സഹന രഹസ്യം

 സഹന രഹസ്യം



You can hear the audio            Click here  
ഈലേഖനം കേള്‍ക്കാം ഇവിടെ ക്ലിക്ക് ചെയ്യുക


പീലാത്തോസിന്റെ ഭീരുത്വമാണ് യേശുവിനെ കുരിശിലേറ്റാന്‍ വിധിച്ചത്.  പുരോഹിതന്മാരുടെയും നിയമജ്ഞരുടെയും അസൂയ അവിടുത്തെ പീലാത്തോസിന്റെ കൈകളില്‍ എത്തിച്ചു.  യൂദാസിന്റെ ധനമോഹം അവിടുത്തെ ഒറ്റിക്കൊടുത്തു.  ആ നാട്ടിലെ ജനങ്ങളുടെ കരുണയില്ലാത്ത കഠിനഹൃദയം അവിടുത്തെ കാലിത്തൊഴുത്തിലെ ജനനത്തിനു കാരണമായി. ഇങ്ങനെ യേശുവിന്റെ ജീവിതത്തില്‍ ഉണ്ടായ എല്ലാ സഹനങ്ങള്‍ക്കും ആരെയെങ്കിലും പഴിചാരാന്‍ നമുക്കുണ്ടാവും.  എന്നാല്‍ കന്യാമറിയത്തിന്റെ ഉദരത്തിലായിരിക്കെ അവന്‍ അനുഭവിച്ച തിരസ്കരണത്തിനു ആരെ നാം ഉത്തരവാദിയാക്കും?  ജോസഫ്‌ മറിയത്തെ സംശയിച്ചപ്പോള്‍ സംഭവിച്ചത് അതായിരുന്നല്ലോ.  നിര്‍മ്മലയായ മറിയത്തെ സംശയിച്ച ജോസഫിനെ പഴി പറയാമെന്നു കരുതുമ്പോഴേക്കും തിരുവചനം ആ രംഗം വര്‍ണ്ണിച്ചുകൊണ്ടിങ്ങെത്തുന്നു.അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും........(മത്തായി 1/10).  ഇക്കാര്യം പരാമര്‍ശിക്കുമ്പോള്‍ തന്നെ നീതിമാനെന്നു തിരുവചനം സാക്ഷ്യപത്രം നല്‍കുന്ന ജോസഫിനെ നാം പഴിക്കുന്നതെങ്ങിനെ?  അല്ലെങ്കില്‍ തന്നെ പ്രതിശ്രുത വധു തന്റെ മനസ്സറിവില്ലാതെ ഗര്‍ഭിണിയായി കാണപ്പെട്ടാല്‍ ഏതൊരു  വരനാണ് ഇപ്രകാരം സംശയിക്കാത്തത്?  ദൈവവചനത്തിനു ആമ്മേന്‍ പറയുക മാത്രം ചെയ്ത മറിയം എങ്ങിനെ കുറ്റക്കാരിയാകും? ഇങ്ങനെ നോക്കുമ്പോള്‍ മംഗളവാര്‍ത്തയുമായി മറിയത്തിന്റെയടുത്തെയ്ക്കു അയച്ച ഗബ്രിയേല്‍ ദൂതനെ ജോസഫിന്റെ അടുത്തേക്കു കൂടി അയയ്ക്കാത്ത ദൈവമാണു കുറ്റക്കാരന്‍ എന്ന് നാം കണ്ടെത്തിയേക്കാം.  പക്ഷെ ഇവിടെ നാം ഒന്ന് ശ്രദ്ധിക്കണം.  ആദ്യപാപം മുതലേ പാപത്തിന്റെ ഉത്തരവാദിത്തം ദൈവത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള പ്രവണത (ഉല്‍.3/12 നോക്കുക) മനുഷ്യന്‍ കാണിക്കുന്നുണ്ട്. എന്നുമാത്രമല്ല, മനുഷ്യന്‍ അങ്ങിനെ ചെയ്യുമ്പോള്‍ ദൈവം തീര്‍ത്തും നിശബ്ദനായി നില്‍ക്കുകയും ചെയ്യും.  തന്മൂലം ദൈവത്തിന്റെമേലുള്ള ഈ പഴിചാരല്‍ തീര്‍ത്തും നീതിയുക്തമെന്നു ധരിച്ചു നാം കടന്നു പോകാനും മതി.  അതുകൊണ്ട് ദൈവത്തെ പഴിചാരും മുമ്പ് രംഗം നമുക്കൊന്നുകൂടി പരിശോധിക്കാം.

ജോസഫ് മറ്റൊരു കാഴ്ചപ്പാടില്‍

ആകാശത്തു പുതിയതായി ഒരു നക്ഷത്രം രൂപമെടുക്കുന്നതിനു ജോസഫ് സാക്ഷിയായി എന്ന് കരുതുക.  എന്തായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം?  ദൈവത്തിന്റെ അത്ഭുത പ്രവൃത്തിക്കു സാക്ഷിയായതിന്റെ സന്തോഷം.  ദൈവത്തിന്റെ സൃഷ്ടി വൈഭവം കണ്ടറിഞ്ഞതിന്റെ അത്ഭുതം.  ഇതൊക്കെയാവില്ലേ ജോസഫിന്റെ പ്രതികരണം?  എങ്കില്‍ കന്യകയായ മറിയത്തിന്റെ വീര്‍ത്തുവരുന്ന വയറില്‍ നോക്കി ഇതേ പ്രതികരണം നടത്താന്‍ എന്തുകൊണ്ടു ജോസഫിനു സാധിക്കുന്നില്ല?  ഒരു നക്ഷത്രം ഉരുവാകുന്നതിനേക്കാള്‍ അത്ഭുതകരവും മനോഹരവുമായ ഒരു ഉത്ഭവം.  അതാണിവിടെ നടന്നത്, അല്ലേ?  അതെങ്ങനെ?  നക്ഷത്രം ഉണ്ടാകുന്നതു പോലെയാണോ അവിവാഹിതയായ ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നത്?  ഇതു രണ്ടും ഒന്നുപോലെ കാണാന്‍ കഴിയുന്നതെങ്ങിനെ എന്നാവും ചോദ്യം.  അതെ, എന്തുകൊണ്ടു നമുക്കു (ജോസഫിനും)ഇതു രണ്ടും ഒന്ന് പോലെ കാണാന്‍ കഴിയുന്നില്ല?  അതൊന്നു പരിശോധിക്കാം.

നക്ഷത്രം രൂപപ്പെടുന്നതിന്റെ പിന്നില്‍ തെറ്റായത്, തിന്മയായത്, പാപമായത് ഒന്നും നമുക്കു കാണാന്‍ കഴിയുന്നില്ല.  എന്നാല്‍ അവിവാഹിതയായ യുവതിയുടെ ഉദരത്തില്‍ ഒരു കുഞ്ഞു രൂപപ്പെടുന്നതിന്റെ പിന്നില്‍ വ്യഭിചാരം എന്നൊരു തിന്മ, പാപം നാം കണ്ടെത്തുന്നു.  കാരണം വ്യഭിചാരം എന്നൊരു യാഥാര്‍ത്ഥ്യം ഈ ഭൂമിയില്‍ ഉണ്ട്.  ഒരു നിമിഷം നമുക്കൊന്നു സങ്കല്‍പിക്കാം, വ്യഭിചാരം എന്നൊന്ന് ഈ ഭൂമിയില്‍ ഇല്ലായെന്ന്.  എങ്കില്‍?  കന്യകയുടെ ഉദരത്തില്‍ വളരുന്ന ശിശു ദൈവത്തിന്റെ അത്ഭുത പ്രവൃത്തി തന്നെ,  ആകാശത്തു പുതുതായി ഉണ്ടായ നക്ഷത്രം പോലെ.

ഇവിടെ നാം കണ്ടെത്തുകയാണ് ജോസഫ്‌ മറിയത്തെ സംശയിക്കാന്‍ കാരണം ലോകത്തിലെ വ്യഭിചാരം എന്നൊന്നിന്റെ സാന്നിദ്ധ്യമാണെന്ന്.  അങ്ങിനെയൊരു പാപം ജോസഫിലില്ലായിരുന്നു,  മറിയത്തിലുമില്ലായിരുന്നു.  ഉദരത്തില്‍ വളരുന്ന യേശുവിലുമില്ലായിരുന്നു.  എങ്കിലും ഈ മൂവരും സഹനത്തിലൂടെ കടന്നു പോയി, ലോകത്തില്‍ ഇങ്ങനെയൊരു തിന്മയുണ്ടായിരുന്നു എന്ന കാരണത്താല്‍.  സഹനത്തിന്റെ കാരണം പാപമാണ്.

ഒരു നക്ഷത്രത്തെ പുതുതായി സൃഷ്ടിക്കും മുമ്പു ദൈവം ജോസഫിനെ അറിയിക്കേണ്ടതില്ല;  മറിയത്തില്‍ ഒരു ശിശു രൂപം കൊള്ളൂന്നതിനു മുമ്പും.  മറിയം ജോസഫിന്റെ ഭാര്യയായിരുന്നില്ല എന്നോര്‍ക്കണം. മറിയത്തിന്റെ സമ്മതം ദൈവം നേടിയിരുന്നു എന്നതും.  ദൈവം മനുഷ്യന് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യത്തെ അവിടുന്നു മാനിക്കുന്നു.  എങ്കിലും പാപം മൂലം ഉണ്ടായ കലക്കം നീക്കാന്‍ അവിടുന്നു വചനത്തെ അയക്കുന്നു,  മാലാഖ വഴിയായി ജോസഫിനു സ്വപ്നത്തില്‍.  പാപം ഉണ്ടാക്കുന്ന കലക്കത്തില്‍ മനുഷ്യന് ഏക രക്ഷാ മാര്‍ഗ്ഗം ദൈവീക വെളിപാടാണ്,  ദൈവവചനമാണ്.

വേര്‍തിരിക്കപ്പെട്ടവര്‍

സഹനത്തിന് കാരണം പാപമാണെന്നു നാം കണ്ടു.  ആരുടെ പാപം?  അങ്ങിനെയൊരു പ്രതിയെ തേടിപ്പിടിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല.  ആരുടെയായിരുന്നാലും പാപം ലോകത്തില്‍ നിലനില്‍ക്കുമ്പോള്‍ സഹനം കൂടെ തന്നെ ഉണ്ടാകും.  പാപത്തെ ലോകത്തില്‍നിന്നും ഉച്ചാടനം ചെയ്യാതെ സഹനത്തെ ഒഴിവാക്കാനാവില്ലെന്നു സാരം.  യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടു വിശുദ്ധ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും (2 തിമോത്തി. 3/12).  ആര് പീഡിപ്പിക്കും എന്നിവിടെ പറയുന്നില്ല.  അതിനു പ്രസക്തിയില്ല.  പീഡനത്തിനു കാരണം യേശു പറയുന്നുണ്ട്.  നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്,  ഞാന്‍ നിങ്ങളെ ലോകത്തില്‍ നിന്നു തിരഞ്ഞെടുത്തതുകൊണ്ടു, ലോകം നിങ്ങളെ ദ്വേഷിക്കുന്നു...... അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍   നിങ്ങളെയും പീഡിപ്പിക്കും.(യോഹ.15/19, 20).  യേശുക്രിസ്തുവിനോട്‌ ഐക്യപ്പെടുക എന്നതു ലോകത്തിന്റേതല്ലാതായിത്തീരലാണ്.  ദൈവത്തിനു പ്രീതികരമായ പ്രവൃത്തിയാണതു.  അതു ലോകത്തിന്റെ പീഡനത്തെ ക്ഷണിച്ചു വരുത്തുന്നു.  ഇതു യേശുക്രിസ്തുവിന്റെ കാലം മുതല്‍ തുടങ്ങിയതല്ല.  പാപം ഉണ്ടായ കാലം മുതല്‍ ഉള്ളതാണ്.  ദൈവത്തിനു പ്രീതികരമായ ബലിയര്‍പ്പിച്ചു എന്ന ഏക കാരണത്താലാണ് ആബേല്‍ വധിക്കപ്പെട്ടത്.  ആബേലിന്റെ സഹനത്തിന് കാരണം കായെന്റെ അസൂയയാണെന്നു കണ്ടെത്തി അവനെ പ്രതിസ്ഥാനത്തു നിര്‍ത്താനാണ് നമുക്കു താല്പര്യം.  ആബേലിന്റെ രക്തവും മണ്ണില്‍നിന്നു ദൈവത്തോട് നിലവിളിച്ചതു കായേനെതിരെ ആയിരുന്നു.  എന്നാല്‍ ദൈവമാകട്ടെ തന്റെ അടയാളം പതിപ്പിച്ചു അവനെ സംരക്ഷിക്കാനാണ് ശ്രമിച്ചതു.  നീയെന്താണ് ചെയ്തത്?എന്ന് ചോദിച്ചുകൊണ്ട് അവന്റെ ചെയ്തിയെ (പാപത്തെ) വെറുത്ത ദൈവം പാപിയായ കായേനെ സ്നേഹിച്ചു.  (ഉല്‍.4/1-16 നോക്കുക.)  അതിന്റെ പൊരുള്‍ അവിടെ അത്ര വ്യക്തമല്ല.

എന്നാല്‍ ആബേലിന്റേതിനേക്കാള്‍ എത്രയോ ശ്രേഷ്ടമായ രക്തം പിന്നീടു ഈ മണ്ണില്‍ വീണു, കാല്‍വരിയില്‍.  അവിടെ ഇതിന്റെ പൊരുള്‍ വ്യക്തമാകുന്നു.  യേശുവിന്റെ രക്തം ദൈവത്തോട് നിലവിളിച്ചതു മറ്റൊന്നായിരുന്നു.  അവരോടു ക്ഷമിക്കണമേ;  അവര്‍ ചെയ്യുന്നതെന്തെന്നു അവര്‍ അറിയുന്നില്ല (ലൂക്ക.23/34).  യേശു അവരോടു ക്ഷമിക്കുകയായിരുന്നില്ല. അവരുടെ ദയനീയ സ്ഥിതിയില്‍ സഹതപിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയുമായിരുന്നു.  തന്നെ പീഡിപ്പിക്കുന്നവര്‍,  പാപം ചെയ്യുന്നവര്‍ തങ്ങള്‍ എന്താണു ചെയ്യുന്നതെന്നു യഥാര്‍ത്ഥത്തില്‍ അറിയുന്നില്ല.  അതു അറിയുന്നവര്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.  ആദ്യ രക്തസാക്ഷിയായ സ്തേഫാനോസും മറ്റൊരു നിലപാടല്ല തന്നെ വധിച്ചവരോട് സ്വീകരിച്ചത്.  യേശുവിനറിയാമായിരുന്നത് സ്തേഫാനോസിനും പിടികിട്ടിയിരുന്നു,  പാപികളല്ല പാപമാണ് സഹനത്തിന് കാരണമെന്ന്.  പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അവിടുന്നു ആഹ്വാനം ചെയ്തതിന്റെ പൊരുളും മറ്റൊന്നല്ല. 

നമ്മളും പീഡിപ്പിക്കപ്പെടുമ്പോള്‍ അതിനു കാരണക്കാരായി വ്യക്തികളെയോ സംഘടനകളെയോ ഒക്കെ കാണുവാനും ആ രീതിയില്‍ പ്രതികരിക്കാനുമുള്ള സാദ്ധ്യത വളരെയാണ്.   എന്നാല്‍ സഹനത്തിന് കാരണം പാപമാണെന്നറിഞ്ഞു നമ്മുടെ യുദ്ധം അതിനെതിരെ തിരിച്ചു വിടേണ്ടിയിരിക്കുന്നു.  നമ്മുടെ യുദ്ധം മാംസരക്തങ്ങള്‍ക്കെതിരെയല്ല, തിന്മയ്ക്കെതിരെയാണ്.  പാപത്തെ നശിപ്പിക്കാനാണ് യേശു ബലിയര്‍പ്പിച്ചത്.(ഹെബ്രാ.9/26 നോക്കുക)  പാപം പൂര്‍ണ്ണമായി നശിപ്പിക്കപ്പെടുന്നതിലൂടെയേ സഹനം ഇല്ലാതെയാവുകയുള്ളു.  ദൈവരാജ്യത്തിന്റെ പൂര്‍ണ്ണതയിലാണ് പാപം ഇല്ലാതെയാകുന്നതു.  അതുകൊണ്ട് സഹനത്തിനെതിരെയുള്ള നമ്മുടെ സമരം എത്തിനില്കേണ്ടത്  അങ്ങയുടെ രാജ്യം വരണമേ എന്ന പ്രാര്‍ത്ഥനയിലും അതു യാഥാര്‍ത്ഥ്യവല്ക്കരിക്കുന്നതിനായുള്ള പ്രവൃത്തിയിലുമാണ്.

 

(ശാലോം ടൈംസ് 2001 ആഗസ്റ്റു ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്) 

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!       

Comments