ഞാൻ ക്രിസ്ത്യാനി അല്ല

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

ഞാൻ ക്രിസ്ത്യാനി അല്ല


സെമിനാരിയിൽ ക്ലാസ്സിനു പോകുന്ന അവസരത്തിൽ വെയിലത്ത് ഒരു കുടയുടെ തണലിലിരുന്നു കക്കയിറച്ചി വിൽക്കുന്ന ഒരു സ്ത്രീ ആ വൈദികന്റെ ശ്രദ്ധയിൽപ്പെട്ടു. കക്കയിറച്ചി വാങ്ങാൻ ആളു വരുമ്പോൾ ഒഴികെ വഴിയരികിലിരുന്ന് അവർ കൊന്ത ചൊല്ലുകയായിരിക്കും. ഒരുദിവസം അങ്ങനെ എത്ര ജപമാല ചൊല്ലുന്നുണ്ടോ?  അറിയില്ല.
ഒരു ദിവസം വണ്ടി നിർത്തി അവരോടൊന്ന് സംസാരിച്ചാല്‍ കൊള്ളാം എന്ന് അദ്ദേഹത്തിനു തോന്നി. ക്ലാസ്സ് കഴിഞ്ഞു പോരുന്ന വഴി അച്ചൻ സ്വയം പരിചയപ്പെടുത്തിയിട്ടു പറഞ്ഞു: ഞാൻ ദിവസവും ഇതിലെ പോകുമ്പോൾ നിങ്ങളെ കാണാറുണ്ട്. കൈയിൽ ജപമാലയുണ്ട്. കഴുത്തിലും ജപമാല അണിഞ്ഞിട്ടുണ്ടല്ലോ. പേരെന്താണ്?  
വിജയമ്മ. ഞാൻ ക്രിസ്ത്യാനിയല്ല.  
പിന്നെ കൊന്ത ചൊല്ലുന്നത്?
കൊന്ത എനിക്കേറ്റം ഇഷ്ടമുള്ള പ്രാർത്ഥനയാണ്.  മാതാവിൽ എനിക്ക് വലിയ വിശ്വാസമാണ്. എന്നെ സഹായിക്കുന്നത് ഈശോയും മാതാവും ഒക്കെയാണ്.
പലരും എന്നോട് പ്രാർത്ഥന ചോദിക്കാറുണ്ട്. ഞാൻ അവർക്കുവേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കും. പ്രാർത്ഥിച്ച കാര്യം സാധിച്ചതായി അവർ വന്നു പറയാറുണ്ട്. എൻറെ കയ്യിൽ ഇവരെല്ലാം ഉണ്ടച്ചാ. ഇത് പറഞ്ഞ് ഒരു ബാഗു തുറന്നു.  ഈശോ, മാതാവ്, യൌസേപ്പിതാവ്,  അന്തോണീസു പുണ്യവാളന്‍  എന്നിവരുടെ കൊച്ചു തിരുസ്വരൂപങ്ങൾ കാണിച്ചുതന്നു. ചില പ്രാർത്ഥനപ്പുസ്തകങ്ങളും കാണിച്ചു. ജപമാല ഇല്ലാതെ എൻറെ അടുത്ത് വരുന്നവർക്ക് ഞാൻ പൈസ ഒന്നും വാങ്ങാതെ ജപമാല കൊടുക്കാറുണ്ട്.  അച്ചനു അവരെ കുറിച്ച് അഭിമാനം തോന്നി.
ഇതുപോലുള്ള വിശ്വാസം ഇസ്രായേലിൽ പോലും ഞാൻ കണ്ടിട്ടില്ല എന്ന് വിജാതീയനായ ശതാധിപനെക്കുറിച്ചു പറഞ്ഞ യേശുവിനു വിജയമ്മയുടെ കാര്യത്തിലും ഇതുതന്നെ ആവില്ലേ പറയാനുള്ളത്?
 

ഇഷ്ടപ്പെട്ടെങ്കില്‍ Subscribe  ചെയ്യൂ.

 

Comments