യം ഇടയ്ക്കവള്‍ പരാമർശിച്ചിരുന്നു.) നിശ്ചയമായും പിന്നീട് ആത്മഹത്യ ചെയ്തില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. ദൈവമേ നന്ദി!  അവള്‍ എനിക്കു നന്ദി പറഞ്ഞു പിരിഞ്ഞു.

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!


Comments

Post a Comment