‘റാമാ’യില്‍ നിന്നും ഒരു വിലാപം

 ‘റാമായില്‍ നിന്നും ഒരു വിലാപം

You can hear the audio           Click here 
ഈലേഖനം കേള്‍ക്കാം ഇവിടെ  

എന്റെ നാലാമത്തെ കുഞ്ഞു പെണ്ണാണെന്നു കേട്ടപ്പോള്‍ പലരും പറഞ്ഞു: ശ്ശോ

നാലു പെണ്‍കുഞ്ഞുങ്ങള്‍ !  ഭാഗ്യമാണു, കേട്ടോ മറ്റൊരാളുടെ സാന്ത്വനം.  എനിക്ക് ചോദിക്കാതിരിക്കാനായില്ല,  അപ്പോള്‍ നാലാമത്തേത് ആണായിരുന്നെങ്കിലോ?  അല്ല,  അതു പിന്നെ ......  വീണേടത്തു കിടന്നുള്ള ഉരുളല്‍.

ആണോ പെണ്ണോ എന്നുള്ളതിലല്ല, ഒരു കുഞ്ഞു ജനിക്കുന്നതു ഭാഗ്യമായോ ദൌര്‍ഭാഗ്യമായോ നാം കാണുന്നത്?  അതാണ്‌ അടിസ്ഥാനപരമായ പ്രശ്നം.

കുരിശും പേറിക്കൊണ്ടു ഗാഗുല്‍ത്തായിലേക്കുള്ള യേശുവിന്റെ യാത്രയില്‍ കരഞ്ഞു നിലവിളിച്ചു അവിടുത്തെ അനുഗമിച്ചിരുന്ന ജറുസലേം സ്ത്രീകളെ തിരിഞ്ഞു നോക്കിയിട്ട് യേശു പറഞ്ഞു: എന്നെ പ്രതി നിങ്ങള്‍ കരയണ്ട.  നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതി കരയുവിന്‍!  അതിനു കാരണവും അവിടുന്നു പറഞ്ഞു, എന്തെന്നാല്‍,  വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്ന് പറയപ്പെടുന്ന ദിവസങ്ങള്‍ വരും. ലൂക്കാ.23/28, 29 നോക്കുക.) ഇതാ ആ നാളുകള്‍ വന്നെത്തിയിരിക്കുന്നു. ഒരു കുഞ്ഞിനെ മാതാപിതാക്കള്‍ ദുശ്ശകുനമായി കാണുന്ന നാളുകള്‍.

രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ശിശു ജനിച്ചു.  ആ ശിശുവിന്റെ ജനനം സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്തയായി മാലാഖമാര്‍ പ്രഘോഷിച്ചു.(ലൂക്കാ.2/10)  എന്നാല്‍ ആ വാര്‍ത്ത കേട്ട് ഹേറോദേസും അവനോടൊപ്പം ജറുസലേം മുഴുവനും അസ്വസ്ഥമായി.(മത്താ.2/3)  കാരണം അവരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക്  ആ കുഞ്ഞു വിഘാതമാകുമെന്ന് അവര്‍ കരുതി.  പിന്നെ അവിടെ നടന്നത് സ്വാര്‍ത്ഥതാ പിശാചിന്റെ വലിയൊരു വിളയാട്ടമായിരുന്നു.  പിഞ്ചു കുഞ്ഞുങ്ങളുടെ ചോര പുഴയായൊഴുകി.(മത്താ.2/16 നോക്കുക)

ഓരോ ശിശുവിന്റെ ജനനവും സത്യത്തില്‍ സകല ജനത്തിനും സന്തോഷത്തിന്റെ സദ്വാര്‍ത്തയാകേണ്ടതാണ്.  ഒരോ പിഞ്ചുകുഞ്ഞിന്റെ ജനനവും ദൈവം മനുഷ്യവര്‍ഗ്ഗത്തില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ പരസ്യമായ അടയാളമാണ്.  ഓരോ കുഞ്ഞിനേയും പ്രത്യാശയോടെ, സ്നേഹത്തോടെ കാത്തിരിക്കുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്‌.  ഇന്ന് തേഞ്ഞു മാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന ചില അനുഷ്ഠാനങ്ങള്‍ അതു സൂചിപ്പിക്കുന്നു.  അടുത്ത കാലം വരെ വിശേഷിച്ചു വടക്കന്‍ മലബാറില്‍ ഒരു ഗര്‍ഭിണിയായ സ്ത്രീ എന്തെങ്കിലും ആഹാരസാധനം ആഗ്രഹിക്കുന്നതായി സൂചിപ്പിച്ചാല്‍ സമൂഹം അതവര്‍ക്ക് നല്കുന്നതു കടമയായി കരുതിയിരുന്നു.  ഉദാഹരണമായി, ഒരു ഗര്‍ഭിണി ഒരു പഴക്കടയിലെത്തി വിവിധ പഴവര്‍ഗ്ഗങ്ങളുടെ വില ചോദിച്ചിട്ട്, എതെങ്കിലും ഒന്നുമാത്രം വിലകൊടുത്തു വാങ്ങിയെന്നിരിക്കട്ടെ.  വീട്ടിലെത്തി കെട്ടഴിക്കുമ്പോള്‍ അവര്‍ വില ചോദിച്ച എല്ലാ പഴ വര്‍ഗ്ഗങ്ങളും അല്പാല്പം ആ പൊതിയിലുണ്ടായിരിക്കും. ഗര്‍ഭിണി ആഗ്രഹിച്ചത്‌ കൊടുത്തില്ലെങ്കില്‍ കുഞ്ഞിന്റെ കണ്ണു പഴുക്കുമത്രെ.  അന്ധവിശ്വാസമെന്നു നാം പറയും.  പക്ഷെ,  ഏതോ ഒരു സ്ത്രീയുടെ ഉദരത്തില്‍ കിടക്കുന്ന കുഞ്ഞിന്റെ സുസ്ഥിതിയ്ക്കുവേണ്ടി ത്യാഗം ചെയ്യാനുള്ള സമൂഹത്തിന്റെ മനോഭാവം അവിടെ പ്രകടമായിരുന്നു.  ഇതാ!  നമുക്കൊരു ശിശു നല്‍കപ്പെട്ടിരിക്കുന്നു എന്ന മട്ടില്‍ സമൂഹം ആ കുഞ്ഞിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

എന്നാല്‍ ഇന്ന് ഒരു കുഞ്ഞു അമ്മയുടെ ഉദരത്തില്‍ രൂപം കൊള്ളുന്നു എന്ന അറിവുതന്നെ ഹേറോദേസിനെയുംജറുസലേം മുഴുവനെയും (ഭരണാധിപരെയും, പൌരസഞ്ചയത്തെയും) അസ്വസ്ഥമാക്കുന്നു.  ഇരുപത്തൊന്നാഴ്ച എത്തും മുമ്പേ അതിനെ വധിക്കാനാണ് ഉദ്യമം.  എന്റെ സ്വാര്‍ത്ഥതയുടെ മേശമേല്‍  എത്തുന്ന കൊള്ളക്കാരനെയാണ് രണ്ടു പിഞ്ചുകൈകളില്‍ ഞാന്‍ കാണുന്നത്.  അതിനെ ഒഴിവാക്കാനുള്ള ശ്രമത്തിനിടയില്‍,  ആ കുഞ്ഞിനേക്കാള്‍ മുമ്പേ ഞാന്‍ ജനിച്ചു എന്ന സംഭവം മാത്രമാണ് അതിനെ കൊല്ലാന്‍ എനിക്ക് അവസരം നല്‍കിയതെന്ന യാഥാര്‍ത്ഥ്യം ഞാന്‍ മറക്കുന്നു.  സ്ഥിതിവിവരക്കണക്കുകള്‍ വളഞ്ഞൊടിയുന്നു.  മൂന്നാം ലോക രാജ്യങ്ങളില്‍ കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കാനും ജനിക്കുന്നവരെ അമ്മയുടെ ഉദരത്തില്‍ വച്ച് തന്നെ കൊല്ലാനും ഫണ്ടൊരുക്കി തരുന്ന പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തു ജനനനിരക്ക് ഉയര്‍ത്താനാണ് കിണഞ്ഞു ശ്രമിക്കുന്നതെന്ന വസ്തുത നാം അറിയാതെ പോകുന്നു.  ലോകത്തിലേറ്റം ജനസാന്ദ്രതയേറിയ ജപ്പാന്‍ അര നൂറ്റാണ്ടു കൊണ്ട് ചാമ്പലില്‍ നിന്നും പുരോഗതിയുടെ ഏറ്റം മുന്‍പന്തിയിലെത്തിയതെന്നതും നാം കാണാതെ പോകുന്നു.  സകല ദുരന്തങ്ങളുടെയും പാപഭാരം ജനസംഖ്യാ വര്‍ദ്ധനവില്‍ കെട്ടിവയ്ക്കപ്പെടുന്നു.

ഒന്നിനും കുറവില്ലാതിരുന്ന പറുദീസയില്‍ സകലതും തനിക്കധീനമായിട്ടും തന്നെപ്പോലെയൊന്നിനെ കാണാഞ്ഞു വിങ്ങുന്ന മനുഷ്യനെ നാം ഉല്പത്തി പുസ്തകം രണ്ടാമദ്ധ്യായത്തില്‍ കണ്ടുമുട്ടുന്നു.  തന്നെപ്പോലെയൊന്നിനെ കണ്ടെത്തിയപ്പോഴേ തന്റെ തന്നെ അനുപൂരകമാണെന്ന് ഏറ്റുപറയുന്നു.  തന്റെ പൂര്‍ണ്ണത തന്നെപ്പോലെയുള്ള അപരനിലാണെന്നു അന്നു കണ്ടെത്തിയ മനുഷ്യന്‍ ഇന്ന്  അപരനാണ് എന്റെ നരകം എന്ന് വിളിച്ചുപറയുന്നു.

ഇതാ!  എന്റെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍  നിന്നുള്ള മാംസവും എന്നിടത്തു നിന്നും അങ്ങെനിക്കു കൂട്ടിനു തന്ന സ്ത്രീ എന്നിടത്തേയ്ക്കുള്ള മാറ്റത്തിനിടയില്‍ സംഭവിച്ചതു  ഒന്ന് മാത്രം പാപം.  പാപം എന്നെത്തന്നെ എനിക്കു അസ്വീകാര്യനാക്കുന്നു, അനാദരണീയനാക്കുന്നു.  എന്റെ ജീവനെത്തന്നെ വിലമതിക്കാന്‍ എനിക്ക് കഴിയാതാവുന്നു. എന്റെ നഗ്നത എനിക്ക് ദുസ്സഹമാകുന്നു.  അതുകൊണ്ട് തന്നെ മറ്റൊരാളെ എനിക്ക് സ്വീകരിക്കാനാകുന്നില്ല,  ആദരിക്കാനാവുന്നില്ല.  പാപത്തിന്റെ വേതനം മരണമാണ്.(റോമ.6/23) പാപത്തിന്റെ സംസ്കാരം നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത്  മരണത്തിന്റെ സംസ്കാരത്തിലാണ്.  അതു പിടി മുറുക്കിക്കൊണ്ടിരിക്കുന്നു.  അമ്മയുടെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിനെ കണ്ണുമടച്ചു കൊല്ലാനനുമതി നല്‍കുന്ന നിയമം പെണ്‍കുഞ്ഞിനെ തെരഞ്ഞു പിടിച്ചു കൊല്ലുകയാണെങ്കില്‍ തെറ്റാണെന്ന് വിധിക്കുന്നതിലെ യുക്തിഭംഗം;  ഗര്‍ഭഛിദ്രമാണെങ്കിലും ദയാവധമാണെങ്കിലും മനുഷ്യന്റെ മേല്‍ നടത്തുന്ന ജനിതക പരീക്ഷണങ്ങളാണെങ്കിലുംഉയര്‍ത്തുന്ന ചോദ്യം ഒന്നാണ് മനുഷ്യജീവന്റെമേല്‍ സ്വേഛാപരമായ അധികാരം മനുഷ്യനുണ്ടോ?

ആരു ജനിക്കണം  ആരു ജനിക്കാതിരിക്കണം,  ആരു ജീവിക്കണം ആരു മരിക്കണം,  എത്ര ആണ്കുഞ്ഞുങ്ങളും എത്ര പെണ്കുഞ്ഞുങ്ങളും അടുത്ത വര്ഷം നാടിനു വേണം എന്നെല്ലാം പദ്ധതി വിഹിതപ്രകാരം നടപ്പാക്കിയാലും കമ്പോളശക്തികളുടെ സംതുലനത്താല്‍ നിര്ണ്ണയിക്കപ്പെട്ടാലും മനുഷ്യന് നഷ്ടമാകുന്നതുഅവന്റെ സത്തയാണ്;  മനുഷ്യത്വമാണ്‌.  മനുഷ്യന്‍ ഒരു ഫാക്ടറി ഉത്പന്നത്തിന് തുല്യനാവുകയാണ്.

ഇപ്പോള്‍ത്തന്നെ പെണ്‍കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സാമ്പത്തീക പ്രചോദനം നല്‍കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു.  നാളെ ആണായാലും പെണ്ണായാലും കുഞ്ഞിനെ ജനിപ്പിക്കുന്നവര്‍ക്കു സര്‍ക്കാര്‍ പ്രലോഭനീയമായ തുകകള്‍ നല്‍കേണ്ടിവരും, തീര്‍ച്ച.  പക്ഷേ  ഇത്തരം വ്യാപാരതന്ത്രങ്ങളിലൂടെ ജനിപ്പിച്ചെടുക്കുന്ന കുഞ്ഞുങ്ങള്‍ ജനിക്കുന്നതും വളരുന്നതും മനുഷ്യോചിത സാഹചര്യത്തിലാവില്ല.  ബ്രോയിലര്‍ ചിക്കന്‍ ഫാമുകളേക്കാള്‍  ആദായകരമായ ബിസ്സിനസ്സായിത്തീരാം അതു.  അവിടെ നിന്നും പുറത്തുവരുന്നവര്‍  മനുഷ്യരാവില്ല;  മനുഷ്യോത്പന്നങ്ങള്‍ ആയിരിക്കും.  ഇത്തരം ബാഹ്യ ചോദനകളാല്‍ ജന്മം നല്കപ്പെടേണ്ടവനല്ല മനുഷ്യന്‍.  എന്നാല്‍ ശിശുവിനെ പ്രസവിച്ചു കഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തില്‍ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ പ്രസവവേദന പിന്നീടൊരിക്കലും അവള്‍ ഓര്‍മ്മിക്കുന്നില്ല.(യോഹ.16/21)  ഒരു കുഞ്ഞിനെ ജനിപ്പിക്കുന്നതിനും മനുഷ്യോചിതം അതിനെ വളര്‍ത്തുന്നതിനും വേണ്ടിവരുന്ന ത്യാഗങ്ങളുടെ പ്രതിഫലം എന്താണെന്ന സൂചനയാണത് തന്നെപ്പോലെ ഒന്ന് ജനിച്ചു എന്ന സന്തോഷം.

പ്രപഞ്ചം മുഴുവന്‍ ഒരുങ്ങി, ഏദന്‍ തോട്ടം വിശേഷാല്‍ ഒരുങ്ങി സൃഷ്ടിജാലം മുഴുവനും അത്യാകാംഷയോടെ കാത്തിരിക്കെ അതിന്റെ സാഫല്യമായാണ് ദൈവത്തിന്റെ ഛായയും സാദൃശ്യവും സംവഹിക്കുന്ന മനുഷ്യന്‍ ജനിച്ചത്‌.  ഓരോ മനുഷ്യ ശിശുവും ഇപ്രകാരമൊരു പ്രതീക്ഷാ നിര്‍ഭരമായ കാത്തിരിപ്പിന്റെ സാഫല്യമായി ജന്മം കൊള്ളേണ്ടവനാണ്.  അതിനുള്ള ഏദന്‍ തോട്ടമാവണം കുടുംബങ്ങള്‍.  അവിടെ കുഞ്ഞു സ്നേഹോഷ്മളതയില്‍ സ്വീകരിക്കപ്പെടണം;  സ്നേഹത്താല്‍ പോഷിക്കപ്പെടണം.  സ്നേഹത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ സ്നേഹത്തില്‍ മുങ്ങിത്തുടിച്ചു വളരണം.  എങ്കിലേ തന്നിലുള്ള ദൈവത്തിന്റെ രൂപം പ്രകടമാക്കാന്‍ അവനു/അവള്‍ക്കു കഴിയൂ.  ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കു കടന്നു വരാനാവൂ.  ആ വെളിപ്പെടുത്തലിനെ  ആകാംക്ഷാപൂര്‍വ്വം ഉറ്റുനോക്കിക്കൊണ്ട് സൃഷ്ടപ്രപഞ്ചം മുഴുവന്‍  അതുവരെയും ഈറ്റുനോവനുഭവിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നു.  (റോമ. 8/19 -23 നോക്കുക.)  പാപം മൂലം നഷ്ടമായ പറുദീസായിലെക്കുള്ള തിരിച്ചു പോക്ക് അനിവാര്യമാകുന്നു. 

പാപത്തിന്റെ വേതനം മരണമാണ്.  ദൈവത്തിന്റെ ദാനമാകട്ടെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴിയുള്ള നിത്യ ജീവനും.(റോമ.6/23)  ഏക സത്യദൈവമായ അവിടുത്തെയും അങ്ങയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍(യോഹ.17/3)  ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകുവാനും അതു സമൃദ്ധമായി ഉണ്ടാകുന്നതിനുമാണ്. (യോഹ. 10/10) എന്നരുളിക്കൊണ്ടു കടന്നു വന്ന യേശുവിന്റെ പക്കലേക്ക് ജീവന്റെ വൃക്ഷത്തിങ്കലേക്ക് നമുക്ക് പ്രവേശനം ലഭിച്ചിരിക്കുന്നു.  മാനസാന്തരത്തിലൂടെ വിശ്വാസത്തിലൂടെ കൈനീട്ടി ജീവന്റെ ഫലം ഭക്ഷിക്കാം.  നമ്മില്‍ ജീവന്‍ സമൃദ്ധമാകട്ടെ.  നമ്മുടെ കുടുംബങ്ങളില്‍ ജീവന്‍ നിറയട്ടെ.  മരണ സംസ്കാരത്തെ തൂത്തെറിഞ്ഞുകൊണ്ട് ജീവന്റെ വക്താക്കളും പ്രയോക്താക്കളും പടയാളികളും സംരക്ഷകരുമായി നമുക്ക് മാറാം.  പുല്‍കൂട്ടില്‍ ജനിച്ചവന്‍ കുരിശില്‍ ഉയര്‍ത്തപ്പെട്ടത് അവനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിനാണ്. (യോഹ.3/15 നോക്കുക)  ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു(മാര്‍ക്കോ.9/37) എന്ന് പറഞ്ഞ യേശു തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ദൈവമക്കളാകാന്‍ കഴിവു നല്‍കി(യോഹ.1/12).

(ശാലോം ടൈംസ് മാസികയുടെ 1997 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!! 

Comments