കാവല്‍മാലാഖമാര്‍

 കാവല്‍മാലാഖമാര്‍

You can hear the audio         Click here
ഈലേഖനം കേള്‍ക്കാം  ഇവിടെ

             

കാവല്‍ മാലാഖ നേരിട്ടിടപെട്ട അനുഭവങ്ങള്‍  എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്,  അതിലേറെ മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുമുണ്ട്.  അവയൊക്കെയും തന്നെ മുത്തശ്ശിക്കഥപോലെ കണ്ണും മിഴിച്ചു കേട്ടിരിക്കാന്‍ രസമുള്ളവ.  വ്യത്യസ്തമായ ഒരനുഭവം ഇവിടെ പങ്കുവയ്കയാണ്.  കേള്‍വിക്കാരെ അല്പം ഭാരപ്പെടുത്തിയേക്കാമെന്നതിനാല്‍ അത്രതന്നെ രസം തോന്നിയില്ലെങ്കില്‍ മാപ്പ്.  അനുഭവം എന്റെ ഭാര്യയുടേതാകയാല്‍ അവരുടെ വാക്കുകളില്‍ തന്നെ കേള്‍ക്കുക.

അന്നു അടുക്കളയില്‍ നല്ല തിരക്കായിരുന്നു.  ഉച്ചഭക്ഷണം കഴിഞ്ഞു നോക്കുമ്പോള്‍ വാഷ് ബേസിനില്‍ രാവിലത്തേതും ചേര്‍ത്തു ഒരു കൂന പാത്രങ്ങള്‍.  കാലിനാണെങ്കില്‍ നല്ല വേദന.  അതിലേറെ ശരീരത്തിനു ക്ഷീണവും.  എന്തായാലും ഒന്നു നടു നിവര്‍ത്തേ പറ്റൂ.  കട്ടിലിലേക്ക് ചായുമ്പോള്‍ ഉള്ളില്‍ ഒരു നിശ്ശബ്ദ പ്രാര്‍ത്ഥന.  പണിയെല്ലാം തീര്‍ക്കാന്‍ തമ്പുരാനേ സഹായിക്കണമേ!  നല്ല ക്ഷീണമുണ്ടായിരുന്നതുകൊണ്ടായിരിക്കണം,  കിടന്നതേ ഞാന്‍ ഉറക്കത്തിലേക്കു വഴുതി.  നല്ല ആഴത്തിലുള്ള ഉറക്കം.  ഉണര്‍ന്നപ്പോള്‍ മണി നാല്.  ധൃതിപിടിച്ചെണീറ്റു ഞാന്‍ അടുക്കളയിലേക്കോടി.  അത്ഭുതം!  പാത്രങ്ങളെല്ലാം വൃത്തിയായി കഴുകി വയ്ക്കേണ്ടതുപോലെ വച്ചിരിക്കുന്നു.  ഞാന്‍ ക്ഷീണിച്ചു കിടന്നപ്പോള്‍ തമ്പുരാന്‍  എന്റെ കാവല്‍ മാലാഖയെ പറഞ്ഞുവിട്ടു ചെയ്യിച്ചതായിരിക്കണം.  അപ്പോഴും ഉച്ചയുറക്കം വിട്ടുണരാത്ത ഭര്‍ത്താവിന്റെ അടുത്തേക്ക്‌ ഞാനോടി, ഈ അത്ഭുതവാര്‍ത്ത പറയാന്‍.

ബാക്കി കഥ ഞാന്‍ തന്നെ പറയാം.  ഉറക്കത്തില്‍നിന്നു എന്നെ കുലുക്കി ഉണര്‍ത്തി കാവല്‍ മാലാഖ പാത്രം കഴുകിയ അത്ഭുതകഥ ഭാര്യ എന്നോടു പറഞ്ഞു.  ഒരൂറിയ ചിരിയോടെ എണീറ്റ് ഞാന്‍ ചോദിച്ചു. കാപ്പിയായില്ലേ, ഇതുവരെ?  മൂന്നു പതിറ്റാണ്ടിലേറെയായി സഹവാസമെങ്കിലും ഭാര്യയില്‍ നിന്നു എന്തെങ്കിലും മറച്ചുപിടിക്കാന്‍ ഇപ്പോഴുമറിയാത്ത എന്റെ മുഖം ഇത്തവണയും എന്നെ ചതിച്ചു.  കള്ളന്‍.  എന്നിട്ടൊന്നുമറിയാത്തപോലെ ഇവിടെ വന്നു കിടക്കയായിരുന്നല്ലേ?  ചെവിക്കു പിടിച്ചു കിഴുക്കിയെങ്കിലും നെറ്റിയിലൊരുമ്മയും തന്നിട്ടവള്‍ അടുക്കളയിലേക്കു പോയി.

വീട്ടില്‍ മാത്രമല്ല,  നാമായിരിക്കുന്നിടത്തൊക്കെ സഹോദരന്റെ കാവല്‍മാലാഖയാവേണ്ടവരല്ലേ, നാമൊക്കെ?

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!! 


Comments