സന്ധ്യാപ്രാര്‍ത്ഥന
വര്‍ഷങ്ങള്‍
കുറെ മുമ്പാണ്. എന്റെ ഒരു മകള്‍ക്ക്
സന്ധ്യാപ്രാര്‍ത്ഥനയുടെ നേരത്ത് ഉറക്കം.
പ്രാര്‍ത്ഥനാ സമയം വൈകുന്നേരം
അഞ്ചരയാണെങ്കിലും രാത്രി പത്തരയാണെങ്കിലും വ്യത്യാസമില്ല, പ്രാര്‍ത്ഥന
ആരംഭിച്ചു അല്പസമയത്തിനുള്ളില്‍ അവള്‍
ഉറക്കം തൂങ്ങാന്‍ ആരംഭിച്ചിരിക്കും. പല
പ്രാവശ്യം തട്ടിഉണര്‍ത്തി. എല്ലാവരും കൂടി കളിയാക്കി. ഇതുകൊണ്ടൊന്നും അവളുടെ ഉറക്കത്തിനു
മാറ്റമൊന്നുമുണ്ടായില്ല. അവള്‍ക്കു
സാധിക്കാഞ്ഞിട്ടാണെന്നു മനസ്സിലാക്കിയ ഞാന്‍ അവളെ ഒറ്റയ്ക്കു വിളിച്ചു ഉറക്കത്തിന്റെ കാരണമന്വേഷിച്ചു. അവള്‍ക്കു ഒരു വിശദീകരണവും തരാനായില്ല. കുടുംബപ്രാര്‍ത്ഥനയോ പ്രാര്‍ത്ഥനാ രീതികളോ അവളെ
ബോറടിപ്പിക്കുന്നുണ്ടോ? അതിനും
ഇല്ലായെന്നായിരുന്നു അവളുടെ മറുപടി.
എന്തുകൊണ്ടോ അവള്‍ക്കു ഉറങ്ങാതിരിക്കാനാവുന്നില്ല. അവളുടെ ആത്മാര്‍ത്ഥതയേ ചോദ്യം ചെയ്യാന്‍
കാരണമൊന്നുമില്ലായിരുന്നു. അതുകൊണ്ടു അവളെ
അവളുടെ വഴിക്കുവിട്ടിട്ടു ഞാന്‍ തമ്പുരാനോടു ചോദിക്കാനാരംഭിച്ചു: ‘അങ്ങ്
എന്തുകൊണ്ട് ഇതനുവദിക്കുന്നു?’ എന്നെ എളിമപ്പെടുത്താനാവാം എന്നു തുടങ്ങി പല
ചിന്തകളും എന്റെ തലയിലൂടെ കടന്നുപോയി.
എന്നാല്‍ ഒന്നും ബോധ്യപ്പെട്ടില്ല.
അങ്ങിനെയിരിക്കെയാണ് യോഹ. 17/19
എന്റെ ശ്രദ്ധയില്‍ പെടുന്നത്. ‘......അവര്‍ക്കുവേണ്ടി
ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.’ എന്റെ വിശുദ്ധീകരണമാണ് ദൈവം
ആഗ്രഹിക്കുന്നതെന്നൊരു ചിന്ത എന്റെയുള്ളില്‍ ആളിപ്പടര്‍ന്നു. എന്തായിരിക്കും ദൈവം എന്നില്‍
സംഭവിപ്പിക്കാനാഗ്രഹിക്കുന്ന മാറ്റം? ആ
ചോദ്യത്തിനുത്തരം എങ്ങും കിട്ടാതായപ്പോള്‍ തമ്പുരാന്റെ മുമ്പില്‍ ഞാന്‍
ഏറ്റുപറഞ്ഞു: ‘എന്തുതന്നെയായിരുന്നാലും
കര്‍ത്താവേ, ഞാന്‍ മാറാന്‍
തയ്യാറാണ്. അരുള്‍ചെയ്യണമേ.’ ഒരു
ചോദ്യമാണ് മറുപടിയായി എനിക്കു കിട്ടിയത്.
‘എപ്പോഴാണ് സന്ധ്യാപ്രാര്‍ത്ഥന
നടത്തേണ്ടത്?’
‘പള്ളിയില്‍
സന്ധ്യാപ്രാര്‍ത്ഥനയ്ക്കു മണിയടിക്കുമ്പോള്‍.’ എനിക്കു സംശയമില്ലായിരുന്നു.
‘അപ്പോള്‍
നിനക്കതറിയാം, അല്ലേ?’ എനിക്കെല്ലാം പിടികിട്ടി. എന്റെ വീട്ടില്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്കു
അങ്ങിനെ ഒരു നിശ്ചിത സമയമൊന്നുമില്ലായിരുന്നു.
എന്തുകൊണ്ട്? സന്ധ്യാപ്രാര്‍ത്ഥനയ്ക്കു
ഒന്നാം സ്ഥാനം കൊടുത്തിരുന്നില്ല എന്നത് തന്നെ.
ഇതിനൊരു മാറ്റം വരാന്‍ ദൈവം ആഗ്രഹിക്കുന്നു. അന്നു തന്നെ സമയം തീരുമാനമായി. പിന്നെ മകള്‍ പ്രാര്‍ത്ഥനയ്ക്കിടെ
ഉറങ്ങിയിട്ടുമില്ല.
നമ്മുടെ ജീവിതത്തില്‍ ദൈവത്തിനു കൊടുക്കുന്ന
സ്ഥാനത്തിന്റെ ഒരു പ്രതിഫലനമാണ് സന്ധ്യാപ്രാര്‍ത്ഥനയ്ക്കു കുടുംബത്തില്‍ കിട്ടുന്ന
സ്ഥാനം എന്നെനിക്കു തോന്നുന്നു.
സന്ധ്യാപ്രാര്‍ത്ഥനയിലൂടെ നമുക്കു കിട്ടുന്ന നേട്ടങ്ങളെക്കുറിച്ച് ഒന്ന്
ചിന്തിക്കുന്നതു അതിനര്‍ഹമായ സ്ഥാനം കൊടുക്കുന്നതിനു സഹായകമാവും എന്നു കരുതുന്നു.
അനുരഞ്ജനശുശ്രൂഷ
തിരക്കുപിടിച്ച ഒരു ദിവസത്തിന്റെ അന്ത്യത്തില്‍
തന്നതിനെല്ലാം നന്ദി പറയാനും തെറ്റിപ്പോയതിനെല്ലാം മാപ്പുപറയാനും കുടുംബമായി
ദൈവസന്നിധിയില്‍ എത്തുന്ന സമയമാണ് സന്ധ്യാപ്രാര്‍ത്ഥനാ നേരം. അതുമാത്രമല്ല,
കുടുംബാംഗങ്ങള്‍ തമ്മില്‍ തമ്മിലും അനുരഞ്ജനപ്പെടുന്ന സമയം കൂടിയാണത്. പാരമ്പര്യമായി നമ്മുടെ കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന
സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷമുള്ള ‘സ്തുതി
ചൊല്ലല്‍’ തന്നെയെടുത്തു നോക്കൂ. ഓരോരുത്തരായി മുഖത്തോടു മുഖം നോക്കി എല്ലാവരും
സ്തുതി ചൊല്ലുമ്പോള്‍ എന്തെങ്കിലും പിണക്കങ്ങളും പരിഭവങ്ങളും ഏതെങ്കിലും
ദുഃഖങ്ങളും കോപത്തിന്റെ അവശിഷ്ടങ്ങളും
മനസ്സില്‍ അവശേഷിക്കുന്നെങ്കില്‍ തിരിച്ചറിയാനും തുടച്ചു മാറ്റാനും ഉള്ള അവസരമായി
അതു മാറുന്നു. ‘കോപിക്കാം; എന്നാല്‍ പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന്‍ അസ്തമിക്കുന്നതു വരെ
നീണ്ടുപോകാതിരിക്കട്ടെ. സാത്താന് നിങ്ങള്‍
അവസരം കൊടുക്കരുത്.’ (എഫേ.4/26, 27) പറഞ്ഞോ ക്ഷമിച്ചോ തീര്‍ക്കാത്ത കോപവുമായി
ഉറങ്ങാനിടയായാല്‍ അതു അബോധമനസ്സിലേക്ക് തള്ളപ്പെടുകയും അവിടെ അകാരണമായ വിദ്വേഷമായി
നിലനിന്നുകൊണ്ട് നമ്മുടെ ശിഷ്ടജീവിതത്തെ നിയന്ത്രിക്കാന്‍ ഇടയാകും. അതു സാത്താനു
അവസരമായിത്തീരുകയും ചെയ്യും. ‘വിദ്വേഷത്തിന്റെ
വേരു വളര്‍ന്നു ഉപദ്രവം ചെയ്യാതിരിക്കാന്‍ സൂക്ഷിക്കുവിന്‍. വിദ്വേഷം മൂലം പലരും അശുദ്ധരായിത്തീരുന്നു.’
(ഹെബ്ര. 12/15) ഈ ‘വേരു’ ഉള്ളില്‍ കിടന്നു പില്‍ക്കാലത്ത്
മാതാപിതാക്കളെയും ജീവിതപങ്കാളിയെയും ഹൃദയം തുറന്നു സ്നേഹിക്കാന്‍
കഴിയാതായവരുമുണ്ട് എന്നോര്‍മ്മിക്കുക. സന്ധ്യാപ്രാര്‍ത്ഥനയിലെ അനുരഞ്ജന ശുശ്രൂഷയുടെ
പ്രാധാന്യം കാണിക്കാനായി സൂചിപ്പിച്ചെന്നു മാത്രം.
സൗഖ്യശുശ്രൂഷ
വിദ്യാലയത്തില്‍ നിന്നായാലും ജോലിസ്ഥലത്തു
നിന്നായാലും പൊതുസ്ഥലത്തു നിന്നായാലും
പലതരം ആന്തരീക മുറിവുകളുമായാണ് നാമൊക്കെ വീടുകളില്‍ എത്തിച്ചേരുന്നത്. വീടുകളില്‍ തന്നെ മുറിപ്പെടാനുള്ള സാദ്ധ്യതകളും
തള്ളിക്കളയാനാവില്ല. കൂട്ടുകാര്‍
കളിയാക്കിയിട്ടാണെങ്കിലും അദ്ധ്യാപകര്‍ ശിക്ഷിച്ചിട്ടാണെങ്കിലും മാര്‍ക്കു കുറഞ്ഞു
പോയതുകൊണ്ടാണെങ്കിലും കുഞ്ഞുങ്ങളുടെ മനസ്സിനേല്‍ക്കുന്നത് ക്ഷതം തന്നെ. അധികാരികള്‍ കോപിച്ചിട്ടാണെങ്കിലും സഹപ്രവര്‍ത്തകര്‍
സഹകരിക്കാഞ്ഞിട്ടാനെങ്കിലും സ്നേഹിതര്‍
വഞ്ചിച്ചിട്ടാണെങ്കിലും മിക്കപ്പോഴും മുറിവേറ്റവരായിട്ടാണ് മാതാപിതാക്കളും
വീടണയുന്നതു. മുറിവുകള്‍ വേഗം
ഉണങ്ങുന്നില്ലെങ്കില്‍, അതു പഴുത്തു വൃണമാകും. ചെറിയ തട്ടലും മുട്ടലും പോലും വലിയ
വേദന ഉളവാക്കും. മാത്രമല്ല മറ്റുള്ളവരെ അവര്‍ മുറിവേല്പിച്ചുകൊണ്ടിരിക്കയും
ചെയ്യും. അതുകൊണ്ടു, വീടുകള്‍ മുറിവുണക്കുമിടങ്ങളായേ
പറ്റൂ. സന്ധ്യാപ്രാര്‍ത്ഥനാ വേളകളില്‍
ഓരോരുത്തര്‍ക്കും വേണ്ടി മറ്റുള്ളവര്‍ എല്ലാവരും ചേര്‍ന്നു സൌഖ്യത്തിനായി പ്രാര്‍ത്ഥിക്കുമെങ്കില്‍
നമ്മുടെ കുടുംബങ്ങള്‍ സൌഖ്യമുള്ളവ ആയിത്തീരില്ലേ?
ശാരീരിക രോഗങ്ങളുടെ കാര്യത്തിലും ഇതു പ്രായോഗീകമാക്കാമെങ്കില്‍
എന്തുംമാത്രം മരുന്നും ആശുപത്രി സന്ദര്‍ശനവുമായിരിക്കും ഒഴിവാകുന്നത്? ഇതിനൊക്കെ വരങ്ങളുണ്ടോ ദാനങ്ങളുണ്ടോ എന്നൊന്നും
അന്വേഷിക്കാന്‍ പോകേണ്ട. സ്നേഹത്തില്‍
പ്രവര്‍ത്തനനിരതമാകുന്ന വിശ്വാസത്തിന്റെ ഉപകരണങ്ങള്‍ മാത്രമല്ലേ അവയെല്ലാം. സ്നേഹത്തിന്റെ ഇഴയടുപ്പം കുടുംബാന്തരീക്ഷത്തില്‍
ഉള്ളത്ര മറ്റെവിടെയാണുള്ളത്?
വചനശുശ്രൂഷ
സന്ധ്യാപ്രാര്‍ത്ഥനയില്‍ ഓരോരുത്തരും ഒരു ചെറിയ
ബൈബിള്‍ഭാഗം വായിച്ചു ആ വചനഭാഗത്തിലൂടെ തമ്പുരാന്‍ തന്നോടു എന്താണു പറയുന്നതെന്നു
അല്പമൊന്നു ധ്യാനപൂര്‍വ്വം പരിചിന്തിച്ചു പങ്കുവയ്ക്കുന്നതു അത്ര ബുദ്ധിമുട്ടുള്ള
കാര്യമാണോ? അതിനു വലിയ ബൈബിള്‍
പാണ്ഡിത്യമൊന്നും വേണ്ട.
പരിശുദ്ധാത്മാവിനോട് ഒന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് വചനം വായിച്ചാല്‍
മാത്രം മതി. ദൈവസ്വരം ഉള്ളില്‍ കേള്‍ക്കാന്‍
നമുക്കാവും. ‘എന്റെ
ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു.’(യോഹ.
10/20). അതു പങ്കുവയ്ക്കുക കൂടി ചെയ്താല്‍
‘ഗാര്‍ഹിക
സഭയ്ക്കു’ അതു വിവേചിക്കാനാവും എന്നു
മാത്രമല്ല മറ്റുള്ളവര്‍ക്കു കൂടി ആത്മീയോത്കര്‍ഷത്തിനു കാരണമാവുകയും ചെയ്യും. ഇനി, ദൈവസ്വരം കേള്‍ക്കാനും
പങ്കുവയ്ക്കാനുമായില്ലെങ്കില്‍ക്കൂടി വചനവായനയും വചനശ്രവണവും അതില്‍ത്തന്നെ ജീവദായകമാണ്. ‘നിങ്ങളോടു
ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്.’
(യോഹ. 6/63)
മനഃപാഠമാക്കിയതും അച്ചടിച്ചതുമായ പ്രാര്‍ത്ഥനകളുടെ
അളവു കുറച്ചു ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍
തുടങ്ങിയാല്‍ ആവര്‍ത്തനവിരസത ഒഴിവാകുമെന്നൊരു ഗുണം കൂടിയുണ്ട്. എന്നാല്‍ എപ്പോഴെങ്കിലും ഇത്തരം പ്രാര്‍ത്ഥന
എന്തെങ്കിലും കാരണവശാല്‍ സാദ്ധ്യമല്ലാതെ വന്നാല്‍ പ്രാര്‍ത്ഥനതന്നെ
ഇല്ലാതാവാതിരിക്കാന്‍ അച്ചടിച്ച പ്രാര്‍ത്ഥനകള്‍
ഉപകരിക്കുകയും ചെയ്യും.

Comments
Post a Comment