ഇവര്ക്കി തെന്തുപറ്റി?

 ഇവര്‍ക്കിതെന്തുപറ്റി?

You can hear the audio    here

ഈ ലേഖനം കേള്‍ക്കാം ഇവിടെ


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യേശു പറഞ്ഞത് അനുസരിച്ചാല്‍ മതി, അവിടുന്നു ചെയ്തതൊന്നും ചെയ്യണ്ട എന്നൊരു നിര്‍ദ്ദേശം സാമുഹ്യ മാദ്ധ്യമങ്ങളില്‍ തുടര്‍ച്ചയായി കാണുന്നു.  ഇതെല്ലാം എഴുതിയത് കത്തോലിക്കാ വൈദീക നാമധാരികളാണെന്നതാണ് സവിശേഷത.  അവരില്‍ ഒരാളെങ്കിലും ഡോക്ടറേറ്റ് ഉള്ളയാള്‍,  അദ്ദേഹത്തിന്റെ തന്നെ  ശൈലി കടമെടുത്താല്‍ ദൈവശാസ്ത്രത്തില്‍ ഏഴാം ക്ലാസ് പോലുമില്ലാത്ത അച്ചന്‍  അല്ല.  ഇവര്‍ക്കിതെന്തുപറ്റി?

നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു.  അതിനാല്‍, അവര്‍ നിങ്ങളോട് പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍.  എന്നാല്‍, അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്.  അവര്‍ പറയുന്നു; പ്രവൃത്തിക്കുന്നില്ല. (മത്തായി 23/2,3)  ഈ വചനം അവര്‍ യേശുവിനെതിരെ തിരിച്ചു വയ്ക്കുകയാണെന്നു അവര്‍ അറിയുന്നില്ലേ?  നിയമജ്ഞരെയും ഫരിസേയരെയും അനുകരിക്കരുതെന്നു യേശു പറഞ്ഞതിന്റെ കാരണവും അവിടുന്നു പറയുന്നുണ്ട്.  അവര്‍ പറയുന്നതല്ല ചെയ്യുന്നത്.  യേശുവിന്റെ മേല്‍ ഇവര്‍ ആരോപിക്കുന്നതും ഇതു തന്നെയോ?  ഒരാള്‍ ചിന്തിക്കുന്നത് തന്നെ പറയുകയും പറയുന്നത് തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അയാളില്‍ സത്യമില്ല.  അയാള്‍ കള്ളനാണ്;  കപടനാട്യക്കാരനാണ്.  വഴിയും സത്യവും ജീവനും ഞാനാണ് (യോഹ.14/6) എന്നവകാശപ്പെട്ടവനെക്കുറിച്ചാണ് ഇവര്‍ ഇത് പറയുന്നതു.  എന്നുമാത്രമല്ല,  യേശു വഴിയും സത്യവും ജീവനുമായ ദൈവമാണെന്ന്  നമ്മള്‍ വിശ്വസിക്കുന്നതു കൊണ്ടാണ്  വിളിക്കപ്പെടുന്ന നാമവും സ്ഥാന ബഹുമാനങ്ങളും എന്ന് വേണ്ട ചുരുക്കിപ്പറഞ്ഞാല്‍ ഇവര്‍ ഇടുന്ന കുപ്പായവും ഉണ്ണുന്ന ചോറും വരെ ഇവര്‍ക്കുള്ളത്‌ എന്നോര്‍ക്കുക.  ഇരിക്കുന്ന കമ്പാണ് മുറിക്കുന്നത് എന്നു തിരിച്ചറിയാനുള്ള വിവരം ഇത്രയും കാലത്തെ പഠനവും പരിശീലനവും ഇവര്‍ക്ക് നേടിത്തന്നില്ലെങ്കില്‍ ഇവരെ നമ്മള്‍ എങ്ങിനെ അനുസരിക്കും?  ഇവരെന്തു കരുതി?  കര്‍ത്താവ് ഇവരെപ്പോലെ ഒരാളെന്നോ?

പ്രീയ സഹവിശ്വാസികളെ,  ................അവരില്‍ നിന്നു അകന്നു നില്‍ക്കുക. (2തിമോത്തി.3/2-5)  കര്‍ത്താവ് വഴിയും സത്യവും ജീവനുമാണ്.  വചനം മാംസം ധരിച്ചവനാണ്,  ആദിയില്‍ ഉണ്ടായിരുന്ന വചനമാണ്. പിതാവു എന്തു പറഞ്ഞോ, കര്‍ത്താവ് എന്ത് പറഞ്ഞോ അതു തന്നെയാണവിടുന്നു. അവിടുന്നു അരുള്‍ ചെയ്തു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.  എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍  ചെയ്യും.  ഞാന്‍ പിതാവിന്റെ അടുത്തേക്ക്‌ പോകുന്നതുകൊണ്ട്‌  ഇവയേക്കാള്‍ വലിയവയും അവന്‍ ചെയ്യും. (യോഹ.14/12)  നമുക്ക് അവിടുത്തെ അനുസരിക്കുന്നതുപോലെ തന്നെ അനുകരിക്കാനും ശ്രമിക്കാം.  അവിടുത്തെ ഏതെങ്കിലും പഠനം അവിടുത്തെ പ്രവൃത്തിക്കു ചേരുന്നതായി (അല്ലെങ്കില്‍ തിരിച്ചു) കാണുന്നില്ലെങ്കില്‍ അവര്‍ അതില്‍ ഏതെങ്കിലും ഒന്നോ അല്ലെങ്കില്‍ രണ്ടുമോ  മനസ്സിലാക്കിയില്ല എന്ന് തന്നെയാണു കരുതേണ്ടത്.

അവിടുന്നു അരുളിയതാണ് സുവിശേഷം;  അവിടുന്നു തന്നെയാണു സുവിശേഷം.

ഇത് ഞാന്‍ പോസ്റ്റ്‌ ചെയ്തു കഴിയുമ്പോള്‍  കാര്യം ശരിയായിരിക്കാം.  പക്ഷെ ഇത് ഇവിടെ പോസ്റ്റ്‌ ചെയ്യേണ്ടിയിരുന്നില്ല എന്നു പറഞ്ഞുകൊണ്ട്  സഭാ സ്നേഹികള്‍ ചാടി വീഴണ്ട.  ഇവിടെ വന്നതിനു മറുപടി ഇവിടെത്തന്നെ കൊടുത്തില്ലെങ്കില്‍ അതു വായിച്ചു തെറ്റിദ്ധരിച്ചവര്‍ക്ക്  കാര്യം മനസ്സിലാക്കാനുള്ള അവസരം നിഷേധിക്കുകയായിരിക്കും.  മീഡിയ തിരഞ്ഞെടുത്തതു ഞാനല്ല എന്ന് ചുരുക്കം.

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!! 

Comments