തല തിരിച്ച ഹെയർസ്റ്റൈൽ

 തല തിരിച്ച ഹെയർസ്റ്റൈൽ

You can hear the audio     Click here
ഈലേഖനം കേള്‍ക്കാം  ഇവിടെ

 

ഉണരാൻ അല്പം വൈകിയതുകൊണ്ട് അന്ന് പ്രഭാത കൃത്യങ്ങളെല്ലാം അല്പം ധൃതിയിൽ ആയിരുന്നു എന്ന് തോന്നുന്നു. എന്തായാലും അന്ന് ഓഫീസിലെത്തിയപ്പോൾ എൻറെ സഹപ്രവർത്തക എന്നെ വരവേറ്റത് ഈ വാക്കുകളോടെ ആയിരുന്നു. ‘എന്താ ജോർജ് സാറേ, പുതിയ ഹെയർസ്റ്റൈൽ ഒക്കെ.’ മുടി വെട്ടാൻ ഉള്ള സമയം സമയം കുറെ അതിക്രമിച്ചിരുന്നു അതിനാൽ ഉള്ള മുടിക്ക് അല്പം നീളം കൂടിയിരുന്നു. അതോർത്തു കൊണ്ട് ഞാൻ പറഞ്ഞു, ‘അടുത്ത ആഴ്ച നാട്ടിൽ പോകുമ്പോൾ മുടി വെട്ടാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു.’ എനിക്ക് കാര്യം പിടി കിട്ടിയില്ല എന്ന് മനസ്സിലാക്കിയ  സഹപ്രവർത്തക വിശദീകരിച്ചു,  ‘സാർ നിങ്ങൾ ഇന്ന് കുളിച്ചിട്ടു മുടി ചീകിയിട്ടില്ല. കണ്ണാടിയിൽ ഒന്നു പോയി നോക്കൂ!’ സ്റ്റാഫ് റൂമിലെ മുഖക്കണ്ണാടിയുടെ അടുത്തേക്ക് ഞാൻ മെല്ലെ നീങ്ങവേ ഞങ്ങളുടെ തൂപ്പുകാരി കന്നഡയും തെലുഗും  കലര്‍ന്ന വെങ്കലഭാഷയിൽ പറയുന്നത് കേട്ടു, ‘അത് പുതിയ ഫാഷനാണ്.  സിനിമ പോസ്റ്ററിലൊക്കെ കണ്ടിട്ടില്ലേ?’  കണ്ണാടിയിൽ എൻറെ തല കണ്ടപ്പോൾ എനിക്കും ചിരിക്കാതിരിക്കാനായില്ല. ഒള്ള മുടിയൊക്കെ ഒറ്റയായും കൂട്ടമായും നാനാ ദിശകളിലേക്ക് വടിപോലെ പോലെ എഴുന്നേറ്റു നിൽക്കുന്നു. അത്തരത്തിലൊരു ഫാഷനില്‍ മുടിയുമായി നിൽക്കുന്ന ഒരു തെലുഗു സിനിമാതാരത്തിന്റെ തല പോസ്റ്ററിൽ കണ്ടത് ഞാനും ഓർത്തു. സംഭവിച്ചതെല്ലാം എനിക്ക് പിടികിട്ടി. കുളിച്ചു തോര്‍ത്തിയിട്ടു ഞാൻ മുടി ചീകിയതേയില്ല.  ഇവിടുത്തെ കഠിന ജലത്തിലുള്ള കുളിയായതിനാല്‍ മുടിയുണങ്ങുമ്പോൾ വെള്ളത്തിൽ ഉണ്ടായിരുന്ന ലവണങ്ങൾ മുടിയിൽ അവശേഷിപ്പിക്കും. അപ്പോൾ മുടി ഏതവസ്ഥയിലായിരുന്നോ അതേ രീതിയിൽ പശയിട്ടതുപോലെ പോലെ വടിയായി നിൽക്കുകയും ചെയ്യും. സാമാന്യം കാറ്റിനൊന്നും അതിനെ മാറ്റിമറിക്കാനാവില്ല.  ഞാൻ അല്പം വെള്ളമെടുത്തു മുടി ഒന്നുകൂടി നനച്ചു വൃത്തിയായി ചീകി എൻറെ കസേരയിൽ മടങ്ങിയെത്തി ജോലിയിൽ മുഴുകുകയും ചെയ്തു.

പിന്നീടിക്കാര്യം  ഞാൻ ഓർക്കുന്നത് രാത്രി കിടക്കാൻ നേരത്തു മാത്രമാണ്. അത് എന്നെ അത്ഭുതപ്പെടുത്തി. രാവിലെ താമസസ്ഥലം മുതൽ ഹോട്ടൽ വരെ അര മുക്കാൽ കിലോമീറ്റർ ടൗണിൽ കൂടി ഞാൻ നടന്നു പോയത് ഈ തലയും കൊണ്ടായിരുന്നു. അവിടെ കാപ്പി കുടിച്ചതും പിന്നെ ബസ്റ്റോപ്പിൽ എത്തിയതും അങ്ങനെതന്നെ. ഒമ്പതു കിലോമീറ്ററോളം ബസ് യാത്ര ചെയ്തതും അവിടെ ബസ്സിറങ്ങി ആ ചെറു ടൗണിലൂടെ കുറെ നടന്ന് ഓഫീസിൽ എത്തിയതും ഈ തലയുമായി തന്നെ.  എത്ര പേർ കണ്ടിരിക്കും എൻറെ തല? എത്രപേർ ഞാൻ കാണാതെ ഊറി ഊറി ചിരിച്ചിരിക്കും? ‘ശ്ശോ! എന്ത് കഷ്ടമായിപ്പോയി’ എന്ന് ഞാൻ എത്ര തവണ ആണ് ഓർക്കേണ്ടതായിരുന്നു? മനസ്സിലെങ്കിലും പറയേണ്ടതായിരുന്നു? എന്തേ എനിക്ക് നാണവും മാനവും ഒക്കെ നഷ്ടമായോ? അല്ല. അതല്ല. കാര്യം എനിക്ക് പിടികിട്ടി.  ഇതെൻറെ നാടല്ല. അല്പനാൾ കഴിഞ്ഞ് ഞാൻ എൻറെ നാട്ടിലേക്ക് പോകും. അപ്പോൾ ഇവിടെയുള്ളവർ എന്നെക്കുറിച്ച് എന്ത് കരുതിയാൽ എനിക്കെന്താ? ഞാൻ പോയി കഴിഞ്ഞാലും ചിലപ്പോൾ അവർ അവർ എൻറെ കഥ പറഞ്ഞു മഞ്ഞ ചിരിക്കുമായിരിക്കും.  പക്ഷേ എനിക്കെന്താ ചേതം? ഇതായിരുന്നു എൻറെ മനോഭാവം. അതുകൊണ്ടുതന്നെ സംഭവം ഞാൻ ഗൗരവമായി എടുത്തില്ല.  അതിനാൽ തന്നെ  ഓർത്തോര്‍ത്തു ചമ്മിയുമില്ല.

എൻറെ ചിന്ത ഇത്രത്തോളം എത്തിയപ്പോൾ എൻറെ തലച്ചോറിലെവിടെയോ ഒരു വെള്ളിവെളിച്ചം.  അധികമാരും ദിവ്യകാരുണ്യം സ്വീകരിക്കാൻ ഇല്ലാത്ത ദിവ്യബലിയിൽ വിരലിലെണ്ണാവുന്ന ആളുകളോട് ചേർന്ന്  കുർബാന കൈക്കൊള്ളാൻ  നടന്നു നീങ്ങുമ്പോൾ ‘ഓ! ഒരു പുണ്യാളച്ചൻ പോകുന്നു’ എന്ന് ആളുകൾ പറയുമല്ലോ എന്ന് മനസ്സിൽ തോന്നാൻ കാരണം എന്ത്? പള്ളിയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചൊല്ലുമ്പോൾ ഞാൻ മാത്രം കൈ വിരിച്ചു പിടിക്കുമ്പോൾ ആളുകൾ തിരിഞ്ഞ് എന്നെ നോക്കവേ ഞാൻ അസ്വസ്ഥനാകുന്നതെന്ത്?  മദ്യപിക്കുന്നതും  മദ്യം വിളമ്പുന്നതും തെറ്റാണെന്നറിയാമെങ്കിലും ഈസ്റ്ററിനും ക്രിസ്തുമസിനും കല്യാണത്തിനും മനഃസമ്മതത്തിനും മാത്രമല്ല ആദ്യകുർബാന സ്വീകരണത്തിനു പോലും മറ്റുള്ളവർ എന്തു പറയുമെന്ന് കരുതി ചിലർ മദ്യസൽക്കാരം നടത്തുന്നതോ? കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണെന്ന് അറിയാമെങ്കിലും മറ്റുള്ളവർ മണ്ടൻ എന്ന് കരുതില്ലേ എന്നോർത്ത് അതിനൊക്കെ വഴങ്ങുന്നതോ? കൈയിൽ പണമില്ലെങ്കിലും കടം വാങ്ങി ആടയാഭരണങ്ങളും  പത്രാസു കാണിക്കാനുള്ളതൊക്കെയും വാങ്ങി നശിക്കുന്നതോ? അതോ ഇല്ലാത്ത കാശുമുടക്കി മകളുടെ കല്യാണം കെങ്കേമം ആക്കി കടക്കെണിയിൽ വീഴുന്നതോ? ഓ!.. ലിസ്റ്റങ്ങനെ നീളുകയാണ്.  ഇതിനൊക്കെ ഒരു കാര്യമേ ഉള്ളൂ.  ഇത് എൻറെ നാട് ആണെന്ന തോന്നൽ. അന്യദേശത്ത് പരദേശിയായി കഴിയുകയാണെന്ന തിരിച്ചറിയൽ നഷ്ടപ്പെട്ടുപോയത് തന്നെ കാര്യം. 

ഇത് എൻറെ സ്വന്തം നാടല്ലെന്നും അൽപ നാളുകൾക്ക് ശേഷം ഞാൻ എൻറെ സ്വന്തം നാട്ടിലേക്ക്- സ്വർഗ്ഗ നാട്ടിലേക്ക്-പോകുമെന്നും തിരിച്ചറിഞ്ഞാൽ എന്റെ മനോഭാവം ആകെ മാറില്ലേ?  ഇവരൊക്കെ ഒക്കെ എന്നെ കുറിച്ച് എന്തു വിചാരിച്ചാൽ എനിക്കെന്താ? എൻറെ നാട്ടിലുള്ളവർ എന്നെ കുറിച്ച് നല്ലത് കരുതണം. അവിടെ ഞാൻ നിത്യം വസിക്കാനുള്ളതാണ്.  എൻറെ ഭാവി ഭാഗധേയം അവിടെയാണ്.  ഇങ്ങനെയൊക്കെയാവില്ലേ നമ്മുടെ ചിന്ത? ‘സ്വർഗ്ഗത്തിൽ അങ്ങല്ലാതെ ആരാണ് എനിക്കുള്ളത്?  ഭൂമിയിലും അങ്ങയെ അല്ലാതെ  ഞാൻ ആരെയും ആഗ്രഹിക്കുന്നില്ല.(സങ്കീ. 73/25)

ഞാൻ മുടി ചീകാതെ പോയ കാര്യം-നാട്ടിൽ ഉള്ളവർ ആരും അറിയാത്ത കാര്യം- മാസികയിലെഴുതാൻ, നാട്ടിൽ പരസ്യപ്പെടുത്താൻ  എനിക്ക് തോന്നിയല്ലോ. എൻറെ യഥാർത്ഥ നാട് ഏതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു തുടങ്ങുന്നു എന്നു തോന്നുന്നു. അപ്പോള്‍ നിങ്ങളുടെ കാര്യമോ? ഇതുവരെ എത്തിയില്ലെങ്കിൽ നിങ്ങളും ആ തിരിച്ചറിവിൽ എത്താനായി ഞാൻ പ്രാർത്ഥിക്കുന്നു.  തുടങ്ങിവച്ച ഈ തിരിച്ചറിവിൽ ഞാൻ നിലനിൽക്കാനും വളരാനും എനിക്കുവേണ്ടിയും പ്രാർത്ഥിക്കണേ. 

 

ജീവജ്വാല മാസികയില്‍ പ്രസിദ്ധീകരിച്ചത്.

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!! 


Comments

Post a Comment