സ്വര്‍ഗ്ഗവും നരകവും
സ്വര്‍ഗ്ഗവും നരകവും ചര്‍ച്ചാവിഷയമായപ്പോള്‍ ശിഷ്യന്മാരുടെ
ഇടയില്‍ വാദപ്രതിവാദങ്ങളായി. ഒരു ചേരി
പറഞ്ഞു : സന്തോഷവും സമാധാനവും സംതൃപ്തിയും
സൗന്ദര്യവും എല്ലാം നിറഞ്ഞതായാണ് ദൈവം സ്വര്‍ഗ്ഗം സൃഷ്ടിച്ചത്. അതുകൊണ്ടു അവിടെ അതെല്ലാം ഉണ്ട്. നേരെമറിച്ച് നരകത്തില്‍ ദൈവം ദുഃഖവും
അസമാധാനവും പീഢനങ്ങളും എല്ലാം നിറച്ചു വച്ചിരിക്കുന്നു.
മറുചേരിയുടെ
അഭിപ്രായം ഇതായിരുന്നു: ദൈവം
നന്മയാണ്. ദൈവം തിന്മ നിറഞ്ഞ നരകം
സൃഷ്ടിച്ചു എന്നു പറയുന്നതു ദൈവ ദോഷമാകും.
സത്യമതല്ല. സര്‍വ്വനന്മസ്വരൂപനായ
ദൈവത്തിന്റെ സാന്നിദ്ധ്യമാണ് സ്വര്‍ഗ്ഗത്തെ ഇത്ര നന്മ നിറഞ്ഞതാക്കുന്നത്. ദൈവ സാന്നിദ്ധ്യമില്ലായ്മയാണ് നരകത്തെ
നരകമാക്കുന്നത്.
ആദ്യ ചേരി വിടാനുള്ള ഭാവമില്ല. അവര്‍ പറഞ്ഞു:
ദൈവം സര്‍വ്വ വ്യാപിയാണ്.
എവിടെയെങ്കിലും ഒരിടത്ത് ദൈവമില്ല എന്നു പറഞ്ഞാല്‍ ദൈവം ദൈവമല്ലാതാവും, അതു നരകത്തിലായാല്‍ പോലും. ... ... ... ... ... ... തര്‍ക്കം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരുത്തരത്തിലെത്തി കാര്യം അവസാനിക്കുമെന്ന പ്രതീക്ഷ നഷ്ടമായപ്പോള്‍
അവരെല്ലാവരും ചേര്‍ന്ന് ഒരു തീരുമാനത്തിലെത്തി. അതിന്‍പ്രകാരം അവര്‍ ഗുരുവിന്റെ
മുമ്പാകെ തങ്ങളുടെ ഭാഗങ്ങള്‍ അവതരിപ്പിച്ചു തീര്‍പ്പിനായി കാത്തു.
എല്ലാം കേട്ട ഗുരു മെല്ലെ പറഞ്ഞു തുടങ്ങി: എവിടെയും നന്മ കാണുന്നവര്‍, എല്ലാത്തിനെയും നന്ദിയോടെ സ്വീകരിക്കുന്നവര്‍, എന്തിലും സംതൃപ്തി കണ്ടെത്തുന്നവര്‍, അപരനില്‍ തന്റെ സ്വര്‍ഗ്ഗം കണ്ടെത്തുന്നവര്‍. ഇങ്ങനെയുള്ളവര്‍ മാത്രം ഒന്നിച്ചുകൂടുമ്പോള്‍
സ്വാഭാവീകമായും അവര്‍ക്കു ദൈവസാന്നിദ്ധ്യം അനുഭവേദ്യമാകും. അവിടം സ്വര്ഗ്ഗമാകും. മറിച്ചു,
അസംതൃപ്തരും, അസ്വസ്ഥരും,
അപരനാണെന്റെ നരകമെന്നു അറിയുന്നവരും, എവിടെയും തിന്മ മാത്രം കാണുന്നവരും തന്നെ
ഒരുമിച്ചുകൂടുമ്പോള്‍ അവിടെ
ദൈവസാന്നിദ്ധ്യം അനുഭവപ്പെടില്ല. അവിടം നരകമാകും.
ഇങ്ങനെ തരം തിരിയാനും ഒരുമിച്ചുകൂടാനും അനുവദിക്കുന്നതു ദൈവമാണെന്ന്
മാത്രം.
(കനല്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത്.)
Comments
Post a Comment