മറിയം - പന്തക്കുസ്തായുടെ അമ്മ

 മറിയം - പന്തക്കുസ്തായുടെ അമ്മ


You can hear the audio            
ഈലേഖനം കേള്‍ക്കാം Click here ഇവിടെ ക്ലിക്ക് ചെയ്യുക


‘ഉന്നതത്തില്‍ നിന്നു ശക്തി ധരിയ്ക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിയ്ക്കുവിന്‍' എന്ന ഗുരുവിന്റെ ആജ്ഞ ശിരസിലേറ്റി മേല്‍മുറിയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന ക്രിസ്തുശിഷ്യരോടൊപ്പം മറിയവുമുണ്ടായിരുന്നെന്നതു് നടപടിപ്പുസ്തകത്തില്‍ ലൂക്കാ നല്‍കുന്ന സാക്ഷ്യം. പതിനൊന്നു അപ്പസേ്താലരും പന്ത്രണ്ടാം സ്ഥാനത്തേയ്ക്കു് നറുക്കില്‍ വന്ന രണ്ടുപേരും അല്ലാതെ അവിടെ കൂടിയ നൂറ്റിയിരുപതുപേരില്‍ പേരെടുത്തു പരാമര്‍ശിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഏകവ്യക്തി-മറിയം. `യോഹന്നാന്റെ സ്‌നാനം മുതല്‍ നമ്മില്‍ നിന്നു് ഉന്നതങ്ങളിലേയ്ക്കു് സംവഹിയ്ക്കപ്പെട്ട നാള്‍വരെ യേശു നമ്മോടൊപ്പം സഞ്ചരിച്ചിരുന്ന കാലം മുഴുവനും നമ്മുടെ കൂടെയുണ്ടായിരുന്നവരില്‍ ഒരുവന്‍' എന്നതായിരുന്നു അപ്പസേ്താലരിലൊരാളായി എണ്ണപ്പെടാനുള്ള അവശ്യയോഗ്യത. എങ്കില്‍ മംഗലവാര്‍ത്താദിനം മുതല്‍ യേശുരഹസ്യ ത്തിന്റെ ഉള്ളുകള്ളികള്‍ ഏറ്റം അടുത്തു നിന്നു് കണ്ടറിഞ്ഞ മറിയത്തിന്റെ യോഗ്യത എത്രയധികം. തന്റെ മാതൃത്വ, സാഹോദര്യ, ശിഷ്യത്വ ബന്ധങ്ങള്‍ക്കിടയില്‍ അഭേദം കല്പിച്ചുകൊണ്ടു് യേശു അതിനൊരു നിര്‍വ്വചനം കല്പിച്ചരുളി `സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവന്‍' (മത്തായി 12/50). `ഇതാ കര്‍ത്താവിന്റെ ദാസി! നിന്റെ വാക്കു് എന്നില്‍ നിറവേറട്ടെ!' എന്ന ഒരിയ്ക്കലും പിന്‍വലിയ്ക്കാത്ത, ഒട്ടും കുറവില്ലാത്ത സമര്‍പ്പണത്തിലൂടെ ആ പിതാവിന്റെ ഇഷ്ടം സ്വജീവിതത്തിലേയ്ക്കു് പൂര്‍ണ്ണമായി ഏറ്റുവാങ്ങിക്കൊണ്ടു് മറിയം നേടിയതു് ദൈവമാതൃത്വത്തോടൊപ്പം ക്രിസ്തു ശിഷ്യത്വവും. അവള്‍ ആ മേല്‍മുറിയില്‍ ഉണ്ടായിരിയ്ക്കാന്‍ തികച്ചും യോഗ്യ.

 പഴയനിയമ കാലത്തു് എത്രയോ പേര്‍ക്കു് ദൈവാത്മാവിന്റെ അഭിഷേകം ലഭിച്ചിട്ടുള്ളതായി നാം വായിയ്ക്കുന്നുണ്ടു്. മോശയും നേതാക്കന്മാരും, സാംസണ്‍ തുടങ്ങിയ ന്യായാധിപന്മാരും, ഏലിയാ, ഏശയ്യാ തുടങ്ങിയ പ്രവാചകന്മാരും മാത്രമല്ല ബാലനായ ദാനിയേല്‍ വരെ ആത്മാവിന്റെ അഭിഷേകം ഏറ്റുവാങ്ങിയവരുടെ പട്ടികയിലുണ്ടു്. ഇവര്‍ക്കൊക്കെ ആത്മാവു നല്കപ്പെട്ടതു് ഓരോ ദൗത്യനിര്‍വ്വഹണത്തിനുള്ള അഭിഷേകമായിട്ടായിരുന്നു. നൂറ്റിയിരുപതോളം പേര്‍ പ്രാര്‍ത്ഥനായോഗം കൂടിയിരുന്ന മേല്‍മുറിയില്‍ പന്തക്കുസ്താ ദിവസം സംഭവിച്ചതു് പക്ഷേ, വ്യത്യസ്തമായ ഒന്നായിരുന്നു. ഒരു ദൗത്യനിര്‍വ്വഹണത്തിനുള്ള അഭിഷേകമെന്നതിനുപരി ക്രിസ്തുവിന്റെ ശരീരം - സഭാശരീരം - രൂപപ്പെടുന്ന സംഭവം. (സഭയെ ഏതുവിധേനയും പീഡിപ്പിയ്ക്കണമെന്നുറപ്പിയ്ക്കാന്‍ തക്കവിധം സ്വമതതീഷ്ണതയാല്‍ ജ്വലിച്ചിരുന്ന കണ്ണുകളെ, അന്ധമാക്കിക്കളഞ്ഞ ഉജ്ജ്വല പ്രകാശത്തിനു പിന്നാലെ ഉണ്ടായ സ്വരം സാവൂളിനെ സ്വയം പരിചയപ്പെടുത്തിയതു് ഇങ്ങനെ: `നീ പീഡിപ്പിയ്ക്കുന്ന യേശുവാണു ഞാന്‍.' പൗലോസായി രൂപാന്തരപ്പെട്ട സാവൂള്‍ പിന്നീടു സാക്ഷ്യപ്പെടുത്തുന്നു: ശിരസ്സായ ക്രിസ്തുവിന്റെ ശരീരമാണു് സഭ.) ക്രിസ്തുവിന്റെ സഭാശരീരം രൂപപ്പെടുന്ന ആ വലിയ അഭിഷേക സമയത്തു് ആകാശത്തുനിന്നും വലിയ കൊടുങ്കാറ്റടിയ്ക്കുന്നതു പോലുള്ള സ്വരമുണ്ടായി. അതു് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു. അഗ്നി ജ്വാലകള്‍ പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയും മേല്‍ വന്നു നില്ക്കുന്നതായി അവര്‍ കണ്ടു. എന്നാല്‍, ഇതിനും മൂന്നു പതിറ്റാണ്ടുകള്‍ക്കുമപ്പുറം ഒരു ഭവനത്തിലെ ഏകാന്തതയില്‍ ഒരു കന്യകയില്‍ ഇതേ ആത്മാവു് ആവസിച്ചു; വചനം മാംസം ധരിച്ചു - ആത്മാവു് ആവസിച്ചു എന്നു് ദൈവവചനം പോലും പറയാത്തത്ര നിശബ്ദതയില്‍, പ്രശാന്തതയില്‍. ആ കന്യക മറിയമായിരുന്നു - ആദ്യ പന്തക്കുസ്താനുഭവം അവള്‍ക്കുള്ളതായിരുന്നു. ആ അനുഭവപരിചയമുള്ള മറിയം, വീണ്ടും ഒരിയ്ക്കല്‍ക്കൂടി വചനം മാംസം ധരിയ്ക്കുന്ന വേളയില്‍ അവിടെ ഉണ്ടായിരിയ്ക്കുന്നതു് തികച്ചും ന്യായംമാത്രമല്ല, അവശ്യം ആവശ്യവുമായിരുന്നു.

 `ആ ദിവസങ്ങളില്‍, മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേയ്ക്കു് തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു.'(ലൂക്കാ 1/39) ആ വാഗ്പ്രയോഗം തന്നെ വ്യക്തമാക്കുന്നു, ഏതോ അത്യാവശ്യ ദൗത്യവുമായുള്ള യാത്രയാണതു്. എന്താണാ ദൗത്യം? എലിസബത്തു് ആറുമാസം ഗര്‍ഭിണിയാണെന്ന ദൂതന്റെ വാക്കു് ശരിയോ എന്നു പരിശോധിയ്ക്കാനുള്ള യാത്രയാണോ ഇതു്? ആവാന്‍ വഴിയില്ല. അങ്ങനെ ഒരു പരിശോധന ആവശ്യമായിരുന്നെങ്കില്‍ അതു് `ഇതാ! കര്‍ത്താവിന്റെ ദാസി!' പറയുംമുമ്പു വേണ്ടിയിരുന്നു. അതിനു ശേഷം അതിനെന്തു പ്രസക്തി? അല്ലെങ്കില്‍ത്തന്നെ പരിശുദ്ധാത്മാവു നിറഞ്ഞ എലിസബത്തു് മറിയത്തോടു പറഞ്ഞതു് `കര്‍ത്താവു് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നു് വിശ്വസിച്ചവള്‍ ഭാഗ്യവതി' എന്നായിരുന്നല്ലൊ; അല്ലാതെ `പരിശോധിച്ചവള്‍' ഭാഗ്യവതി എന്നായിരുന്നില്ലല്ലൊ. ജപമാലയിലെ സന്തോഷത്തിന്റെ രണ്ടാം രഹസ്യത്തിലെ `മൂന്നുമാസത്തോളം ശുശ്രൂഷിച്ചു' എന്ന പ്രയോഗത്തിനു പിന്‍പറ്റി `പണ്ടേ ദുര്‍ബ്ബല പിന്നെയോ ഗര്‍ഭിണി' എന്നമട്ടില്‍ വാര്‍ദ്ധക്യത്തില്‍ ഗര്‍ഭഭാരം കൂടി ചുമക്കുന്ന എലിസബത്തിനു് പരിചാരകവൃത്തി ചെയ്യാനാണീ തിടുക്കത്തിലുള്ള യാത്രയെന്നു കരുതാമോ? പ്രസക്തമായ ദൈവവചന ഭാഗത്തു് (ലൂക്കാ 1/39-56) മറിയം ചെയ്തിരുന്നേക്കാവുന്ന അത്തരം ശുശ്രൂഷകളെക്കുറിച്ചു് യാതൊരു പരാമര്‍ശവുമില്ലെന്നു മാത്രമല്ല ശുശ്രൂഷ, സേവനം എന്നിങ്ങനെ അര്‍ത്ഥം വരാവുന്ന വാക്കുകളൊക്കെ ഒഴിവാക്കിയിരിയ്ക്കുന്നു എന്നതില്‍ നിന്നു് വചനം നമ്മുടെ ശ്രദ്ധയെ മറ്റെങ്ങോട്ടോ ക്ഷണിയ്ക്കുന്നു എന്ന സൂചന കൂടി ലഭിയ്ക്കുന്നു. പ്രസ്തുത ഭാഗത്തു് ആകെ പരാമര്‍ശിയ്ക്കപ്പെടുന്നതു് അവളെ മുന്‍നിര്‍ത്തി അരങ്ങേറിയ ഒരേയൊരു സംഭവവും അതിന്റെ അനുരണനങ്ങളും തുടര്‍ചലനങ്ങളും മാത്രമാണു്. അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ നടക്കുന്ന സ്‌നാപകയോഹന്നാന്റെ പരിശുദ്ധാത്മസ്‌നാനമാണതു് - സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ ഏറ്റം വലിയവനായി അയാളെ മാറ്റിയ മഹത്സംഭവം. അതു തന്നെയായിരുന്നില്ലേ അവള്‍ക്കു ലഭിച്ച ആദ്യ പരിശുദ്ധാത്മനിയോഗവും? പരിശുദ്ധാത്മാവുനിറഞ്ഞ യേശുവിനെ പിശാചിനാല്‍ പരീക്ഷിയ്ക്കപ്പെടുന്നതിനായി ആത്മാവു് മരുഭൂമിയിലേയ്ക്കു് നയിച്ചു; മറിയത്തെയാകട്ടെ, പരിശുദ്ധാത്മാവിനെ പകര്‍ന്നു കൊടുക്കുന്നതിനായി എലിസബത്തിന്റെയടുക്കലേയ്ക്കു് അയയ്ക്കുന്നു. `കാറ്റു് അതിനിഷ്ടമുള്ളിടത്തേയ്ക്കു വീശുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അതു് എവിടെ നിന്നു് വരുന്നുവെന്നോ എവിടേയ്ക്കു പോകുന്നുവെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണു് ആത്മാവില്‍ നിന്നു് ജനിയ്ക്കുന്ന ഏവനും.' (യോഹ. 3/8) തന്നെ ഏല്പിച്ചിരിയ്ക്കുന്ന ദൗത്യം കൃത്യമായി ഇതാണെന്നറിഞ്ഞു കൊണ്ടുതന്നെയാവുമോ മറിയം യാത്ര പുറപ്പെട്ടതു്? നിര്‍ബ്ബന്ധമില്ല. ഗാസായിലേയ്ക്കുള്ള പാതയിലെത്താന്‍ നിര്‍ദ്ദേശം എന്തിനെന്നു് ഒരറിവും പീലിപ്പോസിനില്ലായിരുന്നു. ആകെ അയാള്‍ക്കറിയാവുന്നതു് അതു വിജനമായൊരു പാതയാണെന്നുമാത്രമായിരുന്നു. എന്നിട്ടും ആ നിര്‍ദ്ദേശം അയാള്‍ അനുസരിച്ചു. (അ.പ്ര.8/26 മുതല്‍ നോക്കുക). എത്യോപ്യാക്കാരന്റെ മാനസാന്തരമൊക്കെ അവിടെ നടക്കുന്നു. ആത്മനിയോഗമനുസരിച്ചു് എലിസബത്തിന്റെ അടുത്തെത്തുന്ന മറിയത്തിന്റെ അഭിവാദന സ്വരത്തെത്തന്നെ മാദ്ധ്യമമാക്കിക്കൊണ്ടു് ആത്മാവു് സ്‌നാപകനെ സ്‌നാനപ്പെടുത്തുന്നു. അങ്ങനെ ജനിയ്ക്കും മുമ്പു തന്നെ ആത്മാഭിഷേകം നേടിയ ആദ്യത്തെ ആള്‍ എന്ന ബഹുമതി അയാള്‍ സ്വന്തമാക്കുന്നു. പരിശുദ്ധാത്മാവിനെ മറ്റുള്ളവരിലേയ്ക്കു് പകര്‍ത്തിക്കൊടുക്കാനുള്ള ഒരു ദൈവവിളി, ഒരു `വരം' മറിയത്തിനുണ്ടെന്നു് ഇവിടെ വെളിവാകുന്നു. കാത്തിരിപ്പിന്റെ ആ പത്തു നാളുകളില്‍ ഇങ്ങനെ ഒരാളുടെ സാന്നിദ്ധ്യം പരിശുദ്ധാത്മാവിനെ സ്വീകരിയ്ക്കുന്നതിനു് ശിഷ്യന്മാര്‍ക്കു് എത്രയധികം സഹായകമായിരിയ്ക്കും!

 പ്രവചനങ്ങളും വെളിപാടും ഒഴിവാക്കിയാല്‍, ദൈവവചനത്തില്‍ മറിയത്തെ ആദ്യമായി കാണുന്നതു് മംഗലവാര്‍ത്തയുടെ - ആത്മാഭിഷേകത്താല്‍ വചനം മാംസം ധരിയ്ക്കുന്ന - രംഗത്തും അവസാനമായി അവളെ കാണുന്നതു് മറ്റൊരു ആത്മാഭിഷേകത്താല്‍ ഒരിയ്ക്കല്‍ക്കൂടി വചനം മാംസം ധരിയ്ക്കുന്ന - സഭ രൂപം കൊള്ളുന്ന അവസരത്തിലമാണെന്നതു് പ്രത്യേക ശ്രദ്ധ അര്‍ഹിയ്ക്കുന്നു. അതിനപ്പുറവും ഇപ്പുറവുമുള്ള കാര്യങ്ങള്‍ സഭാപാരമ്പര്യത്തില്‍ നിന്നും നാം മനസ്സിലാക്കുന്നു എങ്കിലും ദൈവവചനം ആ ഭാഗം ഒഴിവാക്കുന്നു. പരിശുദ്ധാത്മാഭിഷേകവുമായി ബന്ധപ്പെട്ട ഒരാളായാണു് വചനം മറിയത്തെ അവതരിപ്പിയ്ക്കുന്നതെന്നു വ്യക്തം.

 കുരിശിന്‍ ചുവട്ടില്‍ നിന്ന പ്രീയ ശിഷ്യന്‍ യോഹന്നാനോടു് ഇതാ! നിന്റെ അമ്മ എന്നു് കുരിശില്‍ നിന്നു് അരുളപ്പാടുണ്ടായപ്പോള്‍ മറിയം എല്ലാ ക്രിസ്തു ശിഷ്യരുടെയും അമ്മയായി. പക്ഷേ, അതു് വാഗ്ദാനത്തിന്റെ തലത്തില്‍ നില്ക്കുന്നതേയുള്ളുവെന്നു വ്യക്തം. ആത്മാവില്‍ നിന്നു ജനിച്ചവന്റെ സഹോദരങ്ങള്‍ ആത്മാവില്‍ നിന്നു ജനിച്ചവരാണു്. പന്തക്കുസ്താദിനത്തിലാണു് ശിഷ്യന്മാര്‍ ആ വീണ്ടും ജനനത്തിലേയെ്ക്കത്തുന്നതു്. അപ്പോഴാണു് അവര്‍ യേശുവിന്റെ സഹോദരങ്ങളാകുന്നതു്; യേശുവിന്റെ അമ്മ അവരുടെയും അമ്മയാകുന്നതു്. കുരിശിന്‍ ചുവട്ടിലെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നതു് പന്തക്കുസ്താനാളിലാണെന്നു സാരം.

 ആദ്യപാപത്താല്‍ മരണത്തിന്റെ പിടിയിലായ മനുഷ്യനു ലഭിച്ച വാഗ്ദാനമായിരുന്നു സ്ത്രീയുടെ സന്തതിയിലൂടെയുള്ള ശാപമോക്ഷം. ആ സ്ത്രീ സ്വന്തം ഭാര്യയാണെന്നും അവളുടെ സന്തതിയിലൂടെ ജീവനിലേയ്ക്കു പ്രവേശിയ്ക്കാമെന്നും പ്രതീക്ഷിച്ചു് പാവം ആദം അവളെ ജീവനുള്ളവരുടെയെല്ലാം അമ്മ എന്ന അര്‍ത്ഥത്തില്‍ ഹവ്വ എന്നുവിളിച്ചു. സ്ത്രീയും അതുതന്നെ കരുതി. അവള്‍ തന്റെ ആദ്യ സന്താനത്തെ, അവനെ എനിയ്ക്കു കിട്ടി എന്ന അര്‍ത്ഥത്തില്‍ കായേന്‍ എന്നു വിളിച്ചു. പക്ഷേ, അവന്‍ ജീവന്‍ തിരികെ നേടിയില്ലെന്നു മാത്രമല്ല, ആദ്യ കൊലപാതകിയാവുകയും ചെയ്തു. നിത്യ ജീവനും പറുദീസയും തിരികെ നേടിത്തന്ന സ്ത്രീസന്താനം യേശുവാണു്. അവന്റെ അമ്മയായ മറിയം അങ്ങനെ ജീവനുള്ളവരുടെയെല്ലാം അമ്മ എന്ന പേരിനു് യഥാര്‍ത്ഥ്യത്തില്‍ അര്‍ഹയാവുകയും ചെയ്തു.

 പരിശുദ്ധ മറിയത്തിനു നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം നാം പരിശോധിയ്ക്കുകയായിരുന്നു. നാം പന്തക്കുസ്താമക്കളാണെങ്കില്‍, വീണ്ടും ജനിച്ചവരാണെങ്കില്‍ പ. മറിയം നമ്മുടെ അമ്മയാണു്; കാരണം, മറിയം പന്തക്കുസ്തായുടെ അമ്മയാണു്. മരണത്തിന്റെ ആധിപത്യത്തില്‍ നിന്നു് രക്ഷിയ്ക്കപ്പെട്ടു് ജീവന്റെ പുസ്തകത്തില്‍ പേരഴുതപ്പെട്ടവരാണോ നമ്മള്‍? എങ്കില്‍ പ.മറിയം നമ്മുടെ അമ്മയാണു്; കാരണം പ. മറിയം ജീവനുള്ളവരുടെയെല്ലാം അമ്മയാണു്.

 ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു് ഞങ്ങള്‍ യോഗ്യരാകുവാന്‍ പ. ദൈവമാതാവേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിയ്ക്കണമേ.


ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!       

Comments