സന്തോഷം ഇരട്ടിക്കാന്‍

 സന്തോഷം ഇരട്ടിക്കാന്‍

You can hear the audio             Click here
ഈലേഖനം കേള്‍ക്കാം   ഇവിടെ 



ഇക്കഴിഞ്ഞയിടെ എന്റെ ഒരു സ്നേഹിതന്‍ എം.ഡി. പാസായി.  രാത്രി വളരെ വൈകി ഏതാണ്ട് പതിനൊന്നു മണിയോടെ വീട്ടിലെത്തിയ ഞാന്‍ ആ സന്തോഷവാര്‍ത്ത ഭാര്യയോടു പറഞ്ഞു.  അവള്‍ക്കും സന്തോഷമായി.  പിറ്റേന്ന് രാവിലെ തന്നെ ആ സന്തോഷവാര്‍ത്ത സ്വന്തം അമ്മച്ചിയെ ഫോണില്‍ വിളിച്ചറിയിച്ചു, എന്റെ ഭാര്യ.  (എന്റെ ഭാര്യാവീടും എം ഡി പാസ്സായ സ്നേഹിതന്റെ വീടും അടുത്തടുത്താണ്.)  അമ്മച്ചിക്കും സന്തോഷം.  അമ്മച്ചി വേഗം അയലത്തെ വീട്ടിലേക്കു വിളിച്ചു മോന്‍ ജയിച്ചതിനു അഭിനന്ദനങ്ങള്‍ അറിയിച്ചു.  തലേന്ന് വൈകിമാത്രം പുറത്തുവന്ന വാര്‍ത്ത ഇത്ര രാവിലെ അഭിനന്ദനമായി എത്തിയപ്പോള്‍ എന്റെ സ്നേഹിതന്റെ വീട്ടുകാര്‍ക്കു അത്ഭുതം കലര്‍ന്ന സന്തോഷം.  ആ സന്തോഷത്തോടെ മധുരപലഹാരങ്ങളുമായി അവര്‍ എന്റെ ഭാര്യാവീട്ടില്‍.  എങ്ങിനെയറിഞ്ഞു?  ആരു പറഞ്ഞു ഇത്ര രാവിലെ?   എന്റെ മോള്‍ രാവിലെ വിളിച്ചറിയിച്ചിരുന്നു അമ്മച്ചിയുടെ മറുപടി.  മോളെയും മരുമകനായ എന്നെയും കുറിച്ച് ഒത്തിരി നന്മ പറഞ്ഞിട്ടാണവര്‍ മടങ്ങിയത്.  അതു കേട്ട അമ്മച്ചിയുടെ മനസ്സ് നിറഞ്ഞു.  നിന്നെയും നിന്റെ ഭര്‍ത്താവിനെയും എത്ര പുകഴ്ത്തിയാണവര്‍ പറഞ്ഞതെന്നറിയാമോ?  അമ്മച്ചിക്ക് അതു മകളോട് വിളിച്ചു പറയാതിരിക്കാന്‍ കഴിഞ്ഞില്ല. എന്റെ ഭാര്യയുടെ ചെവിയില്‍ അതു അമൃതായി പെയ്തു.  എങ്ങിനെ അവള്‍ അതു എന്നോട് പറയാതിരിക്കും?  എനിക്കും സന്തോഷം.  ഇതിനിടെ എന്റെ സ്നേഹിതന്‍ സ്വഭവനത്തിലെത്തി.  അയലത്ത് നിന്ന് അതിരാവിലെ തന്നെ കിട്ടിയ അഭിനന്ദനത്തിന്റെ വിവരം അറിഞ്ഞു.  അദ്ദേഹത്തിനും സന്തോഷം.  പിന്നെ എന്നെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു.  വെളുപ്പിനെ തന്നെ ഭാര്യവീട്ടില്‍ വിളിച്ചു വിവരമറിയിച്ചിരുന്നു അല്ലേ?  എന്റെ വിജയത്തില്‍ ജോര്‍ജു ചേട്ടനു ഇത്ര സന്തോഷമുണ്ടായിരുന്നു അല്ലേ?  എന്റെ സ്നേഹത്തിന്റെ ആഴം അദ്ദേഹത്തിനു പിടികിട്ടിയല്ലോ.  എനിക്കൊത്തിരി സന്തോഷമായി.  നോക്കൂ!  ഒരു സന്തോഷവാര്‍ത്ത അറിയിച്ചപ്പോള്‍ അതെത്രയിടത്തു പ്രതിഫലിച്ചു?  എത്ര മടങ്ങ്‌ വര്‍ദ്ധിച്ചു?

പണ്ട് മറിയത്തിനു ഒരു സദ്വാര്‍ത്ത കിട്ടി.  അവര്‍ തിടുക്കത്തില്‍ തന്നെ ആ മലമ്പ്രദേശത്തു കൂടി പുറപ്പെട്ടു.  അവളുടെ അഭിവാദനസ്വരം എലിസബത്തിന്റെ കാതിലെത്തിയപ്പോഴേ ആ പരിശുദ്ധാത്മ സന്തോഷം ഉദരത്തിലായിരുന്ന ശിശുവിലേക്കു പടര്‍ന്നു കയറി.  അതു എലിസബത്തിലേക്കും പകര്‍ന്നു കിട്ടി.  ദൈവത്തിന്റെ വാക്കുകള്‍ വിശ്വസിച്ചവള്‍  ഭാഗ്യവതി!  എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുക്കല്‍ വരുവാനുള്ള ഈ ഭാഗ്യം എനിക്കെവിടെനിന്നു?  ആ വാക്കുകള്‍ മറിയത്തിലെ ആത്മാവിലുള്ള ആനന്ദത്തെ ഇരട്ടിപ്പിച്ചു.  ആത്മാവിനാല്‍ നിറഞ്ഞു കീര്‍ത്തനം ആലപിച്ചു.  സകല തലമുറയും തന്നെ ഭാഗ്യവതി എന്നു വിളിക്കുന്നതവള്‍ കേട്ടു.

നമുക്ക് സദ്വാര്‍ത്ത കിട്ടിയോ?   സകല ലോകത്തിനും സന്തോഷം പകരുന്ന സദ്വാര്‍ത്ത?  കിട്ടിയെങ്കില്‍ നാം അതു എത്രപേര്‍ക്ക് പങ്കുവച്ചു?  പങ്കുവച്ചിരുന്നെങ്കില്‍ അതെത്ര ഇരട്ടിയാകുമായിരുന്നു?  നമുക്ക് ലഭിച്ച സദ്വാര്‍ത്ത നാം നമ്മുടെയുള്ളില്‍ ഒതുക്കി വച്ചതുമൂലം അനേകര്‍ക്കതു നഷ്ടമായി എന്ന് മാത്രമല്ല, നമ്മുടെ ഉള്ളില്‍ അതിരട്ടിച്ചുമില്ല.  കിട്ടിയ താലന്തു കുഴിച്ചിട്ടു സൂക്ഷിച്ച ഭൃത്യനു പുറത്തുള്ള അന്ധകാരവും പല്ലുകടിയുമാണ് പ്രതിഫലമായി കിട്ടിയതെന്ന് നാം മറക്കരുത്.  സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ മലമുകളില്‍ എത്ര മനോഹരം.  സുവിശേഷം പതുക്കി വയ്ക്കുന്നവന്റെ നില എത്ര പരിതാപകരം എന്നാവുമോ നമ്മെക്കുറിച്ചു എഴുതപ്പെടുക?

നമുക്കു പ്രാര്‍ത്ഥിക്കാം

കിട്ടിയ സുവിശേഷവുമായി, കുടം അവിടെ ഉപേക്ഷിച്ചു, സ്വഗ്രാമാത്തിലേക്ക് ഓടിയ ആ സമരിയാക്കാരിയെപ്പോലെ  എനിക്ക് കിട്ടിയ സുവിശേഷത്തിന്റെ പ്രചാരക(ന്‍) ആകാന്‍  ഞാന്‍ ആഗ്രഹിക്കുന്നു.  അതില്‍നിന്നും എന്നെ തടയുന്ന എല്ലാ ബന്ധനങ്ങളില്‍ നിന്നും എന്നെ വിടുവിക്കണമേ.  അവിടുത്തെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ എന്നിലേക്ക്‌ വര്‍ഷിച്ചു എന്റെ കുടുംബത്തിലും ചുറ്റുപാടുകളിലും എന്റെ ലോകത്തിന്റെ അതിര്‍ത്തിവരെയും എന്നെ അവിടുത്തെ രാജ്യത്തിന്റെ സുവിശേഷത്തിനു സാക്ഷിയാക്കണമേ.  അങ്ങേ തൃക്കരങ്ങളില്‍ ഒരുപകരണമായി, സുവിശേഷത്തിന്റെ ഉപകരണമായി എന്നെത്തന്നെ സമര്‍പ്പിക്കുന്നു.  സ്വീകരിക്കണമേ, എന്നെ സ്വീകരിക്കണമേ.

(2001 മാര്‍ച്ച് ലക്കം ശാലോം ടൈംസ് മാസികയില്‍ പ്രസിദ്ധീകരിച്ചത്)


ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!       


Comments