മരണഭയം

 മരണഭയം

You can hear the audio          Click here
ഈലേഖനം കേള്‍ക്കാം  ഇവിടെ


 
 

പൂരം കാണാന്‍ പുറപ്പെടുമ്പോള്‍ അച്ഛന്‍ മകന്റെ കയ്യില്‍ ഒരു നൂറു രൂപ വച്ചുകൊടുത്തിട്ടു പറഞ്ഞു: സൂക്ഷിച്ചോണം.  നഷ്ടപ്പെട്ടു പോകരുത്.  ചീത്തയാകരുത്. അത്രയും വലിയ തുക ആദ്യമായി കയ്യില്‍ കിട്ടിയ കൊച്ചുബാലന്റെ ശ്രദ്ധയാകെ ആ നോട്ടിലായി.  നഷ്ടപ്പെടാതെ അവനതു കയ്യില്‍ ചുരുട്ടിപ്പിടിച്ചു.  ഉള്ളംകൈ വിയര്‍ക്കുമ്പോള്‍ നോട്ടു നനയുന്നു.  അവന്‍ ഇടയ്ക്കിടെ കൈ തുടച്ചുകൊണ്ടിരുന്നു.  പൂരപ്പറമ്പില്‍ എത്തിയിട്ടും അച്ഛന്റെ കൈ വിരലില്‍ തൂങ്ങിയിട്ടും കാഴ്ചകളൊന്നും അവനു ആസ്വദിക്കാനാകുന്നില്ല.  രൂപാനോട്ടു നഷ്ടപ്പെടാതെ നോക്കണമല്ലോ.  അല്പം കഴിഞ്ഞപ്പോള്‍ ബുദ്ധിമാനായ ആ ബാലന്‍ അച്ഛനോടു പറഞ്ഞു:  അച്ഛാ,  രൂപ അച്ഛന്‍ തന്നെ സൂക്ഷിച്ചാല്‍ മതി.  കാര്യം മനസ്സിലാക്കിയ അച്ഛന്‍ പറഞ്ഞു: രൂപ നിന്റെ കയ്യിലിരിക്കട്ടെ. നീ ശ്രദ്ധിച്ചാല്‍ മതി. നഷ്ടപ്പെടാതെ ഞാന്‍ നോക്കുന്നുണ്ട്. ക്രമേണ പണം കയ്യിലിരിക്കുന്നതിന്റെ അഭിമാനം നഷ്ടമാക്കാതെ തന്നെ ഉത്സവപ്പറമ്പിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ അവന്‍ പഠിച്ചു.  അവസാനം അവര്‍ വാങ്ങാന്‍ പോയ കളിപ്പാട്ടം വില്‍ക്കുന്ന കടയിലെത്തിയപ്പോള്‍  അച്ഛന്‍ മകനോട്‌ പണം തിരികെ ചോദിച്ചു.  കളിപ്പാട്ടം വാങ്ങാനാണെന്നു മനസ്സിലാക്കിയ മകന്‍ സസന്തോഷം പണം കൊടുത്തു.  നോട്ടാകെ ചുരുണ്ട് ചുളുങ്ങിയിരുന്നു.  അച്ഛന്‍  അതൊക്കെ നിവര്‍ത്തി കൊടുത്തു കളിപ്പാട്ടം വാങ്ങി വീട്ടിലേക്കു മടങ്ങി.

കഥയിലെ അച്ഛന്‍ ദൈവമാണെന്നറിയുക;  ബാലന്‍ നിങ്ങളും.  നൂറിന്റെ നോട്ടു നിങ്ങളുടെ ജീവന്‍,  ജീവിതവും. ഈ ഉത്സവപ്പറമ്പില്‍ നിങ്ങള്‍ കാഴ്ചകണ്ട്‌ ആസ്വദിച്ചു നടക്കുകയാണ്. ആ കളിപ്പാട്ടമോ ജീവിതാന്ത്യത്തില്‍ നിങ്ങള്‍ എത്തിപ്പെടണമെന്നു ആഗ്രഹിക്കുന്ന സ്വര്‍ഗ്ഗമോ, സായൂജ്യമോ, മുക്തിയോ എന്താണെന്നു വച്ചാല്‍ അതു.

ഇനി കഥ ഒന്നുകൂടി ശ്രദ്ധാപൂര്‍വ്വം വായിച്ചു നോക്കുമോ?

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!! 

Comments