യേശുവിന്റെ പ്രായത്തില്‍
ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍
അയർലണ്ടിൽ
നിന്നുള്ള ക്ലെയര്‍ തെരേസ ക്രോക്കറ്റ്
എന്ന പെൺകുട്ടിക്ക് ഒരു അബദ്ധം പറ്റിയതാണ് സ്പെയിനിലേക്ക് ഉള്ള തീർത്ഥാടകരുടെ കൂടെ
ചേർന്നത്; ഉല്ലാസയാത്രയാണ് എന്നാണോർത്തത്.
തെറ്റ് മനസ്സിലായപ്പോൾ രണ്ടുംകൽപ്പിച്ച് കൂടെ ചേർന്നു.
സ്പെയിനിൽ
ഒരു മഠത്തിൽ ആയിരുന്നു അവർക്ക് താമസം ഒരുക്കിയിരുന്നത്. കത്തോലിക്കാ പെൺകുട്ടി
ആണെങ്കിലും ജീവിതം കുത്തഴിഞ്ഞതായിരുന്നു;
കുടിയും വലിയും നല്ലതല്ലാത്ത കൂട്ടുകെട്ടും.
ഗ്രൂപ്പിൽ
ഉണ്ടായിരുന്ന ഒരു സ്ത്രീ അവളോട് പറഞ്ഞു, ഇന്നു ദുഃഖവെള്ളിയാഴ്ചയാണ്. നമുക്ക് കുരിശു
മുത്താന്‍ പോകാം. മനസ്സില്ലാമനസ്സോടെ ക്ലെയർ
പോയി.
ദേവാലയത്തിലെത്തി
കുനിഞ്ഞു കുരിശു ചുംബിക്കുമ്പോൾ ‘നീ എന്തിനാണ് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്?’ എന്നു മുഴക്കമുള്ള ഒരു ശബ്ദം
കേട്ടു ഞെട്ടി! തൻറെ ജീവിതരീതിയാണ് യേശുവിനെ വേദനിപ്പിച്ചതെന്നു മനസ്സിലായി. പുറകിലെ
ബെഞ്ചിൽ പോയിരുന്നു ഒരുപാട് കരഞ്ഞു.
തിരികെ
വീട്ടിലെത്തി ജീവിത രീതി മാറ്റണമെന്ന് വിചാരിച്ചെങ്കിലും കൂട്ടുകാരും
സാഹചര്യങ്ങളും സമ്മതിച്ചില്ല. ജീവിതം കൂടുതൽ വഷളായി. ഒരു ദിവസം ഏറെ മദ്യപിച്ച്
വീട്ടിൽ എത്തിയപ്പോൾ അപ്പോൾ ആരോ തന്നെ ശ്രദ്ധിക്കുന്നു എന്ന് തോന്നി. നോക്കിയിട്ട്
ആരെയും കണ്ടില്ല. പെട്ടെന്ന് ദുഃഖവെള്ളിയാഴ്ച കേട്ട ശബ്ദം ആവർത്തിക്കപ്പെട്ടു: ‘നീ എന്തിനാണ് എന്നെ ഇങ്ങനെ
വേദനിപ്പിച്ചു കൊണ്ടിരിക്കുന്നത്?’
പിന്നെ
ഒട്ടും അമാന്തിച്ചില്ല. അവിടെ നിന്നാൽ നശിക്കുമെന്ന് മനസ്സിലാക്കി. സ്പെയിനിലേക്കു മടങ്ങി. അവിടെ പരിചയപ്പെട്ട മഠത്തിൽ ചേർന്നു.
അവളുടെ ജീവിതാനുഭവം കേട്ടപ്പോൾ ഇത് ശരിയായ ദൈവവിളി തന്നെ എന്ന് അവർക്ക് ബോധ്യമായി.
പിന്നെ
വലിയ ഒരു മാറ്റമായിരുന്നു. പരിപൂർണ്ണമായി തന്നെത്തന്നെ യേശുവിനർപ്പിച്ചു. ദൈവം നൽകിയ എല്ലാ കഴിവുകളും അവിടുത്തെക്ക് നൽകി. ‘എല്ലാം ഇല്ലെങ്കിൽ ഒട്ടുമില്ല’ (All or nothing) അതായിരുന്നു സി. ക്ലെയര്‍
തെരേസായുടെആപ്തവാക്യം!
തെക്കേ
അമേരിക്കയിലെ ഇക്വഡോറിലായിരുന്നു അവളുടെ പ്രവർത്തനരംഗം. ആകർഷകമായ സംഭാഷണവും
പെരുമാറ്റവും സംഗീതത്തിലുള്ള സാമർത്ഥ്യവും എളുപ്പത്തിൽ എല്ലാവരെയും പ്രത്യേകിച്ച്
ചെറുപ്പക്കാരെ കയ്യിലെടുത്തു. താനനുഭവിച്ചറിഞ്ഞ
യേശുവിലേക്ക് എല്ലാവരെയും ആകർഷിച്ചു. എല്ലാവരുടെയും പ്രത്യേകിച്ച് പാവപ്പെട്ടവരുടെ
ഹരമായിരുന്നു ഈ കൊച്ചു കന്യാസ്ത്രി.
യേശുവിൻറെ
പ്രായം വരെയായിരിക്കും തൻറെ ശുശ്രൂഷ എന്ന ഒരു തോന്നൽ അവൾക്കുണ്ടായിരുന്നു. ‘പറുദീസയാണ് എനിക്ക് കൂടുതൽ ഇഷ്ടം’(I prefer Paradise) എന്ന അവള്‍ പാടിയ ഗാനം ആയിടയ്ക്ക് ഹിറ്റായി.
2016ല്‍ഇക്വഡോറില്‍ ഉണ്ടായ വെള്ളപ്പൊക്കം പലസ്ഥലങ്ങളെയും വെള്ളത്തിലാഴ്ത്തി. അതു കഴിഞ്ഞുള്ള ശുചീകരണത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആ കെട്ടിടം നിലംപൊത്തി. സി.ക്ലെയറും അവളോടൊപ്പം ഉണ്ടായിരുന്ന അഞ്ചു സന്യാസാര്‍ത്ഥിനികളും അതിനടിയില്‍ പെട്ടു. രക്ഷാപ്രവര്‍ത്തകരെത്തും മുമ്പ് എല്ലാം കഴിഞ്ഞിരുന്നു! കര്‍ത്താവിനുവേണ്ടി ജ്വലിച്ചു പ്രകാശിച്ച ആ നക്ഷത്രം ആസ്തമിച്ചപ്പോൾ 33 വർഷം പൂർത്തിയാക്കിയിരുന്നു, യേശുവിൻറെ പ്രായം!
ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!
Comments
Post a Comment